'ചാരക്കേസിനെക്കുറിച്ചുള്ള എന്റെ ഉത്തമബോധ്യമാണ് എഴുതിയത്'; 'പത്ര'ത്തിലെ ആ ഡയലോഗുകളെക്കുറിച്ച് രഞ്ജി പണിക്കര്‍
Movie Day
'ചാരക്കേസിനെക്കുറിച്ചുള്ള എന്റെ ഉത്തമബോധ്യമാണ് എഴുതിയത്'; 'പത്ര'ത്തിലെ ആ ഡയലോഗുകളെക്കുറിച്ച് രഞ്ജി പണിക്കര്‍
അലി ഹൈദര്‍
Saturday, 15th September 2018, 2:31 pm

ചാരക്കേസിനെക്കുറിച്ചുള്ള എന്റെ ബോധ്യമാണ് “പത്രം” എന്ന ചിത്രത്തില്‍ താനെഴുതിയതെന്ന് നടനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കര്‍. ആ നിലയ്ക്ക് തന്നെയാണ് ഞാനതിനെ കാണുന്നതെന്നും അദ്ദേഹം ഡൂള്‍ന്യൂസിനോടു പറഞ്ഞു.

“ഞാനാ സിനിമയില്‍ എന്റെ ബോധ്യമാണ് എഴുതിയത്. ആ നിലയ്ക്ക് തന്നെയാണ് ഞാനതിനെ കാണുന്നത്. എന്റെ ബോധ്യം ഉത്തമബോധ്യം എന്നു ഞാന്‍ വിചാരിക്കുന്നു. അത് തെറ്റാണെങ്കില്‍ അത് തെളിയിക്കപ്പെടട്ടെ.” അദ്ദേഹം പറഞ്ഞു.

ചാരക്കേസുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയ്ക്കു പിന്നാലെ മാധ്യമങ്ങള്‍ക്ക് കിട്ടിയ സര്‍ക്കുലേഷന്‍ ബോംബാണ് ചാരക്കേസെന്ന് കൃത്യമായി പറയുന്ന ചിത്രമായിരുന്നു രഞ്ജി പണിക്കറിന്റെ “പത്രം” എന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ അഭിപ്രായം ഉയര്‍ന്നിരുന്നു. ഇതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Also Read:എന്തിന് എന്റെ മകനെ കൊന്നു; ദുരഭിമാനക്കൊലയ്ക്ക് ഇരയായ ദളിത് യുവാവ് പ്രണയുടെ അച്ഛന്‍ ചോദിക്കുന്നു

“അന്ന് അതുമായി ബന്ധപ്പെട്ട ഒരു രാഷ്ട്രീയ ഗൂഢാലോചനയുണ്ടായിരുന്നു. പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ അത്യുത്സാഹത്തില്‍ കെട്ടിച്ചമച്ച കേസ് എന്നാണ് അന്ന് സി.ബി.ഐ സുപ്രീം കോടതിയില്‍ കൊടുത്തിരിക്കുന്ന സ്‌പെഷ്യല്‍ പെറ്റീഷനില്‍ പറഞ്ഞിരിക്കുന്നത് എന്നാണ് ഞാന്‍ മനസിലാക്കുന്നത്.” അദ്ദേഹം പറയുന്നു.

ആ കേസിന് അതിനില്ലാത്ത ഒരു ഡയമെന്‍ഷന്‍ ഉണ്ടാക്കിയെടുത്തത് ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് താന്‍ വിശ്വസിക്കുന്നത്. അങ്ങനെയൊരു ഗൂഢോലോചന നടന്നിട്ടുണ്ടെങ്കില്‍ അതും പുറത്തുകൊണ്ടുവരേണ്ടതുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

“ആ കേസിന് ഇല്ലാത്തൊരു ഡയമെന്‍ഷന്‍ ഉണ്ടാക്കിയത് ഒരു ഗൂഢാലോചനയുടെ ഭാഗമാണെന്നു തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്. അന്ന് ആ മാനത്തിലേക്ക് അതിനെ വളര്‍ത്തി സെന്‍സേഷണലൈസ് ചെയ്തതില്‍ ഇവിടുത്തെ മാധ്യമങ്ങള്‍ക്ക് പങ്കുണ്ട്. ആ ഗൂഢാലോചനയില്‍ എത്രമാത്രം പങ്കുണ്ട് എന്നുള്ളത് അന്വേഷിച്ച് പുറത്തുകൊണ്ടുവരേണ്ട കാര്യവുമാണ്. അങ്ങനെയൊരു പങ്ക് മാധ്യമങ്ങള്‍ക്ക് ഉണ്ടെങ്കില്‍, അങ്ങനെയൊരു പങ്ക് അന്നത്തെ കാലത്തെ രാഷ്ട്രീയ നേതൃത്വത്തിനുണ്ടെങ്കില്‍, ആ ഗൂഢാലോചനയില്‍ അവരാരെങ്കിലുമൊക്കെ പങ്കുചേര്‍ന്നിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും അതൊക്കെ പുറത്തുകൊണ്ടുവരേണ്ടതാണ്. കാരണം കേരള രാഷ്ട്രീയത്തില്‍ ദൂരവ്യാപകമായ ആഘാതങ്ങളുണ്ടാക്കിയ ഒരു സംഭവമാണത്. അതിനേക്കാള്‍ ഉപരി ഒന്നിലധികം വ്യക്തികളുടെ ജീവിതം പൂര്‍ണമായും നശിപ്പിച്ചുകളഞ്ഞ കേസാണത്.” രഞ്ജി പണിക്കര്‍ പറയുന്നു.

Also Read:ബലാത്സംഗങ്ങള്‍ വര്‍ധിക്കാന്‍ കാരണം തൊഴിലില്ലായ്മ ; വിവാദ പ്രസ്താവനയുമായി ബി.ജെ.പി വനിത എം.എല്‍.എ

പത്രം എന്ന ചിത്രത്തിലെ “ഇല്ലാത്ത ചാരസുന്ദരിയുടെ കിടക്കവിരിയില്‍ എത്രപേരുടെ വിയര്‍പ്പിറ്റു… എത്രതുള്ളി രേതസ്സുറ്റു എന്നതിന്റെ കണക്കെടുക്കുന്ന stinking, sickening, repulsive investigative റിപ്പോര്‍ട്ടുകള്‍കൊണ്ട് സര്‍ക്കുലേഷന്‍ ഭൂം ഉണ്ടാക്കുന്ന പത്രധര്‍മ്മത്തിന്റെ പടുന്യായങ്ങള്‍ എനിക്ക് മനസിലാവില്ല. For they are too tough for my convictions to grasp.. for they are too difficult for my conscience to digest ” എന്ന സംഭാഷണമാണ് ഇത്തരമൊരു ചര്‍ച്ചകള്‍ക്ക് വഴിവെച്ചത്.

അലി ഹൈദര്‍
മാധ്യമപ്രവര്‍ത്തകന്‍