[]കൊച്ചി: തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജിപണിക്കരുടെ കമ്പനി ചിറ്റൂരിലെ ചേരനെല്ലൂര്‍ പഞ്ചായത്തില്‍ നികത്തിയത് 10 ഏക്കര്‍ പാടാം.
പരിസ്ഥിതി പ്രാധാന്യമുള്ള നിലമാണ് വ്യാപകമായി നികത്തിയത്. സംഭവം വിവാദമായതോടെ കളക്ടര്‍ ഷെയ്ഖ് പരീത് കമ്പനിയില്‍ നിന്നും വിശദീകരണം തേടിയിട്ടുണ്ട്.
വോയിസ് തോട്ട് കമ്മ്യൂണിക്കേഷന്‍, കൊച്ചിന്‍ റിച്ച് പ്രോപ്പര്‍ട്ടീസ്, കൊച്ചിന്‍ സൈബര്‍ സഫയര്‍ പ്രോപര്‍ട്ടീസ് എന്നീ സ്ഥാപനത്തിനാണ് ഈ ഭൂമിയുടെ ഉടമസ്ഥാവകാശം. ഈ കമ്പനികളുടെയെല്ലാം ഡയരക്ടര്‍ രജ്ഞി പണിക്കരാണ്.
ഡാറ്റാ ബാങ്ക് പ്രകാരം ഇത് നിലമാണ്. 2006 ല്‍ ചേരാനെല്ലൂര്‍ വില്ലേജ് ഓഫീസര്‍ നിലം നികത്തുന്നത് നിരോധിച്ച് ഉത്തരവ് ഇറക്കിയിരുന്നു. എന്നാല്‍ ഈ ഉത്തരവ് കാറ്റില്‍ പറത്തിയാണ് സ്വകാര്യ കമ്പനികളുടെ ഈ പ്രവര്‍ത്തി.
നിലം നികത്തുന്നത് നിര്‍ത്തിവെക്കണമെന്ന് കാണിച്ച് ജൂണ്‍ 11 ന് കമ്പനിക്ക് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഇതില്‍ മറുപടിയൊന്നും കാണാത്തതിനെ തുടര്‍ന്ന് വില്ലേജ് ഓഫീസര്‍ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയായിരുന്നു.
ഭൂമിയുടെ ഘടനമാറ്റം നിയമവിരുദ്ധമാണെന്നും പ്രദേശം പൂര്‍വസ്ഥിതിയിലാക്കണമെന്നും കാണിച്ച് കളക്ടര്‍ കമ്പനിക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചെങ്കിലും അതിനും മറുപടി നല്‍കിയില്ല.
നെല്‍വയല്‍ തണ്ണീര്‍തട പ്രദേശമാണ് ഇവയെല്ലാം. അതുകൊണ്ടു തന്നെ നെല്‍വയല്‍ തണ്ണീര്‍തട സംരക്ഷണ നിയമം 2008 ലെ 13 ാം വകുപ്പ് പ്രകാരം സ്ഥലമുടമ തന്റെ ഭാഗം വിശദീകരിക്കണമെന്ന് കാണിച്ചാണ് കളക്ടര്‍ കത്ത് നല്‍കിയിരിക്കുന്നത്.
ചെന്നൈ ആസ്ഥാനമായുള്ള പാരറ്റ്േ്രഗ എന്ന സ്ഥാപനത്തിന്റെ ഉപകമ്പനികളാണ് രഞ്ജിപണിക്കരുടേത്.
മൂലമ്പളി പുഴവഴിയും ചിറ്റൂര്‍ പുഴയില്‍ നിന്നുംചെളി കൊണ്ട് വന്നാണ് നിലം നികത്തുന്നത്. വാഹനം കടന്നുപോകാന്‍ കഴിയാത്ത സ്ഥലമായതിനാല്‍ പുഴയിലൂടെ തോണിയിലാണ് ചെളി കൊണ്ടുവരുന്നത്.
ഇത് നാട്ടുകാര്‍ തടഞ്ഞപ്പോള്‍ മോട്ടോര്‍ ഉപയോഗിച്ച് പുഴയിലെ വെള്ളം മുഴുവന്‍ വറ്റിക്കുകയാണ് ഇപ്പോള്‍ കമ്പനി ചെയ്യുന്നതെന്നും നാട്ടുകാര്‍ ആരോപിക്കുന്നത്.