Entertainment
മമ്മൂട്ടിയുടെ സീനില്‍ ആളുകള്‍ കയ്യടിച്ചില്ലെങ്കില്‍ നീ എന്നെ അടിച്ചോളൂവെന്ന് ഷാജി; എന്നാല്‍ അത് തരംഗമായി: രണ്‍ജി പണിക്കര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Feb 10, 05:25 am
Monday, 10th February 2025, 10:55 am

രണ്‍ജി പണിക്കറിന്റെ രചനയില്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രമായിരുന്നു ദി കിംഗ്. മാക് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം. അലി നിര്‍മിച്ച ചിത്രം 1995ലായിരുന്നു റിലീസ് ചെയ്തത്. മമ്മൂട്ടി ഏറെ ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ച ഒരു ചിത്രം കൂടിയായിരുന്നു ദി കിംഗ്.

സിനിമയില്‍ ജോസഫ് അലക്‌സ് എന്ന കളക്ടര്‍ വേഷത്തിലാണ് മമ്മൂട്ടി എത്തിയത്. ഇപ്പോള്‍ ദി കിംഗിനെ കുറിച്ചും സംവിധായകന്‍ ഷാജി കൈലാസിനെ കുറിച്ചും പറയുകയാണ് രണ്‍ജി പണിക്കര്‍. സിനിമയില്‍ മമ്മൂട്ടി ഇടക്ക് കൈ കൊണ്ട് മുടി പിന്നിലേക്ക് ആക്കുന്ന ചേഷ്ട കാണിക്കുന്നുണ്ട്

എന്നാല്‍ തന്നെ സംബന്ധിച്ചിടത്തോളം ജോസഫ് അലക്‌സ് അങ്ങനെയൊരു ചേഷ്ട കാണിക്കുന്നത് തനിക്ക് സങ്കല്‍പ്പിക്കാന്‍ പറ്റില്ലായിരുന്നുവെന്നാണ് രണ്‍ജി പണിക്കര്‍ പറയുന്നത്. ഷാജി കൈലാസായിരുന്നു അത് സജസ്റ്റ് ചെയ്തതെന്നും അന്ന് അതിന്റെ പേരില്‍ താന്‍ ഷാജിയുമായി കുറേ വഴക്കുണ്ടാക്കിയെന്നും അദ്ദേഹം പറയുന്നു. മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു രണ്‍ജി പണിക്കര്‍.

‘എന്നെ സംബന്ധിച്ചിടത്തോളം ജോസഫ് അലക്‌സ് എന്ന കഥാപാത്രം ഒരു ഐഡിയലിസ്റ്റിക്ക് കഥാപാത്രമാണ്. ഞാന്‍ ജോസഫ് അലക്‌സിനെ എഴുതുമ്പോള്‍ അയാള്‍ കളക്ടര്‍ ആണെങ്കിലും ഒരു പൊലീസ് സ്റ്റേഷന്‍ ആക്രമണ കേസില്‍ പ്രതിയാകുകയും അച്ഛന്‍ കാരണം അതില്‍ നിന്ന് രക്ഷ നേടുകയും ചെയ്ത ആളാണ്.

എന്നെ സംബന്ധിച്ചിടത്തോളം അങ്ങനെയൊരു ചേഷ്ട എനിക്ക് സങ്കല്‍പ്പിക്കാന്‍ പറ്റില്ല. അത് ഷാജി സജസ്റ്റ് ചെയ്തതായിരുന്നു. അന്ന് ഞാന്‍ ഷാജിയുമായി കുറേ വഴക്കുണ്ടാക്കി. ജോസഫ് അലക്‌സ് എന്ന ആള്‍ അങ്ങനെ ചെയ്യില്ലെന്ന് ഞാന്‍ അവനോട് പറഞ്ഞിരുന്നു. അത് വിടാന്‍ ആയിരുന്നു അവന്‍ എന്നോട് പറഞ്ഞത്.

ജോസഫ് അലക്‌സ് പഴയ നക്‌സല്‍ സ്വഭാവമൊക്കെയുള്ള ആളായിരിക്കും. പക്ഷെ ഇപ്പോള്‍ ഒരു കളക്ടറാണ്. നമ്മള്‍ അയാളെ വളരെ സ്‌റ്റൈലൈസ്ഡ് ആയിട്ടല്ലേ പ്രസന്റ് ചെയ്യുന്നത്. അതുകൊണ്ട് നീ ഈ കാര്യം എനിക്ക് വിട്ടേക്കെന്നും ഷാജി പറഞ്ഞു.

‘നിനക്ക് ഞാന്‍ വിട്ടേക്കാം. കാരണം നീ സംവിധായകനാണല്ലോ. പക്ഷെ എന്റെ ജോസഫ് അലക്‌സ് ഇങ്ങനെയല്ല’ എന്നായിരുന്നു എന്റെ മറുപടി (ചിരി).

‘അതിന് തിയേറ്ററില്‍ കയ്യടിച്ചില്ലെങ്കില്‍ നീ എന്നെ അടിച്ചോ’യെന്ന് ഷാജി പറഞ്ഞു. ഞാന്‍ അപ്പോള്‍ പറഞ്ഞത് മിക്കവാറും നിന്നെ അടിച്ചിരിക്കും എന്നായിരുന്നു. പക്ഷെ അത് തിയേറ്ററില്‍ വലിയ ഒരു തരംഗമായി മാറി,’ രണ്‍ജി പണിക്കര്‍ പറഞ്ഞു.

Content Highlight: Renji Panicker Talks About Shaji Kailas And Mammootty’s The King Movie