Entertainment
ആളുകള്‍ക്ക് എന്നോടുള്ള ബഹുമാനം പോകും; ആ നിവിന്‍ പോളി ചിത്രം ഞാന്‍ ആദ്യം റിജക്ട് ചെയ്തത്: രണ്‍ജി പണിക്കര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Feb 09, 05:11 am
Sunday, 9th February 2025, 10:41 am

പത്രപ്രവര്‍ത്തകനായി കരിയര്‍ ആരംഭിച്ച് പിന്നീട് മലയാള സിനിമയില്‍ തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത വ്യക്തിയാണ് രണ്‍ജി പണിക്കര്‍. മലയാളത്തിലെ മികച്ച തിരക്കഥാകൃത്തുകളില്‍ ഒരാളാണ് അദ്ദേഹം. നടന്‍, സംവിധായകന്‍, ചലച്ചിത്ര നിര്‍മാതാവ് എന്നീ നിലകളിലും പ്രശസ്തനാണ് രണ്‍ജി പണിക്കര്‍.

ഒട്ടനവധി മാസ് നായകന്മാരെയും തീപ്പൊരി ഡയലോഗുകളും മലയാളികള്‍ക്ക് സമ്മാനിച്ചയാള്‍ കൂടിയാണ് അദ്ദേഹം. രണ്‍ജി പണിക്കറിന്റെ കിംഗ്, കമ്മീഷണര്‍, പത്രം, ലേലം, പ്രജ തുടങ്ങിയ ചിത്രങ്ങള്‍ക്കൊക്കെ ഇന്നും ആരാധകര്‍ ഏറെയാണ്.

തന്റെ സ്വന്തം സിനിമകളില്‍ നിരവധി അതിഥി വേഷങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും നടന്‍ എന്ന നിലയില്‍ അദ്ദേഹം ജനപ്രീതി നേടുന്നത് 2014ല്‍ പുറത്തിറങ്ങിയ നസ്രിയ – നിവിന്‍ പോളി ചിത്രമായ ഓം ശാന്തി ഓശാനയിലൂടെയാണ്.

എന്നാല്‍ ഓം ശാന്തി ഓശാനയിലെ വേഷം താന്‍ ആദ്യം റിജക്ട് ചെയ്തതായിരുന്നുവെന്ന് പറയുകയാണ് രണ്‍ജി പണിക്കര്‍. ആ കഥാപാത്രത്തിലേക്ക് തന്റെ ശരീരം വഴക്കിയെടുക്കാന്‍ ബുദ്ധിമുട്ടാണെന്ന് പറഞ്ഞിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു രണ്‍ജി പണിക്കര്‍.

ഓം ശാന്തി ഓശാനയിലെ വേഷം എന്റെ മുന്നില്‍ വന്നപ്പോള്‍ ഞാന്‍ ആദ്യം തന്നെ റിജക്ട് ചെയ്തതായിരുന്നു. ഞാന്‍ ആ റോളിലേക്ക് ശരിയാവില്ല എന്നായിരുന്നു അന്ന് അവരോട് പറഞ്ഞത്. ഇത്തിരി ബലം പിടുത്തമൊക്കെയുള്ള ആളാണ് ഞാന്‍. അങ്ങനെയുള്ള ശരീരമാണ് എന്റേത്.

ആ സിനിമയിലേത് പോലുള്ള ഒരു റോളിലേക്ക് എന്റെ ശരീരം വഴക്കി എടുക്കാന്‍ എനിക്ക് ബുദ്ധിമുട്ടാണെന്നും ഞാന്‍ പറഞ്ഞു. ആളുകള്‍ തിയേറ്ററില്‍ വന്ന് സിനിമ കാണുമ്പോള്‍ ‘ശ്വാസം വിടെടാ’ എന്നൊക്കെ വിളിച്ചു പറയും. ഈ കാര്യം ഞാന്‍ ഡയറക്ടറോടും പ്രൊഡ്യൂസറായ ആല്‍വിന്‍ ആന്റണിയോടും പറഞ്ഞു.

ഞാന്‍ ചെയ്താല്‍ ശരിയാവില്ലെന്ന് പറഞ്ഞിട്ട് തന്നെയാണ് ആ സിനിമ റിജക്ട് ചെയ്തത്. ആളുകള്‍ക്ക് എന്നോടുള്ള ബഹുമാനം പോകുമെന്നൊക്കെ ഞാന്‍ പറഞ്ഞുനോക്കിയിരുന്നു. ‘ഇവന് വേറെ പണിയില്ലേ, ഇവന് എഴുതിയാല്‍ പോരെ’ എന്നൊക്ക ആളുകള്‍ ചോദിക്കില്ലേ,’ രണ്‍ജി പണിക്കര്‍ പറഞ്ഞു.

Content Highlight: Renji Panicker Talks About Ohm Shanthi Oshaana Movie