| Friday, 22nd November 2024, 10:44 am

മരിക്കുന്നതിന് മുമ്പ് നല്ലൊരു കഥാപാത്രം താടാ എന്ന് സോമേട്ടന്‍; അങ്ങനെയുണ്ടായതാണ് ആ സൂപ്പര്‍ഹിറ്റ് ചിത്രം: രണ്‍ജി പണിക്കര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള ചലച്ചിത്രലോകത്തെ നടന വിസ്മയമായിരുന്നു എം.ജി. സോമന്‍. ഇന്ത്യന്‍ എയര്‍ഫോഴ്സിലെ ജോലിയില്‍ നിന്ന് വിരമിച്ച ശേഷമാണ് നാടക രംഗത്തേക്കും പിന്നീട് സിനിമാ രംഗത്തേക്കും അദ്ദേഹം കടന്നത്. 1973ല്‍ പി. എന്‍ മേനോന്റെ ‘ഗായത്രി’ എന്ന ചിത്രത്തില്‍ ‘രാജാമണി’ എന്ന വില്ലനെ അവതരിപ്പിച്ചു കൊണ്ടാണ് സോമന്‍ സിനിമയിലേക്ക് അരങ്ങേറുന്നത്.

തുടര്‍ന്ന് ഒട്ടനവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച അദ്ദേഹത്തിന് തുടര്‍ച്ചയായ രണ്ട് വര്‍ഷം മികച്ച സഹനടനും നടനുമുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു. സോമന്റ കരിയറിലെ മികച്ച വേഷങ്ങളില്‍ ഒന്നാണ് ലേലത്തിലെ ആനക്കാട്ടില്‍ ഈപ്പച്ചന്‍. രണ്‍ജി പണിക്കരുടെ തിരക്കഥയില്‍ ജോഷി സംവിധാനം ചെയ്ത് 1997ല്‍ റിലീസായ ചിത്രമാണ് ലേലം. ആനക്കാട്ടില്‍ ഈപ്പച്ചന്‍ ഉണ്ടായതിനെ കുറിച്ച് അമൃത ടി.വിയോട് സംസാരിക്കുകയാണ് രണ്‍ജി പണിക്കര്‍

‘കിങ് സിനിമയുടെ രണ്ടാംപകുതി തുടങ്ങുന്നത് തന്നെ സോമേട്ടനും മമ്മൂട്ടിയും തമ്മിലുള്ള ഒരു കോമ്പിനേഷന്‍ സീനിലൂടെയാണ്. സിനിമയുടെ ഫൈനല്‍ എഡിറ്റ് കഴിഞ്ഞപ്പോള്‍ തന്നെ മൂന്നര മണിക്കൂര്‍ ലെങ്ത്തുണ്ട് ചിത്രത്തിന്. സോമേട്ടന്‍ അതിഗംഭീരമായി പെര്‍ഫോം ചെയ്ത സീനാണത്. പക്ഷെ സിനിമയുടെ ലെങ്ത്തിനെ ബാധിക്കാതെ മാറ്റാന്‍ സാധിക്കുന്ന ഒരു സീന്‍ സോമേട്ടന്റെ ആ രംഗമാണ്.

തേവളി പറമ്പില്‍ ജോസഫ് അലക്‌സ് സോമേട്ടന്‍ അവതരിപ്പിക്കുന്ന അലക്‌സാണ്ടര്‍ എന്ന അതികായന് മുന്നില്‍ ചെറുതായി നില്‍ക്കുന്ന സീനാണത്. അച്ഛനും മകനും തമ്മിലുള്ള ഒരു മനോഹര രംഗമാണത്. പക്ഷെ അത് മുറിച്ച് മാറ്റി കളഞ്ഞു. സിനിമയില്‍ വരുമ്പോള്‍ അതില്ല.

ആ ഷോട്ട് എടുക്കാന്‍ വേണ്ടി മാത്രം കോഴിക്കോടേക്ക് വന്നതാണ് സോമേട്ടന്‍. അത് കഴിഞ്ഞപ്പോള്‍ അദ്ദേഹമെന്നെ പച്ച ചീത്ത വിളിച്ചു. എന്നിട്ട് എന്നോട് പറഞ്ഞു, മരിക്കുന്നതിന് മുമ്പൊരു നല്ല വേഷം എഴുതി താടായെന്ന്. ആ കഥാപാത്രമാണ് ലേലത്തിലെ ആനക്കാട്ടില്‍ ഈപ്പച്ചന്‍,’രണ്‍ജി പണിക്കര്‍ പറയുന്നു.

Content Highlight: Renji Panicker Talks About M.G Soman In Lelam Movie

We use cookies to give you the best possible experience. Learn more