മലയാളത്തിലെ കൊമേര്‍ഷ്യല്‍ സിനിമയിലെ ആദ്യത്തെ ട്രെന്‍ഡ് സെറ്റര്‍ ഐ.വി ശശിയാണെന്നും അദ്ദേഹം വന്നതോടെയാണ് ആളുകള്‍ സംവിധായകന്റെ പേര് നോക്കി തിയേറ്ററില്‍ കയറാന്‍ തുടങ്ങിയതെന്നും പറയുകയാണ് രണ്‍ജി പണിക്കര്‍.
അതിനുമുമ്പും കൊമേര്‍ഷ്യല്‍ സിനിമകള്‍ ചെയ്യുന്ന വലിയ സംവിധായകരുണ്ടായിരുന്നെന്നും എന്നാല്‍ ഐ.വി ശശി എന്ന പേര് പോസ്റ്ററില്‍ കണ്ടാല്‍ അതില്‍ ആരാണ് അഭിനയിക്കുന്നുവെന്ന് നോക്കാതെ ആളുകള്‍ തിയേറ്ററില്‍ പോകാന്‍ തുടങ്ങിയെന്നും രണ്‍ജി പറയുന്നു.
ഐ.വി ശശി വന്ന് അതുവരെ ഉണ്ടായിരുന്ന മലയാളത്തിന്റെ എല്ലാ സെന്‍സിബിളിറ്റിയെയും മാറ്റിമറിക്കുന്ന തരത്തിലുള്ള കൊമേര്‍ഷ്യല്‍ സിനിമകള്‍ ചെയ്തുവെന്നും അദ്ദേഹം ചെയ്ത എണ്‍പത് ശതമാനം സിനിമകളും അതാത് കാലങ്ങളിലെ ഏറ്റവും വലിയ ഹിറ്റുകളാണെന്നും രണ്‍ജി പണിക്കര്‍ കൂട്ടിച്ചേര്‍ത്തു. മീഡിയ വണ്ണിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ആസ്വാദകനെ മാറ്റുന്നത് സിനിമയാണ്. അല്ലാതെ ആസ്വാദനം ആദ്യം മാറിയിട്ട് പിന്നീട് സിനിമ മാറുകയല്ല. ആസ്വാദകന്റെ അതുവരെയുള്ള സെന്‍സിബിളിറ്റിയെ മാറ്റിമറിക്കുന്ന ഒരു സിനിമ വരുമ്പോഴാണ് ആസ്വാദനം മാറുന്നത്. അതുവരെ ശീലിച്ച ഒരു പാതയില്‍ നിന്നും മാറി സഞ്ചരിക്കാന്‍ പ്രേക്ഷകനെ നിര്‍ബന്ധിക്കുന്നതും നിര്‍ബന്ധിതനാക്കുന്നതുമായ സിനിമ ഉണ്ടാകുമ്പോഴാണ് ഒരു റെവല്യൂഷന്‍ ഉണ്ടാകുന്നത്.
മലയാള സിനിമയില്‍ ഏറ്റവും പുതുതായി അല്ലെങ്കില്‍ ഏറ്റവും ഒടുവില്‍ സംഭവിച്ചിട്ടുള്ള ട്രെന്‍ഡുകള്‍ നോക്കിയാല്‍ ഒരു കാര്യം വ്യക്തമാകും. കഴിഞ്ഞ ഒരു ദശകം കൊണ്ട് സംഭവിച്ച ട്രെന്‍ഡ് സെറ്റേഴ്‌സ് നമുക്കില്ല. നമ്മളൊക്കെ സിനിമ ചെയ്യുന്ന സമയത്ത് ഒരു സിനിമയിലൂടെ എന്തെങ്കിലും ട്രെന്‍ഡ് ഉണ്ടാക്കിയാല്‍ പിന്നെ കുറച്ചുകാലം സിനിമ ആ വഴി സഞ്ചരിക്കുമായിരുന്നു.
ഞാന്‍ എഴുതിയ സിനിമകള്‍ സ്വീകരിക്കപ്പെട്ടാല്‍ പിന്നെ അത്തരം രാഷ്ട്രീയ സിനിമകള്‍ ഉണ്ടാക്കാന്‍ കുറേയാളുകള്‍ പരിശ്രമിക്കുമായിരുന്നു. ഫാമിലി ഡ്രാമകളില്‍ നിന്നും സിനിമ ഹ്യൂമറിലേക്ക് മാറിയ ഒരു കാലഘട്ടം ഉണ്ടായിരുന്നു.
ഐ.വി ശശി എന്ന സംവിധായകന്‍ വന്ന് അതുവരെ ഉണ്ടായിരുന്ന മലയാളത്തിന്റെ എല്ലാ സെന്‍സിബിളിറ്റിയെയും മാറ്റിമറിക്കുന്ന തരത്തിലുള്ള കൊമേര്‍ഷ്യല്‍ സിനിമകള്‍ ചെയ്തു. നൂറില്‍ അധികം സിനിമകളാണ് അദ്ദേഹം ചെയ്തത്. അതില്‍ ഏകദേശം എണ്‍പത് ശതമാനം സിനിമകളും അതാത് കാലങ്ങളിലെ ഏറ്റവും വലിയ ഹിറ്റുകളാണ്.
അദ്ദേഹം വന്നതോടെ ആളുകള്‍ സംവിധായകന്റെ പേര് നോക്കി തിയേറ്ററില്‍ കയറാന്‍ തുടങ്ങി. അതിനുമുമ്പും കൊമേര്‍ഷ്യല്‍ സിനിമകള്‍ ചെയ്യുന്ന വലിയ സംവിധായകരുണ്ടായിരുന്നു. എന്നാല്‍ ഐ.വി ശശി എന്ന പേര് പോസ്റ്ററില്‍ കണ്ടാല്‍ അതില്‍ ആരാണ് അഭിനയിക്കുന്നുവെന്ന് നോക്കാതെ ആളുകള്‍ തിയേറ്ററില്‍ പോകാന്‍ തുടങ്ങി. അദ്ദേഹമാണ് മലയാളത്തിലെ കൊമേര്‍ഷ്യല്‍ സിനിമയിലെ ആദ്യത്തെ ട്രെന്‍ഡ് സെറ്റര്‍,’ രണ്‍ജി പണിക്കര്‍ പറഞ്ഞു.
Content Highlight: Renji Panicker Talks About IV Sasi