കെ. കരുണാകരനെ എപ്പോഴും വിമര്‍ശിച്ചിട്ടുള്ള ഞാന്‍ അന്ന് ന്യായീകരിച്ചു: രണ്‍ജി പണിക്കര്‍
Entertainment
കെ. കരുണാകരനെ എപ്പോഴും വിമര്‍ശിച്ചിട്ടുള്ള ഞാന്‍ അന്ന് ന്യായീകരിച്ചു: രണ്‍ജി പണിക്കര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 9th December 2024, 8:49 am

മലയാളസിനിമയിലെ മികച്ച തിരക്കഥാകൃത്തുകളില്‍ ഒരാളാണ് രണ്‍ജി പണിക്കര്‍. ഒട്ടനവധി മാസ് നായകന്മാരെയും അവരുടെ തീപ്പൊരി ഡയലോഗുകളും മലയാളികള്‍ക്ക് സമ്മാനിച്ചയാള്‍ കൂടിയാണ് രണ്‍ജി പണിക്കര്‍. കിംഗ്, കമ്മീഷണര്‍, പത്രം, ലേലം, പ്രജ തുടങ്ങിയ ചിത്രങ്ങള്‍ ഇന്നും പലര്‍ക്കും പ്രിയപ്പെട്ടവയാണ്.

രണ്‍ജി പണിക്കര്‍ സിനിമകള്‍ കൂടുതലും രാഷ്ട്രീയത്തെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. അത്തരത്തില്‍ സിനിമകള്‍ ചെയ്തതുമൂലം ഏതെങ്കിലും രാഷ്ട്രീയ നേതാവുമായി അകല്‍ച്ചയുണ്ടായിട്ടുണ്ടോ എന്ന ചോദ്യത്തിന് ഉത്തരം കൊടുക്കുകയാണ് രണ്‍ജി പണിക്കര്‍.

സിനിമ എഴുതിയതിന്റെ പേരില്‍ നേതാക്കളുമായി അകല്‍ച്ച ഉണ്ടായിട്ടില്ലെന്നും എന്നാല്‍ കെ. കരുണാകരനുമായി അടുപ്പമുണ്ടായത് സിനിമ എഴുതിയത് മൂലമാണെന്നും അദ്ദേഹം പറഞ്ഞു. മലയാള മനോരമ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു രണ്‍ജി പണിക്കര്‍.

‘സിനിമ എഴുതിയതിന്റെ പേരില്‍ ഏതെങ്കിലും നേതാവുമായി അകല്‍ച്ച ഉണ്ടായിട്ടില്ല. പക്ഷേ, കെ. കരുണാകരനുമായി ഉണ്ടായ അടുപ്പം സിനിമ എഴുതിയതുകൊണ്ട് ഉണ്ടായതാണ്. ഞങ്ങളുടെ സിനിമകളില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശിച്ചത് അദ്ദേഹത്തെയായിരുന്നു. എന്നാല്‍, എറണാകുളത്ത് അദ്ദേഹത്തിന്റെ നവതി ആഘോഷം നടക്കുമ്പോള്‍ പ്രസംഗിക്കാനായി എന്നെയും ക്ഷണിച്ചു. എന്തിനാണ് അവര്‍ അങ്ങനെ ചെയ്തതെന്ന് എനിക്കിപ്പോഴും അറിയില്ല.

അദ്ദേഹത്തെ വേദിയിലിരുത്തി ഞാന്‍ കടുത്ത വിമര്‍ശനം നടത്തുമെന്നാണ് പലരും കരുതിയത്. പക്ഷേ, ഞാന്‍ അദ്ദേഹത്തെ ന്യായീകരിക്കുകയാണ് ചെയ്തത്. ഇതു പലരെയും അത്ഭുതപ്പെടുത്തി. അന്ന് വൈകിട്ട് അദ്ദേഹം എന്നെ വിളിപ്പിച്ചു. അദ്ദേഹത്തിനു ചുറ്റും എപ്പോഴും ധാരാളം അനുയായികളുള്ള കാലമാണ്. അവരുടെ ഇടയില്‍ പോയിനിന്ന് സംസാരിക്കാന്‍ എനിക്ക് വളരെ ബുദ്ധിമുട്ടായിരുന്നു. അതുകൊണ്ട് രാത്രി വളരെ വൈകി എല്ലാവരും പിരിഞ്ഞ് പോയതിനു ശേഷമായിരുന്നു കൂടിക്കാഴ്ച.

ബനിയനും മുണ്ടുമായിരുന്നു അദ്ദേഹത്തിന്റെ വേഷം. വായിലെ പല്ല് പോലും ഊരിവച്ചിരുന്നു. ‘പല്ലില്ലാതെ ഞാന്‍ എന്റെ മക്കളുടെ മുന്‍പില്‍ മാത്രമേ പ്രത്യക്ഷപ്പെടാറുള്ളു’ എന്ന് പറഞ്ഞുകൊണ്ടാണ് എന്നെ സ്വീകരിച്ചത്. അത് വലിയൊരു ആത്മബന്ധത്തിന്റെ തുടക്കമായിരുന്നു. അതുപോലെ എ.കെ.ആന്റണിയുടെ ചില രീതികളെ വിമര്‍ശിച്ചിട്ടുണ്ട്.

എന്നാല്‍ മകന്റെ വിവാഹം ക്ഷണിക്കാനായി ഞാന്‍ അദ്ദേഹത്തെ വിളിച്ചിരുന്നു. വളരെ സ്‌നേഹത്തോടെയാണ് പെരുമാറിയത്. അപ്പോഴും ഞാനെഴുതിയ സിനിമകളെക്കുറിച്ചു സംസാരിച്ചു എന്നതാണ് രസം. വയലാര്‍ രവിയുമായി ഇപ്പോഴും വളരെ അടുത്ത ബന്ധം സൂക്ഷിക്കുന്നുണ്ട്. ഒട്ടെല്ലാ നേതാക്കളുമായും സ്‌നേഹബന്ധം തന്നെയാണ്,’ രണ്‍ജി പണിക്കര്‍ പറയുന്നു.

Content Highlight: Renji Panicker Talks About His Relationship With K Karunakaran