പത്രപ്രവര്‍ത്തകനായി കരിയര്‍ ആരംഭിച്ച് പിന്നീട് മലയാള സിനിമയില്‍ തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത വ്യക്തിയാണ് രണ്‍ജി പണിക്കര്‍. മലയാളത്തിലെ മികച്ച തിരക്കഥാകൃത്തുകളില്‍ ഒരാളാണ് അദ്ദേഹം. നടന്‍, സംവിധായകന്‍, ചലച്ചിത്ര നിര്‍മാതാവ് എന്നീ നിലകളിലും പ്രശസ്തനാണ് രണ്‍ജി പണിക്കര്‍.
ഒട്ടനവധി മാസ് നായകന്മാരെയും തീപ്പൊരി ഡയലോഗുകളും മലയാളികള്‍ക്ക് സമ്മാനിച്ചയാള്‍ കൂടിയാണ് അദ്ദേഹം. രണ്‍ജി പണിക്കറിന്റെ കിംഗ്, കമ്മീഷണര്‍, പത്രം, ലേലം, പ്രജ തുടങ്ങിയ ചിത്രങ്ങള്‍ക്കൊക്കെ ഇന്നും ആരാധകര്‍ ഏറെയാണ്.
തനിക്ക് അറിയാവുന്ന സിനിമയാണ് താന്‍ ചെയ്യുന്നതെന്നും തന്റെ എല്ലാ സിനിമകളിലും വളരെ സ്‌ട്രോങ്ങായിട്ടുള്ള സ്ത്രീ കഥാപാത്രങ്ങളുണ്ടെന്നും പറയുകയാണ് രണ്‍ജി പണിക്കര്‍. തന്റെ ഏറ്റവും പുതിയ ചിത്രമായ പടക്കുതിരയുടെ പ്രൊമോഷന്റെ ഭാഗമായി സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തന്റെ സിനിമയിലെ ശക്തമായ സ്ത്രീ കഥാപാത്രങ്ങളേക്കാള്‍ ഓവര്‍ പവറിങ്ങായ പുരുഷ കഥാപാത്രങ്ങളുള്ളത് കൊണ്ടായിരിക്കണം അതൊന്നും ശ്രദ്ധിക്കപ്പെടാതെ പോകുന്നതെന്നും രണ്‍ജി പണിക്കര്‍ അഭിമുഖത്തില്‍ പറയുന്നു.
‘എനിക്ക് അറിയാവുന്ന സിനിമയാണ് ഞാന്‍ ചെയ്യുന്നത്. അതിന് അപ്പുറത്തേക്കുള്ള സിനിമ എനിക്ക് എഴുതാന്‍ അറിയുമോയെന്ന് ചോദിച്ചാല്‍ എനിക്കറിയില്ല. എന്റെ എല്ലാ സിനിമകളിലും വളരെ സ്‌ട്രോങ്ങായിട്ടുള്ള സ്ത്രീ കഥാപാത്രങ്ങളുണ്ട്. പക്ഷെ അതിനേക്കാള്‍ ഓവര്‍ പവറിങ് ആയിട്ടുള്ള പുരുഷ സാന്നിധ്യങ്ങള്‍ ഉള്ളത് കൊണ്ടായിരിക്കണാം അതൊന്നും ചിലപ്പോള്‍ ശ്രദ്ധിക്കപ്പെടാതെ പോകുന്നത്,’ രണ്‍ജി പണിക്കര്‍ പറഞ്ഞു.
അഭിമുഖത്തില്‍ രണ്‍ജി പണിക്കരോട് പുരുഷത്വം നിറഞ്ഞ കഥാപാത്രങ്ങളെ കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹകത്തിന്റെ ഒപ്പമുണ്ടായിരുന്ന അജു വര്‍ഗീസ് ആയിരുന്നു അതിന് മറുപടി നല്‍കിയത്. പത്രം സിനിമയിലെ മഞ്ജു വാര്യരെ കുറിച്ചും ദി കിംഗ് സിനിമയിലെ വാണി വിശ്വനാഥിനെ കുറിച്ചും ലേലം എന്ന ചിത്രത്തിലെ നന്ദിനിയെ കുറിച്ചുമാണ് അജു സംസാരിച്ചത്.
‘മഞ്ജു വാര്യറിന്റെ പത്രവും രണ്‍ജി സാര്‍ എഴുതിയതാണ്. പുരുഷത്വം നിറഞ്ഞ കഥാപാത്രമെന്ന് പറഞ്ഞത് കൊണ്ടാണ് ഞാനത് പറഞ്ഞത്. ദി കിംഗ് സിനിമയിലെ വാണി ചേച്ചിയുടെ കഥാപാത്രവും ശക്തമായ സ്ത്രീ കഥാപാത്രമാണ്. ലേലം സിനിമയില്‍ നന്ദിനി മാം ചെയ്ത കഥാപാത്രവും വളരെ സ്‌ട്രോങ്ങാണ്,’ അജു വര്‍ഗീസ് പറഞ്ഞു.
Content Highlight: Renji Panicker Talks About His Movie Characters