സുരേഷ് ഗോപി പറയുന്നതൊന്നുമല്ല, ഇന്ത്യയെ കുറിച്ച് മമ്മൂട്ടി പറഞ്ഞ ആ ഡയലോഗാണ് എനിക്ക് ഇഷ്ടം: രണ്‍ജി പണിക്കര്‍
Film News
സുരേഷ് ഗോപി പറയുന്നതൊന്നുമല്ല, ഇന്ത്യയെ കുറിച്ച് മമ്മൂട്ടി പറഞ്ഞ ആ ഡയലോഗാണ് എനിക്ക് ഇഷ്ടം: രണ്‍ജി പണിക്കര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 1st February 2024, 12:14 pm

പത്രപ്രവര്‍ത്തകനായി തന്റെ കരിയര്‍ ആരംഭിച്ച് പിന്നീട് മലയാള സിനിമയില്‍ തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത വ്യക്തിയാണ് രണ്‍ജി പണിക്കര്‍. നടന്‍, തിരക്കഥാകൃത്ത്, സംവിധായകന്‍, ചലച്ചിത്ര നിര്‍മാതാവ് എന്നീ നിലകളില്‍ പ്രശസ്തനാണ് അദ്ദേഹം.

ഷാജി കൈലാസിന് വേണ്ടി രണ്‍ജി പണിക്കര്‍ തിരക്കഥയെഴുതിയ ചിത്രമാണ് ‘ദി കിംഗ്’, ‘ഏകലവ്യന്‍’ എന്നിവ. സംവിധായകന്‍ ജോഷിക്ക് വേണ്ടി എഴുതിയ കഥയാണ് സുരേഷ് ഗോപി നായകനായ ലേലത്തിന്റേത്.

ഇതിന് പുറമെ നിരവധി സിനിമകള്‍ക്ക് അദ്ദേഹം തിരക്കഥയൊരുക്കിയിട്ടുണ്ട്. തന്റെ സിനിമകളില്‍ തനിക്ക് ഏറ്റവും ഇഷ്ടമുള്ള ഡയലോഗുകളെ പറ്റി പറയുകയാണ് രണ്‍ജി പണിക്കര്‍. കൗമുദിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എന്റെ സിനിമകളില്‍ എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഡയലോഗ് അല്ലെങ്കില്‍ ഒരു പോര്‍ഷന്‍ എന്ന് പറയുന്നത്, ദി കിംഗില്‍ മമ്മൂട്ടിയുടെ ജോസഫ് അലക്‌സ് പറയുന്ന ഡയലോഗ് ആണ്. ഇന്ത്യയെന്ന മഹാരാജ്യം എന്ന് പറഞ്ഞു പോകുന്ന ആ ഡയലോഗ്.

പിന്നെ ലേലം സിനിമയില്‍ സോമേട്ടനും ഏകലവ്യനില്‍ സുരേഷ് ഗോപിയും അവരുടെ പാസ്റ്റിനെ കുറിച്ച് പറയുന്നത്. പിന്നെ ദി കിംഗിലെ തന്നെ പപ്പുവേട്ടന്റെ കൃഷ്ണന്‍ എന്ന കഥാപാത്രം പറയുന്നത്.

ആളുകള്‍ ‘ഓര്‍മയുണ്ടോ ഈ മുഖം’ എന്ന ഡയലോഗ് എടുത്ത് പറയുന്നത് കാണാറുണ്ട്. എന്നാല്‍ ഏതെങ്കിലും അര്‍ത്ഥത്തില്‍ എന്റെ ഹൃദയത്തില്‍ സ്പര്‍ശിച്ചത് മുമ്പ് പറഞ്ഞ ആ ഡയലോഗുകളാണ്.

പിന്നെ എനിക്ക് ഏറ്റവും പ്രിയപെട്ട കഥാപാത്രം ദി കിംഗിലെ കുതിരവട്ടം പപ്പുവേട്ടന്റെ കൃഷ്ണന്‍ എന്ന കഥാപാത്രമാണ്. ആ ഒരു കഥാപാത്രം വളരെ റിയല്‍ ആണെന്ന് ഞാന്‍ കരുതുന്നു,’ രണ്‍ജി പണിക്കര്‍ പറഞ്ഞു.


Content Highlight: Renji Panicker Talks About His Favourite Dialogue