Entertainment
സീറോ കോണ്‍ഫിഡന്‍സില്‍ എഴുതി; ആ ഹിറ്റ് പൊലീസ് ചിത്രം ഇത്രയും സ്വീകരിക്കപ്പെടുമെന്ന് കരുതിയില്ല: രണ്‍ജി പണിക്കര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Feb 12, 06:53 am
Wednesday, 12th February 2025, 12:23 pm

നടന്‍, തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നീ മേഖലകളില്‍ തന്റെ കഴിവ് തെളിയിച്ചിട്ടുള്ള വ്യക്തിയാണ് രണ്‍ജി പണിക്കര്‍. അദ്ദേഹം ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു ഭരത്ചന്ദ്രന്‍ ഐ.പി.എസ്. 2005ലായിരുന്നു ഈ സിനിമ പുറത്തിറങ്ങിയത്.

രണ്‍ജി പണിക്കര്‍ തന്നെയായിരുന്നു ഈ സിനിമയുടെ തിരക്കഥ രചിച്ചത്. 1994ല്‍ പുറത്തിറങ്ങിയ കമ്മീഷണര്‍ എന്ന ചിത്രത്തിന്റെ തുടര്‍ച്ചയായിരുന്നു ഭരത്ചന്ദ്രന്‍ ഐ.പി.എസ്. സുരേഷ് ഗോപി ആയിരുന്നു ഭരത്ചന്ദ്രന്‍ ആയിട്ട് എത്തിയത്.

സായ് കുമാര്‍, രാജന്‍ പി. ദേവ്, മാമുക്കോയ, ശ്രേയ റെഡ്ഡി, ലാലു അലക്‌സ് തുടങ്ങിയ മികച്ച താരനിര ഒന്നിച്ച ഭരത്ചന്ദ്രന്‍ ഐ.പി.എസ് അക്കാലത്ത് ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമായിരുന്നു. ഇപ്പോള്‍ ഈ സിനിമയുടെ വിജയത്തെ കുറിച്ച് പറയുകയാണ് രണ്‍ജി പണിക്കര്‍.

താന്‍ ഒരു സിനിമക്ക് കഥ എഴുതുമ്പോള്‍ ഒരിക്കലുമത് എങ്ങനെയാകുമെന്ന് മനസില്‍ കണ്ടിട്ടല്ല എഴുതുന്നതെന്നും സീറോ കോണ്‍ഫിഡന്‍സില്‍ എഴുതി തുടങ്ങുന്ന ആളാണ് താനെന്നുമാണ് രണ്‍ജി പറയുന്നത്.

ഭരത്ചന്ദ്രന്‍ ഐ.പി.എസ് സംവിധാനം ചെയ്യുമ്പോള്‍ അത് ഇത്രയും സ്വീകരിക്കപ്പെടുന്ന ഒരു സിനിമയാകുമെന്ന് ചിന്തിച്ചിരുന്നില്ലെന്നും അദ്ദേഹം പറയുന്നു. റെഡ് എഫ്.എം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു രണ്‍ജി പണിക്കര്‍.

‘ഞാന്‍ ഒരു സിനിമ എഴുതുമ്പോള്‍ ഒരിക്കലും അത് എങ്ങനെയാകുമെന്ന് മനസില്‍ കണ്ടിട്ടല്ല എഴുതുന്നത്. ഞാന്‍ സീറോ കോണ്‍ഫിഡന്‍സില്‍ എഴുതി തുടങ്ങുന്ന ആളാണ്. ഭരത്ചന്ദ്രന്‍ ഐ.പി.എസ് എന്ന സിനിമ സംവിധാനം ചെയ്യുമ്പോള്‍ അത് ഇത്രയും സ്വീകരിക്കപ്പെടുന്ന ഒരു സിനിമയാകുമെന്ന് ചിന്തിച്ചിരുന്നില്ല.

പണ്ട് ഞാനും ഷാജിയും (ഷാജി കൈലാസ്) സിനിമ ചെയ്യുന്ന സമയത്തും ആദ്യം തന്നെ നമ്മളുടെ കോണ്‍ഫിഡന്‍സ് നിലംപറ്റും. ഫസ്റ്റ് കോപ്പി കാണുന്നതോടെ ആ കോണ്‍ഫിഡന്‍സ് പാതാളം വരെ താഴും. പിന്നെ ആ സിനിമ തിയേറ്ററില്‍ എത്തി അതിന്റെ മാജിക്ക് വര്‍ക്ക് ആയെന്ന് കാണുമ്പോള്‍ മാത്രമാണ് ‘ഇങ്ങനെ ആയോ’ എന്നുള്ള വിശ്വാസം വരുന്നത്,’ രണ്‍ജി പണിക്കര്‍ പറഞ്ഞു.

Content Highlight: Renji Panicker Talks About Bharathchandran IPS Movie