| Saturday, 28th October 2023, 12:44 pm

'പ്രേമ വിവാഹങ്ങളില്‍ അല്ലാതെ വേറൊരു ജാതിയില്‍ ചെന്ന് വിവാഹമാലോചിക്കുന്ന രീതിയുണ്ടോ; ജാതിയിലും മതത്തിലും കൂടുതല്‍ ആഴ്ന്നിറങ്ങുകയാണ് സമൂഹം'

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പേരിൽ നിന്ന് ജാതി വാല് ഒഴിവാക്കിയത് കൊണ്ട് മാത്രം ജാതി വ്യവസ്ഥ ഇല്ലാതാവുന്നില്ലെന്ന് നടൻ രൺജി പണിക്കർ. ഒരാളുടെ ജാതി അറിയാതെ എങ്ങനെയാണ് അയാൾക്കുള്ള ജാതി സംവരണം അറിയാൻ കഴിയുകയെന്നും രൺജിപണിക്കർ ചോദിക്കുന്നു.

കൗമുദി മൂവീസിനോട് സംസാരിക്കുകയായിരുന്നു രൺജി പണിക്കർ. പേരിൽ നിന്ന് ജാതി കളയുന്നതിനെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു രൺജി പണിക്കരുടെ മറുപടി.

‘പ്രേമ വിവാഹങ്ങളിൽ അല്ലാതെ നമ്മുടെ സമൂഹം വേറൊരു ജാതിയിൽ ചെന്ന് പെണ്ണാലോചിക്കുകയോ കല്യാണം അന്വേഷിക്കുകയോ ചെയ്യില്ല.

ഈഴവരുടെ വീട്ടിൽ പോവാമെന്ന് നായരോ അല്ലാത്ത വിഭാഗങ്ങളിൽ പോവാമെന്ന് വേറെയുള്ള ജാതിക്കാരോ മതക്കാരോ വിചാരിക്കില്ല. ജാതിയിലും മതത്തിലും കൂടുതൽ ആഴ്ന്ന് പോവുന്ന ഒരു സ്ഥിതിയാണ് വന്നുകൊണ്ടിരിക്കുന്നത്. ജാതിയുടെയും മതത്തിന്റെയും പേരിൽ നമുക്ക് സംവരണമുണ്ട്.

ഒരാളുടെ ജാതി ചോദിക്കാതെ എങ്ങനെയാണ് അയാൾക്ക് ആ ജാതിയുടെ പേരിലുള്ള സംവരണം കിട്ടുക. ജാതി വ്യവസ്ഥയിൽ അധിഷ്ഠിതമായൊരു സമൂഹത്തിലും വരാനിരിക്കുന്ന കാലങ്ങളിലും ബന്ധപ്പെട്ട് കിടക്കുകയാണ് നമ്മൾ.

അതുകൊണ്ട് ഒരാളുടെ പേരിൽ നിന്ന് ജാതി മാറിയാൽ ഇന്ത്യയിലെ ജാതി വ്യവസ്ഥ മാറില്ല. രാജ്യത്തിന്റെ മൊത്തം രാഷ്ട്രീയ വ്യവസ്ഥ ഈ ജാതിയിലാണ്.

ഏത് മതക്കാരാണ് കൂടുതൽ ഉള്ളതെന്ന് നോക്കി അവിടെ സ്ഥാനാർഥിയായി ഹിന്ദുവിനെയോ മുസ്‌ലിമിനെയോ ക്രിസ്ത്യാനിയേയോ നിർത്തണോയെന്ന് എല്ലാ പുരോഗമന രാഷ്ട്രീയ പ്രസ്ഥാനങ്ങളും നാണമില്ലാതെ തീരുമാനിക്കുന്ന വ്യവസ്ഥയിലല്ലേ നമ്മൾ ജീവിക്കുന്നത്.

സെൻട്രൽ ട്രാവൻകൂറിൽ ഒരാളെ നിർത്തുമ്പോൾ അവിടുത്തെ മുൻതൂക്കമുള്ള ജാതിയാണ് നോക്കുക. മലപ്പുറത്തേക്ക് പോവുമ്പോൾ വേറൊരു പരിഗണനയാവും ഉണ്ടാവുക. മലബാറിൽ മൊത്തം പരിഗണനകൾക്ക് വലിയ മാറ്റമുണ്ടാകും. പേരിൽ നിന്ന് ജാതി ഒഴിവാക്കിയിട്ട് ഒരു കാര്യവുമില്ല. പേരിൽ നിന്ന് ഒഴിവാക്കിയാൽ അച്ഛന്റെ പേര് ചോദിക്കും.

എന്റെ പേര് രൺജിപണിക്കർ എന്നാണ്. നിങ്ങൾ നായർ പണിക്കരാണോ ഈഴവ പണിക്കാരാണോ എന്ന് ചോദിക്കുന്നവർ ഇല്ലേ? അതുകൊണ്ട് തന്നെ ജാതി അവസാനിക്കുന്നില്ല. പേരിൽ ആരംഭിച്ച് അവസാനിക്കുന്ന ഒന്നല്ല ജാതി. ജാതി എല്ലാവരുടെയും മനസിലാണ്,’രൺജി പണിക്കർ പറയുന്നു.

Content Highlight: Renji Panicker Talk About Cast System In Kerala

Latest Stories

We use cookies to give you the best possible experience. Learn more