| Thursday, 17th June 2021, 6:04 pm

നിങ്ങള്‍ അങ്ങനെ ചെയ്താല്‍ ഞാന്‍ കുടുങ്ങിപോവുമെന്ന് മോഹന്‍ലാല്‍ പറഞ്ഞു; അനുഭവം പറഞ്ഞ് രണ്‍ജി പണിക്കര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാ ചിത്രീകരണ സമയത്ത് മോഹന്‍ലാലുമൊത്തുണ്ടായ ഒരു അനുഭവം തുറന്നുപറയുകയാണ് നടനും തിരക്കഥാകൃത്തുമായ രണ്‍ജി പണിക്കര്‍.

പ്രജ എന്ന സിനിമയ്ക്കുവേണ്ടി താന്‍ എഴുതിയ ഡയലോഗുകള്‍ ചിത്രീകരണ സമയത്ത് മോഹന്‍ലാലിന് പറഞ്ഞുകൊടുത്തപ്പോള്‍ മോഹന്‍ലാല്‍ അങ്ങനെ ചെയ്യരുതെന്ന് തന്നോട് പറഞ്ഞതായി രണ്‍ജി പണിക്കര്‍ പറയുന്നു.

‘അണ്ണാ എനിക്ക് ഡയലോഗുകള്‍ വായിച്ച് തരരുതെന്ന് മോഹന്‍ലാല്‍ പറഞ്ഞു. എനിക്ക് നിങ്ങളുടെ മീറ്ററില്‍ പറയാന്‍ കഴിയില്ല, എനിക്ക് എന്റെ മീറ്ററിലേ പറയാന്‍ കഴിയൂ എന്നും. എന്നാല്‍ ഇങ്ങനെ പറഞ്ഞില്ലെങ്കില്‍ ഡയലോഗിന്റെ പങ്‌ച്ച്വേഷന്‍ മാറിപ്പോവുമെന്ന് ഞാന്‍ പറഞ്ഞു. അതാണ് ഞങ്ങള്‍ തമ്മിലുണ്ടായ ആദ്യത്തെ തിരുത്തല്‍,’ രണ്‍ജി പണിക്കര്‍ പറഞ്ഞു.

പ്രജയിലെ കഥാപാത്രത്തെക്കുറിച്ച് പറഞ്ഞിരുന്നെങ്കിലും ചിത്രീകരണ സമയത്താണ് ലാലിന് ഡയലോഗുകള്‍ പറഞ്ഞുകൊടുത്തത്. അണ്ണന്‍ ഇങ്ങനെ വായിച്ചാല്‍ ഞാന്‍ കുഴങ്ങിപ്പോവുമെന്നും ഡയലോഗ് പറയാന്‍ തനിക്ക് സാധിക്കില്ലെന്നും ലാല്‍ പറയുകയായിരുന്നു. മമ്മൂട്ടിക്കോ സുരേഷ് ഗോപിക്കോ ആ ഡയലോഗിന്റെ മീറ്ററില്‍ പറയാന്‍ കഴിയുമായിരിക്കും. എന്നാല്‍ മോഹന്‍ലാലിന്റെ മീറ്റര്‍ അതല്ല. മോഹന്‍ലാല്‍ എന്ന നടന് ഏറ്റവും ഭംഗിയായി പറയാന്‍ കഴിയുന്ന ഡയലോഗുകള്‍ രഞ്ജിത്ത് എഴുതുന്നതാണ് എന്നാണ് എന്റെ തോന്നല്‍, രണ്‍ജി പണിക്കര്‍ കൂട്ടിച്ചേര്‍ത്തു.

ഡയലോഗിന്റെ കാര്യത്തില്‍ മമ്മൂട്ടിയുമായുള്ള അനുഭവവും രണ്‍ജി പണിക്കര്‍ പങ്കുവെച്ചു. പല കഥാപാത്രങ്ങള്‍ക്കും വേണ്ടി നീളന്‍ ഡയലോഗുകള്‍ എഴുതി ചെല്ലുമ്പോള്‍ അത് കടിച്ചാ പൊട്ടാത്തതാണെന്നും നീളം കൂടുതലാണെന്നും പറഞ്ഞാണ് മമ്മൂട്ടി വഴക്കിടാറുള്ളതെന്ന് രണ്‍ജി പണിക്കര്‍ പറഞ്ഞു.

‘ചിലപ്പോള്‍ ഡബ്ബിംഗ് തിയേറ്ററില്‍ ഇരിക്കുമ്പോള്‍, എന്നാല്‍ നിങ്ങള്‍ വന്നങ്ങ് ഡബ്ബ് ചെയ്യ് എന്ന് മമ്മൂട്ടി പറഞ്ഞിട്ടുണ്ട്. ഞാന്‍ പോയി ഡബ്ബ് ചെയ്തിട്ടുമുണ്ട്. എനിക്കങ്ങനെയൊന്നും ചെയ്യാന്‍ പറ്റില്ലെന്ന് അപ്പോള്‍ മമ്മൂട്ടി പറയും,’ രണ്‍ജി പണിക്കര്‍ കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Renji Panicker shares experience about Mohanlal

We use cookies to give you the best possible experience. Learn more