തിരുവനന്തപുരം: പൊലീസുകാര്‍ ഉറക്കമൊഴിക്കുന്നതുകൊണ്ടാണ് നമ്മള്‍ സുഖമായി ഉറങ്ങുന്നത് എന്ന യാഥാര്‍ത്ഥ്യം ഒരിക്കലും മറക്കരുതെന്ന് തിരക്കഥാകൃത്തും അഭിനേതാവുമായ രഞ്ജി പണിക്കര്‍. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പൊലീസിനെ കുറിച്ചുള്ള പരാതികള്‍ ഇപ്പോഴുമില്ലേയെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കൊടുംക്രിമിനലിനെ ചോദ്യം ചെയ്തിട്ടിരിക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ മുന്നിലേക്കാണ് സാധാരണക്കാരന്‍ പരാതിയുമായി ചെല്ലുന്നത്. സ്വാഭാവികമായും ആ സാധാരണക്കാരനേയും ക്രിമിനലായിട്ടാണ് പൊലീസുകാരന്‍ പരിഗണിക്കുന്നത്. ഈ മാനസികാവസ്ഥയില്‍ മാന്യമായി പെരുമാറാന്‍ പൊലീസുകാരന് കഴിയില്ല. അത് അയാളുടെ കുറ്റമല്ല. ഈ രീതിയാണ് മാറേണ്ടത്. അങ്ങനെയാണെങ്കിലേ സ്ത്രീകള്‍ക്കും സാധാരണക്കാര്‍ക്കുമൊക്കെ നല്ല നീതി കിട്ടു. മഹാത്മാഗാന്ധി പോലും അഞ്ചു ദിവസം കേരളാ പൊലീസിന്റെ യൂണിഫോമിട്ടാല്‍ അഹിംസ മാറ്റി വെക്കുമെന്നും രഞ്ജി പണിക്കര്‍ പറയുന്നു.
Dont Miss കര്‍ഷകവിരുദ്ധ പുരസ്‌കാരം ‘മോദിക്ക്’ സമ്മാനിച്ച് കര്‍ഷകരുടെ പ്രതിഷേധം: നല്‍കിയത് ഒരു ജോഡി ചെരുപ്പ്
മസിലും എഴുത്തും എളുപ്പം ചേരുന്ന കാര്യങ്ങളാണോ എന്ന ചോദ്യത്തിന് എഴുത്തുകാരില്‍ അധികം പേരും ശരീരം സൂക്ഷിക്കുന്നവരല്ലെന്ന് കേട്ടിട്ടുണ്ടെന്നും എന്നാല്‍ അതിനെ കുറിച്ച് തനിക്ക് അറിയില്ലെന്നുമായിരുന്നു രഞ്ജിയുടെ മറുപടി. കോളേജില്‍ പഠിക്കുമ്പോള്‍ കവിതാ രചനയ്ക്കും വെയ്റ്റ് ലിഫ്റ്റിങ്ങിനും സമ്മാനം വാങ്ങിച്ച ആളാണ് താനെന്നും ഇദ്ദേഹം പറയുന്നു.
സിനിമയിലെ വിമര്‍ശനങ്ങളോട് രാഷ്ട്രീയക്കാരുടെ പ്രതികരണം എന്താണെന്ന ചോദ്യത്തിന് കേരളത്തില്‍ ഏറ്റവും കൂടുതല്‍ സഹിഷ്ണുതയുള്ളത് രാഷ്ട്രീയക്കാര്‍ക്കാണ് എന്നായിരുന്നു രഞ്ജി പണിക്കരുടെ മറുപടി. താന്‍ ഏറ്റവും കൂടുതല്‍ വിമര്‍ശിച്ചിട്ടുള്ളത് രാഷ്ട്രീയക്കാരെയാണെന്നും എന്നാല്‍ പ്രതികാര മനോഭാവത്തോടെ ആരും പെരുമാറിയിട്ടില്ലെന്നും ഇദ്ദേഹം പറയുന്നു.
എന്നാല്‍ ഇന്ന് അത്രയും സഹിഷ്ണുതയുണ്ടോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്നും പല പ്രതികരണങ്ങളും കാണുമ്പോള്‍ അങ്ങനെയാണ് തോന്നുന്നതെന്നുമായിരുന്നു രഞ്ജിയുടെ മറുപടി. സിനിമയിലൂടെ ഏറ്റവും കൂടുതല്‍ വിമര്‍ശിച്ചിട്ടുള്ളത് കെ. കരുണാകരനെയാണ്. അദ്ദേഹവുമായി ഏറ്റവും അടുത്ത ബന്ധം കാത്തുസൂക്ഷിച്ചിരുന്നു. തന്നോട് മനസുതുറന്ന് സംസാരിച്ചതുപോലെ അദ്ദേഹം മറ്റൊരാളോടും സംസാരിച്ച് കാണില്ലെന്നും രഞ്ജി പണിക്കര്‍ പറയുന്നു. അഭിനയത്തിനേക്കാള്‍ പ്രാധാന്യം നല്‍കുന്നത് എഴുത്തിന് തന്നെയാണെന്നും ലേലത്തിന്റെ രണ്ടാംഭാഗം മനസിലുണ്ടെന്നും രഞ്ജി പണിക്കര്‍ പറയുന്നു.