|

മലയാള സിനിമ സ്ത്രീകളോട് മാപ്പുപറഞ്ഞു തുടങ്ങുന്നു

ശ്രീഷ്മ കെ

മലയാള ചലച്ചിത്രലോകത്തെ സ്ത്രീവിരുദ്ധതയ്‌ക്കെതിരെ ഉയര്‍ന്നുവരുന്ന പ്രതിഷേധങ്ങള്‍ ഫലം കാണുകയാണെന്ന് തെളിയിച്ചുകൊണ്ട് രഞ്ജി പണിക്കരുടെ മാപ്പ് പറച്ചില്‍. താനെഴുതിയ സ്ത്രീവിരുദ്ധ സംഭാഷണങ്ങള്‍ക്ക് മാപ്പു പറഞ്ഞുകൊണ്ട് രംഗത്തുവന്നിരിക്കുകയാണ് നടനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കര്‍. താന്‍ എഴുതിയ തിരക്കഥകളിലെ സ്ത്രീവിരുദ്ധമായ പരാമര്‍ശങ്ങളില്‍ ഖേദിക്കുന്നുവെന്നും ഒരിക്കലും അത്തരം സംഭാഷണങ്ങള്‍ എഴുതരുതായിരുന്നു എന്നുമാണ് ടൈംസ് ഓഫ് ഇന്ത്യക്കു നല്‍കിയ അഭിമുഖത്തില്‍ രഞ്ജി പണിക്കര്‍ പറഞ്ഞത്.

വര്‍ഷങ്ങളായി മലയാള സിനിമ സാക്ഷ്യപ്പെടുത്തി വച്ചിരിക്കുന്നത് വികലമായ ലിംഗ വാര്‍പ്പു മാതൃകകളാണെന്നും ഇവ പൊളിച്ചെഴുതണമെന്നാവശ്യപ്പെട്ട് ശബ്ദമുയര്‍ത്തിയ സ്ത്രീകളുടെ പ്രതിഷേധം ഫലം കാണുകയാണെന്നാണ് നിരവധി പേര്‍ ഇതിനോടു പ്രതികരിച്ചത്.

മലയാള സിനിമ പുരുഷാധിപത്യത്തെ ആഘോഷിക്കുകയാണെന്ന് വര്‍ഷങ്ങളായി അഭിപ്രായങ്ങളും പ്രതിഷേധങ്ങളും ഉയരുന്നുണ്ടെങ്കിലും കസബ എന്ന ചിത്രത്തിലെ സ്ത്രീവിരുദ്ധ സംഭാഷണങ്ങള്‍ക്കെതിരെ നടികള്‍ തന്നെ പ്രതിഷേധമായി രംഗത്തുവന്നതോടെയാണ് ചര്‍ച്ചകള്‍ക്കു ചൂടേറിയത്.

മലയാളി ആഘോഷിച്ച പല ഹിറ്റ് ഡയലോഗുകളിലും തമാശകളിലും നിറയുന്ന സ്ത്രീവിരുദ്ധത തുറന്നുകാണിച്ചുകൊണ്ട് സിനിമ പ്രവര്‍ത്തകരും പ്രേക്ഷകരും രംഗത്തുവന്നിരുന്നു. സോഷ്യല്‍ മീഡിയയില്‍ അത്തരം ഡയലോഗുകള്‍ക്ക് കുറിക്കുകൊള്ളുന്ന മറുപടിയുമായുള്ള ട്രോളുകളും സജീവമായിരുന്നു.


Read Also: മലയാളി ആഘോഷിച്ച സ്ത്രീവിരുദ്ധ സിനിമാ ഡയലോഗുകള്‍


സ്ത്രീവിരുദ്ധത പരാമര്‍ശങ്ങള്‍ക്കെതിരെ ഉയര്‍ന്ന ഈ മുന്നേറ്റത്തിനെതിരെയും നിരവധി പേരാണ് രംഗത്തുവന്നത്. കസബ സംവിധാനം ചെയ്തത് രഞ്ജി പണിക്കരുടെ മകന്‍ നിതിന്‍ രഞ്ജി പണിക്കരായിരുന്നു. തന്റെ സിനിമയെയും അതിലൂടെ ഒളിച്ചുകടത്തപ്പെട്ട ലിംഗാധിപത്യത്തെയും പ്രതിരോധിച്ചുകൊണ്ടായിരുന്നു നിതിന്‍ സംസാരിച്ചിരുന്നത്. ഇതിനിടയിലാണ് തന്റെ തിരക്കഥകളില്‍ തെറ്റുണ്ടായിരുന്നെന്ന് തുറന്നു പറഞ്ഞുകൊണ്ട് അച്ഛന്‍ മുന്നോട്ട് വന്നിരിക്കുന്നത്.

ചോക്കലേറ്റ് പോലുള്ള ജനപ്രിയ സിനിമകളില്‍ സ്ത്രീവിരുദ്ധ പരാമര്‍ശമടങ്ങുന്ന സംഭാഷണങ്ങള്‍ രംഗത്തവതരിപ്പിച്ചതിന് മാപ്പു പറയാന്‍ നടന്‍ പൃഥ്വിരാജാണ് ആദ്യം തയ്യാറായത്. വലിയ പിന്തുണയാണ് അദ്ദേഹത്തിന്റെ ഈ പ്രസ്താവനയ്ക്കു ലഭിച്ചത്.

രാഷ്ട്രീയശരികള്‍ക്കൊപ്പമാണ് നില്‍ക്കുന്നതെന്ന് പൃഥ്വിരാജിന്റെ പ്രഖ്യാപനത്തിനു ശേഷം ആദ്യമായാണ് ചലച്ചിത്രമേഖലയില്‍ നിന്നും മറ്റൊരാള്‍ ഇത്തരത്തിലൊരു തീരുമാനമെടുക്കാന്‍ തയ്യാറായിരിക്കുന്നത്. ഈ തീരുമാനം അഭിനന്ദനാര്‍ഹമാണെന്നും മാറ്റത്തിന്റെ തുടക്കമാണെന്നും റിമ കല്ലിങ്കലും പറയുന്നു.


ശ്രീഷ്മ കെ