മകന്‍ നിതിന്‍ സംവിധാനം ചെയ്ത ചിത്രം കസബ വിമര്‍ശിക്കപ്പെടുന്നു എന്നതിനര്‍ത്ഥം ആ സിനിമ ശ്രദ്ധിക്കപ്പെട്ടു എന്നുകൂടിയാണെന്ന് നടനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കര്‍. വനിത മാഗസിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്.
വിമര്‍ശനങ്ങളെ അഭിമുഖീകരിക്കാനുള്ള ധൈര്യം നമ്മള്‍ കണ്ടെത്തും എന്നതാണ് അതിന്റെ ഏറ്റവും നല്ല ഗുണമെന്നും സ്വയം വിലയിരുത്താനും അഴിച്ചു പണിയാനും പുതുക്കാനുമൊക്കെ വിമര്‍ശനങ്ങള്‍ സഹായിക്കുമെന്നും രഞ്ജി പണിക്കര്‍ പറയുന്നു.
രഞ്ജി പണിക്കരുടെ മകന്‍ നിതിന്‍ രഞ്ജി പണിക്കരാണ് മമ്മൂട്ടി നായകനായ കസബ സംവിധാനം ചെയ്തത്. സ്ത്രീവിരുദ്ധമായ സീനുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന വിമര്‍ശനമാണ് കസബ സിനിമക്കെതിരെ നിലനില്‍ക്കുന്നത്. കസബയിലെ സ്ത്രീ വിരുദ്ധത തുറന്നു പറഞ്ഞ നടി പാര്‍വതി തിരുവോത്തിനെതിരെ വലിയ രീതിയില്‍ സൈബര്‍ ആക്രമണം ഉണ്ടായിരുന്നു. പാര്‍വതി അതിനെതിരെ പരാതി കൊടുക്കുകയും ചെയ്തിരുന്നു.
സുരേഷ് ഗോപി നായകനായ കാവല്‍ ആണ് നിതിന്‍ രഞ്ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം. കാവല്‍ സിനിമയുമായി ബന്ധപ്പെട്ട് നിതിന്‍ നടത്തിയ പരാമര്‍ശങ്ങളും വിവാദമായിരുന്നു. സിനിമയില്‍ പൊളിറ്റിക്കലി കറക്ടാവാന്‍ താന്‍ ശ്രമിച്ചിട്ടില്ലെന്നാണ് നിതിന്‍ പറഞ്ഞത്. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു സംവിധായകന്റെ പരാമര്‍ശം.
ബോളിവുഡ്, ഹോളിവുഡ് തുടങ്ങി ഏത് സിനിമാമേഖലയിലായാലും പുരുഷന്മാര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോള്‍ ആണത്തം അതിന്റെ ഭാഗമായിരിക്കുമെന്നും നിതിന്‍ പറഞ്ഞിരുന്നു.