ആ നടനെപ്പോലെ മലയാളസിനിമയില്‍ മറ്റാരെയും ഞാന്‍ സ്‌നേഹിച്ചിട്ടില്ല: രണ്‍ജി പണിക്കര്‍
Entertainment
ആ നടനെപ്പോലെ മലയാളസിനിമയില്‍ മറ്റാരെയും ഞാന്‍ സ്‌നേഹിച്ചിട്ടില്ല: രണ്‍ജി പണിക്കര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 4th October 2024, 4:57 pm

മലയാളത്തിലെ എണ്ണം പറഞ്ഞ മാസ് സിനിമകള്‍ക്ക് വേണ്ടി തൂലിക ചലിപ്പിച്ച എഴുത്തുകാരനാണ് രണ്‍ജി പണിക്കര്‍. 1990ല്‍ ഡോക്ടര്‍ പശുപതി എന്ന ചിത്രത്തിലൂടെയാണ് തിരക്കഥാരചനയുടെ ലോകത്തേക്ക് രണ്‍ജി കടന്നുവന്നത്. ഷാജി കൈലാസ് സംവിധാനം ചെയ്ത തലസ്ഥാനത്തിലൂടെ മാസ് സിനിമകള്‍ക്ക് പുതിയൊരു മാനം രണ്‍ജി പരിചയപ്പെടുത്തി. ദി കിങ്, കമ്മീഷണര്‍, ലേലം, പ്രജ, പത്രം തുടങ്ങിയ ചിത്രങ്ങളിലെ തീപ്പൊരി ഡയോഗുകള്‍ ഇന്നും മലയാളികളെ രോമാഞ്ചം കൊള്ളിക്കുന്നവയാണ്.

മലയാളത്തില്‍ തനിക്ക് ഏറ്റവും ആത്മബന്ധമുള്ള നടനെപ്പറ്റി സംസാരിക്കുകയാണ് രണ്‍ജി പണിക്കര്‍. എം.ജി. സോമനെപ്പോലെ താന്‍ മറ്റൊരു നടനെയും സ്‌നേഹിച്ചിട്ടില്ലെന്ന് രണ്‍ജി പറഞ്ഞു. താന്‍ എഴുതിയ സിനിമകളില്‍ സ്ഥലത്തെ പ്രധാന പയ്യന്‍സ്, ഏകലവ്യന്‍ എന്നീ സിനിമകളൊഴികെ ബാക്കി എല്ലാ മാസ് സിനിമകളിലും സോമന്‍ ഭാഗമായിട്ടുണ്ടെന്ന് രണ്‍ജി പണിക്കര്‍ കൂട്ടിച്ചേര്‍ത്തു. അദ്ദേഹത്തോടൊപ്പം വര്‍ക്ക് ചെയ്യുന്നത് വളരെയധികം സന്തോഷം നല്‍കുന്ന കാര്യമാണെന്നും രണ്‍ജി പണിക്കര്‍ പറഞ്ഞു.

അദ്ദേഹവുമായുള്ള വ്യക്തിബന്ധം അത്രമാത്രം വലുതാണെന്നും താന്‍ ഏറെ ബഹുമാനിക്കുന്ന നടനാണ് സോമനെന്നും രണ്‍ജി പണിക്കര്‍ പറഞ്ഞു. അദ്ദേഹത്തിന് തന്നോടും അതേ ബന്ധമാണെന്നും എല്ലാവരെയും ഒരുപോലെ സ്‌നേഹിക്കുന്ന നടനാണ് സോമനെന്നും രണ്‍ജി പണിക്കര്‍ കൂട്ടിച്ചേര്‍ത്തു. സവിശേഷ വ്യക്തിത്വത്തിന്റെ ഉടമയാണ് സോമന്‍ എന്ന നടനെന്നും രണ്‍ജി പണിക്കര്‍ പറഞ്ഞു. അമൃത ടി.വിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘തലസ്ഥാനം മുതലുള്ള ബന്ധമാണ് ഞാനും സോമേട്ടനും തമ്മില്‍. തലസ്ഥാനം മുതല്‍ എന്റെ ഒരുവിധം എല്ലാ സിനിമയിലും അദ്ദേഹം ഭാഗമായിരുന്നു. സ്ഥലത്തെ പ്രധാന പയ്യന്‍സ്, ഏകലവ്യന്‍ ഒഴികെ ബാക്കിയുള്ള സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. സോമേട്ടനോളം മലയാളസിനിമയില്‍ മറ്റാരെയെങ്കിലും ഞാന്‍ സ്‌നേഹിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ല എന്നേ പറയാന്‍ കഴിയൂ.

സോമേട്ടന് തിരിച്ചും അതുപോലെ തന്നെയാണ്. അദ്ദേഹത്തിന്റെ കൂടെ ഇടപഴകുമ്പോള്‍ നമ്മളെയാണ് ഏറ്റവും കൂടുതല്‍ സ്‌നേഹിക്കുന്നതെന്ന് തോന്നിപ്പോകും. അത് അടുത്ത് നിന്നറിഞ്ഞ ചുരുക്കം ആളുകളില്‍ ഒരാളാണ് ഞാന്‍. എല്ലാവരെയും ഒരുപോലെ കാണാന്‍ സാധിക്കുന്ന സവിശേഷ വ്യക്തിത്വത്തിന്റെ ഉടമയാണ് സോമന്‍ എന്ന നടന്‍. അത്തരം നടന്മാര്‍ ഇന്‍ഡസ്ട്രിയില്‍ വളരെ കുറവാണ്,’ രണ്‍ജി പണിക്കര്‍ പറഞ്ഞു.

Content Highlight: Renji Panicker about his friendship with MG Soman