തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നീ നിലകളില്‍ മലയാളികളെ കോരിത്തരിപ്പിച്ചയാളാണ് രണ്‍ജി പണിക്കര്‍. ഷാജി കൈലാസ് സംവിധാനം ചെയ്ത ഡോക്ടര്‍ പശുപതിയിലൂടെയാണ് രണ്‍ജി പണിക്കര്‍ തന്റെ സിനിമജീവിതം ആരംഭിച്ചത്. ആദ്യ ചിത്രം കോമഡി ഴോണറിലുള്ളതായിരുന്നെങ്കില്‍ പിന്നീട് മലയാളസിനിമയിലെ എക്കാലത്തെയും മികച്ച ഫയര്‍ബ്രാന്‍ഡ് കഥാപാത്രങ്ങള്‍ അദ്ദേഹത്തിന്റെ തൂലികയിലൂടെ പിറന്നു.
കരിയറിന്റെ തുടക്കത്തില്‍ ഒന്നുരണ്ട് സിനിമകളില്‍ ചെറിയ വേഷങ്ങള്‍ ചെയ്ത രണ്‍ജി പണിക്കര്‍ 2014ല്‍ പുറത്തിറങ്ങിയ ഓം ശാന്തി ഓശാനയിലൂടെ അഭിനയത്തില്‍ സജീവമായി. ക്യാരക്ടര്‍ റോളുകളിലൂടെയും വില്ലന്‍ റോളുകളിലൂടെയും രഞ്ജി പണിക്കര്‍ കരിയറിലെ രണ്ടാം ഇന്നിങ്‌സ് മുന്നോട്ടു കൊണ്ടുപോവുകയാണ്. താന്‍ ആദ്യമായി വലിയൊരു റോള്‍ ചെയ്തത് ഷാജി കൈലാസ് സംവിധാനം ചെയ്ത മാഫിയയിലായിരുന്നുവെന്ന് രണ്‍ജി പണിക്കര്‍ പറഞ്ഞു.
ഒരു കന്നഡ നടന്‍ ചെയ്യേണ്ട വേഷമായിരുന്നു അതെന്നും അയാളെ കിട്ടാത്തതുകൊണ്ട് അവസാനനിമിഷം താന്‍ ആ വേഷം ചെയ്യേണ്ടി വന്നെന്നും രണ്‍ജി പണിക്കര്‍ പറഞ്ഞു. ആ നടന് വേണ്ടി തയാറാക്കിയ വിഗ്ഗൊക്കെ വെച്ചിട്ടാണ് താന്‍ അഭിനയിച്ചതെന്നും പെട്ടെന്ന് നോക്കിയാല്‍ അത് താനാണെന്ന് മനസിലാകില്ലെന്നും രണ്‍ജി പണിക്കര്‍ കൂട്ടിച്ചേര്‍ത്തു. ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
‘അഭിനയത്തില്‍ സജീവമായത് ഓം ശാന്തി ഓശാന മുതലാണ്. പക്ഷേ അതിന് മുമ്പ് മൂന്നുനാല് സിനിമകളില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. ഡോക്ടര്‍ പശുപതിയില്‍ ഒരു പാസിങ് ഷോട്ടില്‍ ഞാനുണ്ടായിരുന്നു. അതുപോലെ തലസ്ഥാനത്തില്‍ ഒരു രാഷ്ട്രീയക്കാരന്റെ വേഷം ചെയ്തിട്ടുണ്ട്. കമ്മീഷണറില്‍ പത്രക്കാരന്റെ റോളില്‍ വന്നിട്ടുണ്ട്. ആദ്യമായി വലിയൊരു വേഷം ചെയ്തത് മാഫിയയിലായിരുന്നു. ഹോം മിനിസ്റ്റര്‍ നഞ്ചപ്പ എന്ന കഥാപാത്രത്തെയാണ് ഞാന്‍ ചെയ്തത്.
ആ വേഷത്തിലേക്ക് ആദ്യം നോക്കിയത് ഒരു കന്നഡ നടനെയായിരുന്നു. പക്ഷേ ഷൂട്ട് തുടങ്ങിയ സമയത്ത് അയാള്‍ക്ക് വരാന്‍ സാധിച്ചില്ല. അവസാനനിമിഷം ആ റോള്‍ എന്നോട് ചെയ്യാന്‍ ഷാജി പറഞ്ഞു. ആ നടന് വേണ്ടി തയാറാക്കിയ വിഗ്ഗൊക്കെ വെച്ച്, അന്നത്തെ കാലത്ത് താടിയൊക്കെ ഉണ്ടായിരുന്നു. ആ ക്യാരക്ടറായി ഞാന്‍ വന്നപ്പോള്‍ പലര്‍ക്കും എന്നെ മനസിലായില്ല,’ രണ്‍ജി പണിക്കര്‍ പറഞ്ഞു.
Content Highlight: Renji Panicker about his character in Mafia movie