'എന്നെ മാത്രം പഴിചാരിയിട്ട് കാര്യമില്ല; കിസിറ്റോ എത്താന്‍ വൈകിയതിന് പിന്നില്‍ മാനേജ്‌മെന്റിന്റെ അനാസ്ഥയും പിടിപ്പു കേടും'; ബ്ലാസ്റ്റേഴ്‌സിനെതിരെ തുറന്നടിച്ച് റെനെ മ്യൂളന്‍സ്റ്റീന്‍
ISL
'എന്നെ മാത്രം പഴിചാരിയിട്ട് കാര്യമില്ല; കിസിറ്റോ എത്താന്‍ വൈകിയതിന് പിന്നില്‍ മാനേജ്‌മെന്റിന്റെ അനാസ്ഥയും പിടിപ്പു കേടും'; ബ്ലാസ്റ്റേഴ്‌സിനെതിരെ തുറന്നടിച്ച് റെനെ മ്യൂളന്‍സ്റ്റീന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 21st January 2018, 10:18 am

ലണ്ടന്‍: പുറത്തായ കേരളാ ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ റെനെ മ്യൂളന്‍സ്റ്റീനെതിരെ ഏറ്റവും കൂടുതല്‍ പ്രതിഷേധമുയര്‍ന്നത് കിസിറ്റോയെ കളിപ്പിക്കാന്‍ വൈകി എന്നതായിരുന്നു. ആദ്യ മത്സരത്തില്‍ തന്നെ മഞ്ഞപ്പടയുടെ ഡൂഡ് ആയി മാറിയ കിസിറ്റോയുമായി കരാറില്‍ ഒപ്പിടാന്‍ വൈകിയത് ആരാധകരെ ചൊടിപ്പിച്ചിരുന്നു. റെനെ ടീം വിട്ടതിന് തൊട്ടടുത്ത മത്സരത്തിലാണ് കിസിറ്റോ ബ്ലാസ്‌റ്റേഴ്‌സിനായി അരങ്ങേറിയത്.

എന്നാല്‍ കിസിറ്റോയുമായി കരാറില്‍ ഒപ്പിടാന്‍ വൈകിയതില്‍ തന്നെ മാത്രം പഴി ചാരിയിട്ട് കാര്യമില്ലെന്നാണ് റെനെ പറയുന്നത്. മാനേജ്മെന്റിന്റെ അനാസ്ഥ ബ്ലാസ്റ്റേഴ്‌സിന്റെ കളിയെ ബാധിച്ചെന്നും കിസീറ്റോയുടെ സൈനിംഗ് വൈകിയത് അതിനു ഉദാഹരണം ആണെന്നും റെനെ പറയുന്നു. ഡ്രാഫ്റ്റ് സിസ്റ്റം തനിക്ക് വേണ്ട പോലെ ഉപയോഗിക്കാവുന്ന തരത്തില്‍ അല്ലായിരുന്നുവെന്നും പക്ഷെ വിദേശ താരങ്ങളെ തിരഞ്ഞെടുക്കുന്നതില്‍ തനിക്ക് പിഴച്ചിട്ടില്ലെന്നും അദ്ദേഹം പറയുന്നു. പേകൂസണ്‍നെയും സിഫ്നെയോസിനെയും കിസിട്ടോയെയുമൊക്കെ ഇതിനുള്ള ഉദാഹരണമായി റെനെ ചൂണ്ടിക്കാണിക്കുന്നു.

ആദ്യ മത്സരങ്ങളില്‍ തനിക്ക് നഷ്ടപ്പെട്ടത്്് കിസീറ്റോയെ ആണ്. കിസീറ്റോയുടെ സൈനിംഗ് പൂര്‍ത്തീകരിക്കാന്‍ വൈകിയത് മാനേജ്‌മെന്റിന്റെ തെറ്റ് ആയിരുന്നുവെന്നും ഡിസംബറില്‍ ബ്ലാസ്റ്റേഴ്‌സ് ഓണര്‍ പ്രസാദ് ഈ കാര്യം അറിയുമ്പോള്‍ മാത്രം ആണ് സൈനിംഗ് നടന്നത് എന്നും റെനെ പറയുന്നു.

നേരത്തെ ബ്ലാസ്റ്റേഴ്‌സ് നായകന്‍ സന്ദേശ് ജിങ്കനെതിരേയും റെനെ ആഞ്ഞടിച്ചിരുന്നു. പ്രൊഫഷണലിസമില്ലാത്ത താരമാണ് ജിങ്കനെന്നും ഗോവയ്ക്കെതിരായ തോല്‍വിക്ക് പിന്നാലെ ജിങ്കന്‍ പാര്‍ട്ടിയിലായിരുന്നെന്നും പുലര്‍ച്ചെ നാലുവരെ മദ്യപിച്ചെന്നും റെനെ ആരോപിക്കുന്നു. ഇംഗ്ലീഷ് മാധ്യമമായ ഗോള്‍.കോമിന് നല്‍കിയ അഭിമുഖത്തിലാണ് ജിങ്കനെതിരെ അദ്ദേഹം വിമര്‍ശനമുന്നയിക്കുന്നത്.

“5-2ന് എഫ്സി ഗോവയ്ക്കെതിരായ മത്സരത്തില്‍ തോറ്റതിന് പിന്നാലെ ജിങ്കന്‍ പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ പോകുകയും പുലര്‍ച്ചെ നാലുമണി വരെ മദ്യപിച്ചിരിക്കുകയുമാണ് ചെയ്തത്. നിങ്ങളിതിനെ നല്ല പ്രൊഫഷണലിസമായി പറയുമോ ? ക്യാപ്റ്റനെന്ന നിലയക്ക് നല്ലതെന്ന് പറയുകയാണെങ്കില്‍ മോശം രീതിയാണെന്നെ പറയാന്‍ കഴിയുകയുള്ളൂ”

ബംഗളൂരുവിനെതിരായ മത്സരത്തില്‍ ജയിക്കണമെന്ന് അവര്‍ക്ക് ആഗ്രഹമുണ്ടായിരുന്നില്ല. പന്ത് കൈകൊണ്ട് തട്ടി ജിങ്കന് പെനാല്‍റ്റി വഴങ്ങേണ്ട കാര്യമുണ്ടായിരുന്നില്ല. മൂന്നാമത്തെ ഗോള്‍ നേടാന്‍ മിക്കുവിനെ ജിങ്കന്‍ അനുവദിച്ചെന്നും റെനെ പറയുന്നു.

താന്‍ രാജിവെച്ച് പുറത്തായ ദിനം ടീമിന്റെ പ്രകടനത്തെ കുറിച്ച് നായകനോട് ആരാഞ്ഞപ്പോള്‍ ജിങ്കനെ മദ്യം മണക്കുന്നുണ്ടായിരുന്നെന്നും റെനെ ആരോപിക്കുന്നു. രാജ്യത്തെ വലിയ പ്രൊഫഷണല്‍ താരമെന്നാണ് ജിങ്കന്‍ സ്വയം കരുതുന്നതെന്നും എന്നാല്‍ മറ്റുള്ളവരെ കൂടി അദ്ദേഹം താഴെയാക്കിയിരിക്കുകയാണെന്നും റെനെ പറയുന്നു.

തനിക്ക് കീഴില്‍ ബ്ലാസ്റ്റേഴ്സ് ഡ്രസിങ് റൂമില്‍ പ്രശ്നങ്ങളൊന്നും ഇല്ലായിരുന്നുവെന്നും ജിങ്കനോട് പോലും പ്രശ്നം ഇല്ലായിരുന്നുവെന്നും റെനെ പറഞ്ഞു. തന്നെ കുറിച്ചോ പരിശീലനത്തെ കുറിച്ചോ ഇന്ത്യന്‍ താരങ്ങള്‍ പരാതി പറയാന്‍ സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു.