| Friday, 23rd August 2024, 9:59 pm

പഴയ പോര്‍ച്ചുഗീസ് ക്ലബ്ബിലേക്ക് മടങ്ങിവരുന്നതാണ് അവന് നല്ലത്: പരിശീലകന്‍ റെനെ മ്യുളന്‍സ്റ്റീന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഫുട്ബോള്‍ ലോകത്തെ മികച്ച താരങ്ങളില്‍ ഒരാളാണ് ക്രിസ്ത്യാനോ റൊണാള്‍ഡോ. നിലവില്‍ അല്‍ നസറിന് വേണ്ടിയാണ് താരം കളിക്കുന്നത്. സൂപ്പര്‍ കപ്പ് ഫൈനലില്‍ റൊണാള്‍ഡോക്ക് മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചില്ലായിരുന്നു.

അല്‍ ഹിലാലിനോട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ടീമിന് പരാജയം ഏറ്റുവാങ്ങേണ്ടി വന്നത്. അന്ന് കളിക്കളത്തില്‍ താരം സ്വന്തം ടീം അംഗങ്ങളോട് ദേഷ്യപ്പെടുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു. ഇപ്പോള്‍ താരത്തിനെ തിരികെ യൂറോപ്യന്‍ ലീഗുകളിലേക്ക് മടങ്ങി വരാന്‍ നിര്‍ദേശിച്ചിരിക്കുകയാണ് പരിശീലകന്‍ റെനെ മ്യുളന്‍സ്റ്റീന്‍. റെനെ കോരള ബ്ലാസ്‌റ്റേഴ്‌സ് പരിശീലകനായിരുന്നു.

‘ക്രിസ്റ്റ്യാനോ റൊണാള്‍ഡോ യൂറോപ്പിലേക്ക് മടങ്ങിയെത്തുകയും അവിടെവച്ച് കരിയര്‍ അവസാനിപ്പിക്കുകയും ചെയ്താല്‍ അതൊരു മനോഹരമായ കാര്യമായിരിക്കും. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം അതാണ് നല്ലതെന്ന് എനിക്ക് തോന്നുന്നു. ഒരുപാട് കാരണങ്ങള്‍ കൊണ്ട് അദ്ദേഹം യൂറോപ്പിലേക്ക് മടങ്ങി എത്തേണ്ടതുണ്ട്.

അവന് ഏറ്റവും നല്ലത് തന്റെ പഴയ പോര്‍ച്ചുഗീസ് ക്ലബ്ബായ സ്‌പോര്‍ട്ടിങ്ങിലേക്ക് എത്തുന്നതാണ്. ഫുട്‌ബോളില്‍ നിന്നും അദ്ദേഹം എപ്പോഴാണ് വിരമിക്കല്‍ പ്രഖ്യാപിക്കുക എന്നത് കാത്തിരുന്ന കാണേണ്ട കാര്യമാണ്,’ റെനെ മ്യുളന്‍സ്റ്റീന്‍ പറഞ്ഞു.

2024 സൗദി സൂപ്പര്‍ കപ്പില്‍ രണ്ടു മത്സരങ്ങളില്‍ നിന്ന് രണ്ട് ഗോളും ഒരു അസിസ്റ്റും റൊണാള്‍ഡോ സ്വന്തമാക്കിയിരുന്നു. സൗദി പ്രോ ലീഗില്‍ 31 മത്സരങ്ങളില്‍ നിന്നും 35 ഗോളുകള്‍ നേടിയ റൊണാള്‍ഡോ 11 അസിസ്റ്റ് ഗോളുകളും സ്വന്തമാക്കി തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവച്ചത്. 2003- 24 എസ്.എഫ്.സി ചാമ്പ്യന്‍സ് ലീഗില്‍ 9 മത്സരങ്ങളില്‍ നിന്നും ആറ് ഗോളുകളും താരം നേടിയിരുന്നു.

Content Highlight: Rene Muelenstein Talking About Cristiano Ronaldo

We use cookies to give you the best possible experience. Learn more