| Saturday, 20th January 2018, 11:49 pm

ജിങ്കന് പ്രൊഫഷണലിസമില്ല; ബെംഗളൂരുവിനെതിരായി ജയിക്കണമെന്ന് ബ്ലാസ്‌റ്റേഴ്‌സിന് ആഗ്രഹമുണ്ടായിരുന്നില്ല: വിമര്‍ശനവുമായി റെനെ മ്യുളന്‍സ്റ്റീന്‍

സ്പോര്‍ട്സ് ഡെസ്‌ക്

കേരള ബ്ലാസ്‌റ്റേഴ്‌സ് ക്യാപ്റ്റന്‍ സന്ദേശ് ജിങ്കനെതിരെ വിമര്‍ശനവുമായി മുന്‍കോച്ച് റെനെ മ്യുളന്‍സ്റ്റീന്‍. പ്രൊഫഷണലിസമില്ലാത്ത താരമാണ് ജിങ്കനെന്നും ഗോവയ്‌ക്കെതിരായ തോല്‍വിക്ക് പിന്നാലെ ജിങ്കന്‍ പാര്‍ട്ടിയിലായിരുന്നെന്നും പുലര്‍ച്ചെ നാലുവരെ മദ്യപിച്ചെന്നും റെനെ ആരോപിക്കുന്നു. ഇംഗ്ലീഷ് മാധ്യമമായ ഗോള്‍.കോമിന് നല്‍കിയ അഭിമുഖത്തിലാണ് ജിങ്കനെതിരെ അദ്ദേഹം വിമര്‍ശനമുന്നയിക്കുന്നത്.

“5-2ന് എഫ്‌സി ഗോവയ്‌ക്കെതിരായ മത്സരത്തില്‍ തോറ്റതിന് പിന്നാലെ ജിങ്കന്‍ പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ പോകുകയും പുലര്‍ച്ചെ നാലുമണി വരെ മദ്യപിച്ചിരിക്കുകയുമാണ് ചെയ്തത്. നിങ്ങളിതിനെ നല്ല പ്രൊഫഷണലിസമായി പറയുമോ ? ക്യാപ്റ്റനെന്ന നിലയക്ക് നല്ലതെന്ന് പറയുകയാണെങ്കില്‍ മോശം രീതിയാണെന്നെ പറയാന്‍ കഴിയുകയുള്ളൂ”

ബംഗളൂരുവിനെതിരായ മത്സരത്തില്‍ ജയിക്കണമെന്ന് അവര്‍ക്ക് ആഗ്രഹമുണ്ടായിരുന്നില്ല. പന്ത് കൈകൊണ്ട് തട്ടി ജിങ്കന് പെനാല്‍റ്റി വഴങ്ങേണ്ട കാര്യമുണ്ടായിരുന്നില്ല. മൂന്നാമത്തെ ഗോള്‍ നേടാന്‍ മിക്കുവിനെ ജിങ്കന്‍ അനുവദിച്ചെന്നും റെനെ പറയുന്നു.

താന്‍ രാജിവെച്ച് പുറത്തായ ദിനം ടീമിന്റെ പ്രകടനത്തെ കുറിച്ച് നായകനോട് ആരാഞ്ഞപ്പോള്‍ ജിങ്കനെ മദ്യം മണക്കുന്നുണ്ടായിരുന്നെന്നും റെനെ ആരോപിക്കുന്നു.

രാജ്യത്തെ വലിയ പ്രൊഫഷണല്‍ താരമെന്നാണ് ജിങ്കന്‍ സ്വയം കരുതുന്നതെന്നും എന്നാല്‍ മറ്റുള്ളവരെ കൂടി അദ്ദേഹം താഴെയാക്കിയിരിക്കുകയാണെന്നും റെനെ പറയുന്നു.

തനിക്ക് കീഴില്‍ ബ്ലാസ്റ്റേഴ്‌സ് ഡ്രസിങ് റൂമില്‍ പ്രശ്‌നങ്ങളൊന്നും ഇല്ലായിരുന്നുവെന്നും ജിങ്കനോട് പോലും പ്രശ്‌നം ഇല്ലായിരുന്നുവെന്നും റെനെ പറഞ്ഞു. തന്നെ കുറിച്ചോ പരിശീലനത്തെ കുറിച്ചോ ഇന്ത്യന്‍ താരങ്ങള്‍ പരാതി പറയാന്‍ സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു.

We use cookies to give you the best possible experience. Learn more