ഡസ്റ്ററിനു ശേഷം വിപണിയില്‍ മികച്ച നേട്ടം കൊയ്ത എന്‍ട്രി ലവല്‍ ഹാച്ച്ബാക്ക് ക്വിഡിന് അടിത്തറയാവുന്ന കോമണ്‍ മൊഡ്യൂള്‍ ഫാമിലി ആര്‍ക്കിടെക്ചര്‍(സി.എം.എഫ്-എ) പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കി കൂടുതല്‍ മോഡലുകള്‍ പുറത്തിറക്കാനുള്ള പദ്ധതിയുമായി ഫ്രഞ്ച് നിര്‍മ്മാതാക്കളായ റെനോ.
റെനോയുടെ പങ്കാളിയും ജാപ്പനീസ് നിര്‍മാതാക്കളുമായ നിസ്സാനും സി.എം.എഫ്-എ പ്ലാറ്റ്‌ഫോം അടിത്തറയാക്കി വാഹനങ്ങള്‍ പുറത്തിറക്കുന്നുണ്ട്. സി.എം.എഫ്-എ പ്ലാറ്റ്‌ഫോമില്‍ റെനോ പുറത്തിറക്കിയ ആദ്യ മോഡലായിരുന്നു ക്വിഡ്. തുടര്‍ന്ന് ഇതേ പ്ലാറ്റ്‌ഫോമില്‍ നിസ്സാന്റെ ബജറ്റ് ബ്രാന്‍ഡായ ഡാറ്റ്‌സന്‍ നിര്‍മ്മിച്ച ടോള്‍ ബോയ് ഹാച്ച്ബാക്കായ റെഡി ഗോയും ഈയിടെ വിപണിയിലെത്തിയിരുന്നു.
നാലു മീറ്റര്‍ വരെ നീളമുള്ള കാറുകള്‍ സി.എം.എഫ്-എ പ്ലാറ്റ്‌ഫോമില്‍ നിര്‍മിക്കാനാവുമെന്നു റെനോ ഇന്ത്യ കണ്‍ട്രി ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറും മാനേജിങ് ഡയറക്ടറുമായ സുമിത് സാഹ്‌നി വെളിപ്പെടുത്തി. ഈ സാധ്യത പ്രയോജനപ്പെടുത്തി വിവിധ വിഭാഗങ്ങളില്‍ പുതുമയാര്‍ന്ന മോഡലുകള്‍ അവതരിപ്പിക്കാനാണു കമ്പനിയുടെ നീക്കമെന്നും അദ്ദേഹം വിശദീകരിച്ചു.
സമീപ ഭാവിയില്‍ ഓരോ വര്‍ഷവും ഓരോ പുതിയ മോഡല്‍ ഇന്ത്യയില്‍ അവതരിപ്പിക്കാനാണു റെനോയുടെ തീരുമാനം. ഇതില്‍ പലതും ആഗോള വിപണി ലക്ഷ്യമിട്ട് ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന മോഡലുകളാവുമെന്നും അദ്ദേഹം സൂചിപ്പിച്ചു. ഇന്ത്യയിലെ വില്‍പ്പനയില്‍ 70 ശതമാനത്തോളം നാലു മീറ്ററില്‍ താഴെ നീളമുള്ള കാറുകളാണ്; അതിനാല്‍ ഈ വിഭാഗത്തിലേക്ക് സി.എം.എഫ്-എ പ്ലാറ്റ്‌ഫോമാകും കമ്പനി പ്രയോജനപ്പെടുത്തുക. അവശേഷിക്കുന്ന വിഭാഗങ്ങളില്‍ ആഗോള ശ്രേണിയില്‍ നിന്നുള്ള മോഡലുകളാവും റെനോ അവതരിപ്പിക്കുകയെന്നും അദ്ദേഹം അറിയിച്ചു.
ഭാവി ഉല്‍പന്നങ്ങളെപ്പറ്റി സാഹ്‌നി സൂചന നല്‍കിയില്ലെങ്കിലും ക്വിഡിന്റെ പ്ലാറ്റ്‌ഫോമില്‍ റെനോ പുതിയ ക്രോസോവറും കോംപാക്ട് സെഡാനും കോംപാക്ട് എസ്.യു.വിയുമൊക്കെ പുറത്തിറക്കാനാണു സാധ്യത. വേറിട്ട വ്യക്തിത്വത്തിനായി മോഡലുകളുടെ രൂപകല്‍പ്പനയിലും സംവിധാനങ്ങളിലുമൊക്കെയാവും കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുക.