റെനോയുടെ ഇന്ത്യന്‍ നിരയില്‍ ഏറ്റവുമധികം പ്രചാരമുള്ള മോഡലാണ് ക്വിഡ്. എന്നാല്‍ ക്വിഡ് ഹാച്ച്ബാക്കിനെ ഇന്ത്യന്‍ വിപണിയില്‍ നിന്നും റെനോ തിരിച്ചുവിളിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. സ്റ്റിയറിംഗ് വീലിലുണ്ടായ നിര്‍മ്മാണ പിഴവിന്റെ പേരിലാണ് ഏറ്റവും കൂടുതല്‍ വിറ്റഴിക്കുന്ന ക്വിഡ് ഹാച്ച്ബാക്കിനെ റെനോ തിരിച്ചു വിളിക്കുന്നത്.
800 സി.സി ക്വിഡ് പതിപ്പുകളിലാണ് നിര്‍മ്മാണ പിഴവു കണ്ടെത്തിയിരിക്കുന്നത്. പ്രശ്‌നസാധ്യതയുള്ള ക്വിഡ് ഹാച്ച്ബാക്ക് ഉടമസ്ഥര്‍ക്ക് നിര്‍മ്മാണ പിഴവു സംബന്ധിച്ച വിശദ വിവരങ്ങള്‍ റെനോ കത്ത് മാര്‍ഗ്ഗം അയച്ചു കഴിഞ്ഞു. ഇതു സംബന്ധിച്ച ഔദ്യോഗിക വിവരങ്ങള്‍ വരും ദിവസങ്ങളില്‍ റെനോ പുറത്തുവിടും.
അടുത്തുള്ള റെനോ സര്‍വീസ് സെന്ററില്‍ നിന്നും ഉടമസ്ഥര്‍ക്ക് കാര്‍ പരിശോധിപ്പിച്ച് പ്രശ്‌നങ്ങള്‍ ഇല്ലെന്ന് ഉറപ്പ് വരുത്താം. ഹാച്ച്ബാക്കില്‍ പ്രശ്‌നം കണ്ടെത്തിയാല്‍ തികച്ചും സൗജന്യമായി ഡീലര്‍ഷിപ്പുകള്‍ മുഖേനെ കമ്പനി പരിഹാര നടപടികള്‍ സ്വീകരിക്കും.
800 സി.സി പതിപ്പിലാണ് ക്വിഡ് ആദ്യമായി ഇന്ത്യന്‍ വിപണിയില്‍ എത്തിയത്. നാവിഗേഷന് ഒപ്പമുള്ള ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം ഉള്‍പ്പെടെ നിരവധി പ്രീമിയം ഫീച്ചറുകളാണ് ക്വിഡ് ഹാച്ച്ബാക്കില്‍ റെനോ നല്‍കുന്നത്. 1.0 ലിറ്റര്‍, 800 സി.സി പതിപ്പുകള്‍ക്ക് പുറമെ എ.എം.ടി പതിപ്പിനെയും ക്വിഡില്‍ റെനോ ലഭ്യമാക്കുന്നുണ്ട്.