പുത്തന്‍ ക്വിഡ് ബുക്കു ചെയ്യാം
Big Buy
പുത്തന്‍ ക്വിഡ് ബുക്കു ചെയ്യാം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 11th August 2016, 11:46 pm

ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനൊയുടെ ഹാച്ച് വാഹനമായ ക്വിഡിന്റെ ഒരു ലീറ്റര്‍ എന്‍ജിന്‍ വകഭേദത്തിന്റെ ബുക്കിങ് ആരംഭിച്ചു. കഴിഞ്ഞ സെപ്റ്റംബറില്‍ വിപണിയിലെത്തിയ ക്വിഡിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

റെനൊയുടെ ഏറ്റവും വില്‍പ്പനയുള്ള മോഡലായ ക്വിഡിന്റെ എന്‍ജിന്‍ ശേഷി കൂടിയ മോഡലിനും മികച്ച വിപണി ലഭിക്കുമെന്നു തന്നെ കമ്പനി പ്രതീക്ഷിക്കുന്നു. എന്നാല്‍ ഒരു ലിറ്റര്‍ എന്‍ജിന്റെ സാങ്കേതിക വിവരങ്ങളൊന്നും കമ്പനി പുറത്തു വിട്ടിട്ടില്ല.

ഇതിനോടകം ഇന്ത്യയില്‍ നിന്നു തന്നെ ഒന്നര ലക്ഷത്തിലധികം ഓര്‍ഡറുകള്‍ ക്വിഡിന് ലഭിച്ചുവെന്ന് കമ്പനി അവകാശപ്പെടുന്നു. മാരുതി ഓള്‍ട്ടോ, ഹ്യുണ്ടായ് ഇയോണ്‍ തുടങ്ങിയ കാറുകളുമായി മത്സരിക്കാനെത്തിയ ക്വിഡ് എന്‍ട്രി ലെവല്‍ ഹാച്ചുകളില്‍ വ്യത്യസ്തനായിരുന്നു.

റെനോയില്‍ നിന്നുള്ള പുതിയ 793 സി.സി എന്‍ജിനുമായാണ് ക്വിഡിന്റെ ആദ്യ മോഡല്‍ നിരത്തിലെത്തിയത്. പരമാവധി 54 ബി.എച്ച്.പി കരുത്തും 72 എന്‍.എം ടോര്‍ക്കും സൃഷ്ടിക്കുന്ന ഈ പെട്രോള്‍ എന്‍ജിന് ലീറ്ററിന് 25.17 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് നിര്‍മ്മാതാക്കള്‍ വാഗ്ദാനം ചെയ്തിരുന്നത്.

അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സായിരുന്നു വാഹനത്തില്‍. ക്രോസ്ഓവറുകളെ അനുസ്മരിപ്പിക്കുന്ന രൂപവും ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സുമൊക്കെയുള്ള ക്വിഡ് ഏറെക്കുറെ പൂര്‍ണമായും ഇന്ത്യയില്‍ നിന്നു സമാഹരിച്ച യന്ത്രഘടകങ്ങള്‍ ഉപയോഗിച്ചാണു നിര്‍മ്മിക്കുന്നത്.

300 ലീറ്റര്‍ ബൂട്ട് സ്‌പെയ്‌സ്, 4.1 ഇഞ്ച് ടച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം തുടങ്ങി സമാന ശ്രേണിയിലെ എതിരാളികളെ വെല്ലുന്ന സൗകര്യങ്ങളുമായാണ് ക്വിഡ് എത്തിയത്. റെനോയും പങ്കാളിയായ നിസ്സാനും ചേര്‍ന്നു സാക്ഷാത്കരിച്ച പുത്തന്‍ സി.എം.എഫ്.എ പ്ലാറ്റ്‌ഫോമിലാണ് ക്വിഡിന്റെ നിര്‍മ്മാണം.