| Wednesday, 8th May 2024, 7:47 am

മോദി മൂന്നാംവട്ടവും അധികാരത്തില്‍ എത്തിയാല്‍ അഹമ്മദ്‌നഗറിനെ അഹല്യനഗറാക്കി മാറ്റും: ദേവേന്ദ്ര ഫഡ്‌നാവിസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നാം തവണയും കേന്ദ്രത്തില്‍ അധികാരത്തില്‍ എത്തിയാല്‍ അഹമ്മദ്‌നഗര്‍ ജില്ലയെ അഹല്യനഗറാക്കി പുനര്‍നാമകരണം ചെയ്യുമെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. ജില്ലയുടെ പേര് മാറ്റുന്ന കാര്യത്തില്‍ മഹാരാഷട്ര സര്‍ക്കാര്‍ ഇതിനോടകം തീരുമാനമെടുത്ത് കഴിഞ്ഞെന്നും ഫഡ്‌നാവിസ് പറഞ്ഞു.

മഹാരാഷ്ട്രയില്‍ നടന്ന ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചരണ റാലിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം.

18ാം നൂറ്റാണ്ടിലെ മറാത്ത രാജ്ഞിയുടെ ബഹുമാനാര്‍ത്ഥം അഹമ്മദ്‌നഗര്‍ ജില്ലയെ അഹല്യനഗര്‍ എന്ന് പുനര്‍നാമകരണം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇതിനോടകം തീരമാനമെടുത്തെന്ന് അദ്ദേഹം റാലിയില്‍ പറഞ്ഞു. മോദിയുടെ മൂന്നാം ടേമില്‍ ഇത് സംസ്ഥാനത്ത് നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പതിനെട്ടാം നൂറ്റാണ്ടില്‍ മധ്യ ഇന്ത്യയിലെ മറാത്താ മാള്‍വ സാമ്രാജ്യത്തിലെ രാജ്ഞിയായ മഹാറാണി അഹല്യദേവി പടിഞ്ഞാറന്‍ മഹാരാഷ്ട്രയിലെ ഇന്നത്തെ അഹമ്മദ്‌നഗര്‍ ജില്ലയിലെ ഒരു ഗ്രാമത്തില്‍ ജനിച്ചുവെന്നാണ് പറയപ്പെടുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അഹമ്മദ്‌നഗറിന്റെ പേര് മാറ്റാനുള്ള ബി.ജെ.പിയുടെ നീക്കം.

മഹാരാഷ്ട്രയിലെ രണ്ട് നഗരങ്ങള്‍ കഴിഞ്ഞ വര്‍ഷം സമാന രീതിയില്‍ പുനര്‍നാമം ചെയ്തിട്ടുണ്ട്. ഔറംഗബാദിനെ ഛത്രപതി സംഭാജിനഗറെന്നും ഒസ്മാനാബാദിനെ ധാരാശിവ് എന്നിങ്ങനെയാണ് പുനര്‍നാമകരണം ചെയ്തത്.

ഈ രണ്ട് ജില്ലകളുടെയും പേര് മാറ്റാനുള്ള തീരുമാനം 2022ല്‍ അന്നത്തെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ അധ്യക്ഷതയില്‍ നടന്ന മഹാവികാസ് അഘാഡി സര്‍ക്കാരിന്റെ യോഗത്തിലാണെടുത്തത്. പിന്നീട് വന്ന ഏക്‌നാഥ് ഷിന്‍ഡെ സര്‍ക്കാര്‍ പേര് മാറ്റാന്‍ അനുമതി നല്‍കുകയായിരുന്നു.

Content Highlight: Renaming of Ahmednagar as Ahilyanagar to be completed in PM Modi’s 3rd term: Fadnavis

We use cookies to give you the best possible experience. Learn more