| Friday, 1st January 2021, 11:38 pm

ഔറംഗാബാദിന്റെ പുനര്‍നാമകരണം; ശിവസേന-കോണ്‍ഗ്രസ് സഖ്യത്തില്‍ പുതിയ വിള്ളല്‍ വീഴ്ത്തുമോ?

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മഹാരാഷ്ട്രയിലെ പുരാതന നഗരമായ ഔറംഗാബാദിന്റെ പേര് മാറ്റുന്നതുമായി ബന്ധപ്പെട്ട് ഭരണകക്ഷിയായ ശിവസേനയും സഖ്യകക്ഷിയായ കോണ്‍ഗ്രസും തമ്മിലുള്ള പോര് മുറുകുന്നു.

ഔറംഗാബാദിന്റെ പേര് മാറ്റി മറാത്ത യോദ്ധാവായ ഛത്രപതി സാംബാജി മഹാരാജിന്റെ പേരിടണമെന്നാണ് ശിവസേനയുടെ ആവശ്യം. എന്നാല്‍ ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. ഇതോടെയാണ് സഖ്യകക്ഷികള്‍ തമ്മിലുള്ള വിള്ളല്‍ പരസ്യമായത്.

ഔറംഗാബാദിന്റെ പേര് മാറ്റാനുള്ള ശ്രമങ്ങളെ ഏത് വിധേനയും തടയുമെന്ന നിലപാടിലാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വം.

‘നഗരങ്ങളുടെ പേര് മാറ്റുന്ന ഈ ആചാരത്തോട് ഞങ്ങളുടെ പാര്‍ട്ടിയ്ക്ക് തീരെ യോജിപ്പില്ല. ഇതൊരിക്കലും മഹാ വികാസ് അഘാഡി സഖ്യത്തിന്റെ കൂട്ടായ തീരുമാനമല്ല’, കോണ്‍ഗ്രസ് നേതാവും സംസ്ഥാന റവന്യു മന്ത്രിയുമായ ബാലസാഹേബ് തോറട്ട് പറഞ്ഞു.

അതേസമയം നഗരത്തിന്റെ പേര് മാറ്റണമെന്ന് ആവശ്യം ബി.ജെ.പിയും ശക്തമാക്കിയിരിക്കുകയാണ്. ഈ വിഷയത്തില്‍ ശിവസേനയെ രൂക്ഷമായി വിമര്‍ശിച്ചും ബി.ജെ.പി നേതൃത്വം രംഗത്തെത്തിയിരുന്നു.

‘ഔറംഗാബാദിന്റെ പേര് മാറ്റുന്നത് വെറും രാഷ്ട്രീയനേട്ടങ്ങള്‍ക്കായല്ല. അത് ഞങ്ങളുടെ വിശ്വാസത്തിന്റെ ഭാഗമാണ്. ബാല്‍സാഹേബ് താക്കറെയുടെ ആഗ്രഹമായിരുന്നു ഇത്. ശിവസേനയ്ക്കും കോണ്‍ഗ്രസിനും ഈ വിഷയം സംബന്ധിച്ച് ഭിന്നാഭിപ്രായമാണുള്ളത്. അത് കണക്കിലെടുക്കുന്നില്ല. താക്കറെയുടെ ഈ സ്വപ്‌നം ശിവസേന നേതാക്കള്‍ സാക്ഷാത്കരിക്കണമെന്നാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്’, ബി.ജെ.പി നേതൃത്വം അറിയിച്ചു.

ഔറംഗാബാദിന്റെ പേര് മാറ്റുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. രണ്ട് പതിറ്റാണ്ടിലേറെ ശിവസേന-ബി.ജെ.പി സഖ്യം ഭരിച്ച മുനിസിപ്പല്‍ കോര്‍പ്പറേഷനാണ് ഔറംഗാബാദ്. 1995 ല്‍ കോര്‍പ്പറേഷന്റെ പൊതുയോഗത്തില്‍ നഗരത്തിന്റെ പേര് മാറ്റാനുള്ള പ്രമേയവും പാസാക്കിയിരുന്നു.

പിന്നീട് സേന-ബി.ജെ.പി സഖ്യം സംസ്ഥാന തലത്തില്‍ അധികാരത്തിലേറിയപ്പോള്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന മനോഹര്‍ ജോഷി ഔറംഗാബാദിനെ സാംബാജിനഗര്‍ എന്ന് പുനര്‍നാമകരണം ചെയ്യുന്നതിനായുള്ള ഉത്തരവ് പുറത്തിറക്കിയിരുന്നു. എന്നാല്‍ ഈ ഉത്തരവ് ബോംബെ ഹൈക്കോടതി തള്ളുകയായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Renaming Aurangabad becomes new flashpoint between Shiv Sena, Congress in Maharashtra

We use cookies to give you the best possible experience. Learn more