അവസരം മുതലാക്കി ബി.ജെ.പി; 'മഹാരാഷ്ട്ര പിടിച്ചുപറിക്കല്‍ അഘാഡി'യാണ് സംസ്ഥാനം ഭരിക്കുന്നതെന്ന് പരിഹാസം
national news
അവസരം മുതലാക്കി ബി.ജെ.പി; 'മഹാരാഷ്ട്ര പിടിച്ചുപറിക്കല്‍ അഘാഡി'യാണ് സംസ്ഥാനം ഭരിക്കുന്നതെന്ന് പരിഹാസം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 22nd March 2021, 9:25 am

മുംബൈ: മഹാരാഷ്ട്ര ആഭ്യന്തരമന്ത്രിക്കെതിരെ അഴിമതി ആരോപണം വന്നതിന് പിന്നാലെ മഹാ വികാസ് അഘാഡിക്കെതിരെ വിമര്‍ശനവുമായി ബി.ജെ.പി.

സഖ്യത്തിനെ വികാസ് അഘാഡി എന്നല്ല വിളിക്കേണ്ടത് മറിച്ച് മഹാരാഷ്ട വസൂലി അഘാഡി എന്നാണെന്ന് ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി സി.ടി രവി പറഞ്ഞു.

മഹാരാഷ്ട്ര പിടിച്ചുപറിക്കല്‍ അഘാഡിയാണ് മഹാരാഷ്ട്ര ഭരിക്കുന്നതെന്ന് ഞാന്‍ കരുതുന്നു. ആഭ്യന്തരമന്ത്രി എന്‍.സി.പി മന്ത്രിയുടെ നിര്‍ദേശം സ്വീകരിക്കുന്നുവെന്നത് ലജ്ജാകരമാണ്. സംഭവം സി.ബി.ഐ അന്വേഷിക്കണമെന്നും മന്ത്രിസഭയില്‍ നിന്ന് ആഭ്യന്തരമന്ത്രിയെ നീക്കം ചെയ്യണമെന്നും ഞങ്ങള്‍ ആവശ്യപ്പെടുന്നു, ”സി.ടി രവി പറഞ്ഞു.

അതേസമയം, മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖിനെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങളില്‍ തീരുമാനമെടുക്കുന്നതിനായി മഹാ വികാസ് അഘാഡി നിര്‍ണായക യോഗം ചേരുന്നുണ്ട്. ഐ.പി.എസ് ഓഫീസറായ പരംബീര്‍ സിംഗ് മുഖ്യമന്ത്രിക്കയച്ച കത്തിലാണ് ആഭ്യന്തരമന്ത്രിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്.

ട്രാന്‍സ്ഫറായതിന് ശേഷമാണ് പരംബീര്‍ സിംഗ് ഈ ആരോപണങ്ങളെല്ലാം നടത്തിയിരിക്കുന്നതെന്നും അത് ശ്രദ്ധിക്കേണ്ട കാര്യമാണെന്നും ശരദ് പവാര്‍ പറഞ്ഞു. ആഭ്യന്തര മന്ത്രിക്കെതിരെ ഉയര്‍ന്നിരിക്കുന്നത് ഗുരുതര ആരോപണങ്ങളാണെന്നും എന്നാല്‍ അദ്ദേഹത്തിന്റെയോ അദ്ദേഹത്തിന് കീഴിലുള്ള ഉദ്യോഗസ്ഥരുടെയോ ബാങ്ക് അക്കൗണ്ടുകളില്‍ പണമിടപാട് നടന്നതിന്റെ തെളിവുകളില്ലെന്നും ശരദ് പവാര്‍ പറഞ്ഞു.

ആരോപണങ്ങളില്‍ നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്നും മുഖ്യമന്ത്രി ഉദ്ദവ് താക്കറെയോട് ശരദ് പവാര്‍ ആവശ്യപ്പെട്ടു. മുംബൈ മുന്‍ പൊലീസ് ചീഫായ ജൂലിയോ റിബേയ്റോ ഈ കേസ് അന്വേഷിക്കണമെന്നും അദ്ദേഹത്തെ ആര്‍ക്കും സ്വാധീനിക്കാനാവില്ലെന്നും അദ്ദേഹത്തിന് വലിയ വിശ്വാസ്യതയുണ്ടെന്നും ശരദ് പവാര്‍ പറഞ്ഞു. പരംബീറിന്റെ ആരോപണങ്ങള്‍ക്ക് മഹാസഖ്യത്തെ തകര്‍ക്കാനാവില്ലെന്നും ശരദ് പവാര്‍ കൂട്ടിച്ചേര്‍ത്തു.

 

വിവിധ ബാറുകളില്‍ നിന്നും റെസ്റ്റോറന്റുകളില്‍ നിന്നും മറ്റ് സ്ഥാപനങ്ങളില്‍ നിന്നുമായി പ്രതിമാസം 100 കോടി രൂപ സമാഹരിക്കാന്‍ മന്ത്രിക്ക് ലക്ഷ്യമുള്ളതായി പൊലീസ് ഉദ്യോഗസ്ഥന്‍ സച്ചിന്‍ വാസെയോട് പറഞ്ഞതായാണ് പരംബീര്‍ സിംഗിന്റെ കത്തിലെ ആരോപണം. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ വസതിക്കു സമീപം സ്ഫോടകവസ്തുക്കള്‍ നിറച്ച വാഹനം കണ്ടെത്തിയ സംഭവത്തില്‍ അറസ്റ്റിലായ പൊലീസ് ഉദ്യോഗസ്ഥനാണ് വാസെ.

മേല്‍പ്പറഞ്ഞ ലക്ഷ്യം കൈവരിക്കുന്നതിനായി 1,750 ബാറുകളും റെസ്റ്റോറന്റുകളും മറ്റ് സ്ഥാപനങ്ങളും ഉണ്ടെന്നും വാസെയോട് പറഞ്ഞതായി പരംബിര്‍ സിംഗ് പറയുന്നു. 2-3 ലക്ഷം രൂപ വീതം പിരിച്ചെടുത്താല്‍ പ്രതിമാസം 40-50 കോടി രൂപ പിരിച്ചെടുക്കാനാവും എന്ന് മന്ത്രി പറഞ്ഞതായി സിംഗ് പറയുന്നു.

മുകേഷ് അംബാനിയുടെ വസതിക്ക് സമീപം കാറില്‍ സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് കേസ് അന്വേഷണം നടക്കുന്നതിനിടെയാണ് പൊലീസ് മേധാവിയായ പരംബീര്‍ സിംഗിനെ തല്‍സ്ഥാനത്തുനിന്ന് മാറ്റിയിരുന്നു. ദേശ്മുഖ് ആണ് പൊലീസ് മേധാവിയെ മാറ്റിയതായി അറിയിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlits: Rename Maharashtra Coalition As “Vasooli” Aghadi: BJP After Sacked Cop’s Letter