|

ആ ക്യാരക്ടർ ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു; പൃഥ്വിരാജിന്റെ ഭാര്യയാകണോ എന്ന് പറഞ്ഞ് ട്രോളരുത്; രമ്യ സുരേഷ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമയിൽ നിരവധി  റോളുകളിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ച അഭിനേത്രിയാണ് രമ്യ സുരേഷ്.

തനിക്ക് അഭിനയിക്കാൻ താൽപര്യമുള്ള സിനിമകളിലെ കഥാപാത്രങ്ങളെക്കുറിച്ച് അഭിപ്രായപ്പെട്ടിരിക്കുകയാണ് താരമിപ്പോൾ.
മൈൽസ്‌റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിലാണ് താരം തനിക്ക് മലയാള സിനിമയിൽ ചെയ്യാൻ താത്പര്യമുള്ള കഥാപാത്രങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞ് രംഗത്ത് വന്നത്.

ഹൗ ഓൾഡ് ആർ യുവിലെ മഞ്ജു വാര്യരുടെ കഥാപാത്രം, കാപ്പയിലെ അപർണ ബാലമുരളിയുടെ കഥാപാത്രം, റോഷാക്കിലെ ബിന്ദു പണിക്കർ ചെയ്ത കഥാപാത്രം, അഞ്ചാം പാതിരയിലെ ഉണ്ണിമായ ചെയ്ത കഥാപാത്രം മുതലായ ക്യാരക്ടേഴ്സാണ് മലയാള സിനിമയിൽ താൻ ചെയ്യാൻ ആഗ്രഹിച്ച കഥാപാത്രങ്ങൾ എന്നാണ് രമ്യ സുരേഷ് പറഞ്ഞത്.

“ഹൗ ഓൾഡ് ആർ യു കണ്ടപ്പോൾ മഞ്ജു ചേച്ചി ചെയ്ത കഥാപാത്രത്തെ എനിക്ക് അവതരിപ്പിക്കാൻ സാധിക്കുന്നതാണ് എന്നെനിക്ക് തോന്നിയിട്ടുണ്ട്.

പിന്നെ കാപ്പയിലെ അപർണ ബാലമുരളി ചെയ്ത കഥാപാത്രം, അപ്പോ പൃഥ്വിരാജിന്റെ ഭാര്യയായിട്ടുള്ള കഥാപാത്രം നിനക്ക് വേണമെന്ന് പറഞ്ഞ് എന്നെ ട്രോളരുത് (ചിരിക്കുന്നു). പക്ഷെ അങ്ങനെയുള്ള ക്യാരക്ടർ ചെയ്യാൻ എനിക്ക് താത്പര്യമുണ്ട്.

പക്ഷെ എനിക്ക് അത്രയും സ്റ്റാർ വാല്യൂവൊന്നുമില്ല. അത് ഒരു പ്രശ്നമാണ്, എന്നിരുന്നാലും അത്തരം കഥാപാത്രങ്ങൾ എനിക്ക് ചെയ്യാൻ പറ്റും. പിന്നെ റോഷാക്കിൽ ബിന്ദു ചേച്ചി ചെയ്തത്. അഞ്ചാം പാതിരയിൽ ഉണ്ണിമായ ചെയ്ത കഥാപാത്രം, അങ്ങനെയുള്ള കഥാപാത്രങ്ങൾ ചെയ്യാൻ എനിക്ക് സാധിക്കും,’ രമ്യ സുരേഷ് പറഞ്ഞു.

അതിനൊപ്പം തന്റെ മകൾക്ക് സിനിമയിൽ അഭിനയിക്കാൻ താത്പര്യമുണ്ടെന്നും അമ്മക്ക് സിനിമയിൽ ഇത്രയും പരിചയം ഉണ്ടായിട്ടും തനിക്ക് സിനിമയിൽ ഒരു ചാൻസ് വേടിച്ച് തരാത്തതെന്താണെന്ന് പരിഭവം പറയുമെന്നും രമ്യ സുരേഷ് കൂട്ടിച്ചേർത്തു.

അതേസമയം 2023ൽ റിലീസ് ചെയ്ത മമ്മൂട്ടി ചിത്രം ക്രിസ്റ്റഫറിലാണ് താരം അവസാനമായി അഭിനയിച്ചത്.

Content Highlights: Remya suresh talks about her favorite characters

Video Stories