അഹങ്കാരത്തിനേറ്റ തിരിച്ചടിയാണ് ജനവിധി; ജനങ്ങള്‍ക്ക് കോണ്‍ഗ്രസിനോട് മുഹബ്ബത്ത് : രമ്യ ഹരിദാസ്
Kerala News
അഹങ്കാരത്തിനേറ്റ തിരിച്ചടിയാണ് ജനവിധി; ജനങ്ങള്‍ക്ക് കോണ്‍ഗ്രസിനോട് മുഹബ്ബത്ത് : രമ്യ ഹരിദാസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 3rd June 2022, 8:54 pm

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന്റെ പരാജയം അധികാര നേതൃത്വത്തിന്റെ അഹങ്കാരത്തിനുള്ള തിരിച്ചടിയാണെന്ന് രമ്യ ഹരിദാസ് എം.പി.

പൊതുജനം ഒറ്റക്കെട്ടായി എതിര്‍ത്ത പദ്ധതികള്‍ പോലും നടപ്പാക്കുമെന്ന് ആണയിട്ട, ധിക്കാരവും ധാര്‍ഷ്ട്യവും നിറഞ്ഞ അധികാര നേതൃത്വത്തിന്റെ അഹങ്കാരത്തിനുള്ള പ്രഹരമാണ് ഈ ജനവിധിയെന്നും രമ്യ ഹരിദാസ് പറഞ്ഞു.

‘കേരളത്തിന്റെ സെക്രട്ടറിയേറ്റ് പോലും തൃക്കാക്കരയിലേക്ക് പറിച്ചുനട്ട് നാഴികക്ക് നാല്‍പത് വട്ടം മുഖ്യനും മന്ത്രി പരിവാരങ്ങളും ഓരോ വീടുകളും കയറി വോട്ട് യാചിച്ചിട്ടും മനസ്സു മാറാത്ത, നന്മയുടെ കൂടെ നിന്ന തൃക്കാക്കരയിലെ പ്രിയപ്പെട്ട വോട്ടര്‍മാരേ നിങ്ങള്‍ക്ക് നന്ദി,’ എന്നും രമ്യ ഹരിദാസ് ഫേസ്ബുക്കില്‍ കുറിച്ചു.

ജനമനസ്സുകളില്‍ ഇന്നും കോണ്‍ഗ്രസിനോടും യു.ഡി.എഫിനോടും മുഹബ്ബത്താണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ചിട്ടയോടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച ഐക്യ ജനാധിപത്യ മുന്നണിയുടെ നേതൃത്വം, ഓരോ വീടുകളിലും കയറിയിറങ്ങിയ പ്രിയപ്പെട്ട നേതാക്കള്‍, പ്രവര്‍ത്തകര്‍,രാഷ്ട്രീയത്തിനധീതമായി പ്രചരണം നടത്തിയവര്‍, ഉമച്ചേച്ചിക്ക് ലഭിച്ച ഓരോ വോട്ടും ചിട്ടയായ പ്രവര്‍ത്തനത്തിന്റെ ബാക്കിപത്രമാണ് ,’ രമ്യ ഹരിദാസ് പറഞ്ഞു.

അതേസമയം, തെരഞ്ഞെടുപ്പ് ഫലം ഉള്‍ക്കൊണ്ട് മുഖ്യമന്ത്രി രാജിവെയ്ക്കണമെന്ന ആവശ്യവുമായാണ് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ രംഗത്തെത്തി.

‘ക്യാപ്റ്റന്‍ നിലംപരിശായി. ഓരോ റൗണ്ട് വോട്ടെണ്ണല്‍ നടക്കുമ്പോഴും ഓരോ കാതം പിറകോട്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണി പോകുന്ന കാഴ്ചയാണ് കാണുന്നത്. ഈ തെരഞ്ഞെടുപ്പ് ഇടതുപക്ഷ സര്‍ക്കാരിന്റെ നിലനില്‍പ്പിന്റെ ചോദ്യചിഹ്നമായാണ് കാണുന്നത്.

മുഖ്യമന്ത്രിയും 20 മന്ത്രിമാരും 60 എം.എല്‍.എമാരും ഒരു മാസം കാടിളക്കി പ്രചാരണം നടത്തിയിട്ടും ജനങ്ങളുടെ സ്വീകാര്യത നേടാന്‍ എല്‍.ഡി.എഫിനായില്ലെന്നായിരുന്നു പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ പ്രതികരണം.

സര്‍ക്കാരിന് അഞ്ച് വര്‍ഷം ഭരിക്കാനുള്ള അവകാശമുണ്ടെന്നും മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടില്ലെന്നും സതീശന്‍ വ്യക്തമാക്കി.

‘ഇത് തുടക്കം മാത്രമാണ്. വിശ്രമമില്ലാതെ ഇനിയും ഒരുപാട് ചെയ്യാനുണ്ട്. തൃക്കാക്കരയിലെ വിജയം കേരളത്തിലാകെ ആവര്‍ത്തിക്കുന്നതിന് വേണ്ടി സംഘടനാപരമായി കോണ്‍ഗ്രസിനേയും യു.ഡി.എഫിനെയും ശക്തിപ്പെടുത്തും. ഈ ഫലം അതിനുള്ള ഊര്‍ജമാണ്,’ സതീശന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights: Remya Haridas MP says LDF’s defeat in Thrikkakara by – election is a setback to the pride of the ruling leadership