കോഴിക്കോട്: വിധി എതിരാകുമ്പോള്‍ കോണ്‍ഗ്രസ് തളര്‍ന്നിരുന്നെങ്കില്‍ ഇന്ത്യയുടെ വിധി മറ്റൊന്നായേനേയെന്ന് രമ്യ ഹരിദാസ് എം.പി. തോറ്റും ജയിച്ചും പിളര്‍ന്നും യോജിച്ചും തര്‍ക്കിച്ചും പ്രശ്‌നങ്ങള്‍ പരിഹരിച്ചും തന്നയാണ് പാര്‍ട്ടി ഇന്നും അനസ്യൂതം യാത്ര തുടരുന്നതെന്നും രമ്യ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു രമ്യ ഹരിദാസിന്റെ പ്രതികരണം.
കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം പ്രതിസന്ധികളും വെല്ലുവിളികളും നേരിട്ട് തന്നെയാണ് രാജ്യം ഭരിച്ചതും രാജ്യത്തിന്റെ സ്വാതന്ത്ര്യം നേടി തന്നതും ഇന്ന് കേന്ദ്ര സര്‍ക്കാരിനെ വിറ്റഴിക്കാന്‍ പൊതുമേഖലാസ്ഥാപനങ്ങളുടെ ശൃംഖലകള്‍ തന്നെ തീര്‍ത്തതും.
ഇതര പാര്‍ട്ടിക്കാര്‍ എന്നും ആഗ്രഹിച്ചത് കോണ്‍ഗ്രസ് വിമുക്ത ഇന്ത്യയായിരുന്നു, കോണ്‍ഗ്രസിനെ പരാജയപ്പെടുത്താന്‍ ഒളിഞ്ഞും തെളിഞ്ഞും എന്നും എതിരാളികള്‍ തമ്മില്‍ ഐക്യത്തില്‍ ആയിരുന്നുവെന്നും രമ്യ ഹരിദാസ് കുറ്റപ്പെടുത്തി.
കിട്ടാവുന്ന സന്ദര്‍ഭങ്ങളിലെല്ലാം കോണ്‍ഗ്രസിനെ ഒറ്റപ്പെടുത്താനും അപഹസിക്കാനും ഒരേ ലക്ഷ്യത്തില്‍ എന്നും ചിലര്‍ പരശ്രമിച്ചിരുന്നു. രാജ്യ പുരോഗതിയുടെ പോരാട്ടത്തിനിടയില്‍ കോണ്‍ഗ്രസിന് ബലികൊടുക്കേണ്ടി വന്നത് പ്രിയപ്പെട്ട ഇന്ദിരാജിയുടെ രക്തമാണ്, ചിതറിത്തെറിച്ച് പോയത് പ്രിയ രാജീവ് ജിയുടെ തിരുശരീരമാണ്. കോണ്‍ഗ്രസിന്റെ നഷ്ടം എന്നും കോണ്‍ഗ്രസിന്റേതു മാത്രമായി തീരുകയും കോണ്‍ഗ്രസിന്റെ നേട്ടം രാജ്യത്തിന്റെ നേട്ടമായി തീരുകയും ചെയ്യുന്നത് നിര്‍വികാരതയോടുകൂടി കണ്ടുനില്‍ക്കേണ്ടി വരുന്നവരാണ് കോണ്‍ഗ്രസുകാരെന്നും രമ്യ പറഞ്ഞു.
കോണ്‍ഗ്രസ് തിരിച്ചു വരും, തെറ്റുകള്‍ തിരുത്തി ആര്‍ജിത ശക്തിയോടുകൂടി രാജ്യത്തെ ജനങ്ങളെ നയിക്കാന്‍ കോണ്‍ഗ്രസ് തിരിച്ചുവരും.
ജീവന്‍ നല്‍കിയും രക്തം നല്‍കിയും ഈ രാജ്യത്തെ പടുത്തുയര്‍ത്തിയ കോണ്‍ഗ്രസിന് തിരിച്ചു വരാതിരിക്കാന്‍ ആകുമോ? ഈ രാജ്യത്തെ ജനതയ്ക്ക് വേണ്ടി ജീവനും സമ്പത്തും ത്യജിച്ച കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് ഈ രാജ്യത്തെ സാധാരണക്കാരന്റെ പ്രയാസങ്ങളില്‍ സാന്നിധ്യമാകാതിരിക്കാന്‍ ആകുമോ? കോണ്‍ഗ്രസ് തിരിച്ചുവരിക തന്നെ ചെയ്യുമെന്നും രമ്യ ഹരിദാസ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.
രമ്യ ഹരിദാസിന്റെ വാക്കുകള്‍
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ യാത്ര ഒരിക്കലും പട്ടുമെത്തയിലൂടെ ആയിരുന്നില്ല. ശക്തിക്ഷയം സംഭവിച്ചത് പോലെ തന്നെ അതിഗംഭീരമായി തിരിച്ച് വന്നിട്ടുമുണ്ട്.
ഇന്ത്യയുടെ സ്വാതന്ത്യം സ്വപ്നമായി കണ്ടുതുടങ്ങിയ കോണ്‍ഗ്രസിന് 1907ലെ പിളര്‍പ്പ് ആദ്യ കടമ്പയായി.
ജനകീയരും കഴിവുറ്റവരുമായിരുന്ന നേതാക്കള്‍ പരസ്പര വിരുദ്ധ ആശയത്തില്‍ എതിര്‍ചേരികളിലായി.
മാതൃരാജ്യത്തിന്റെ സ്വാതന്ത്ര്യമെന്ന ലക്ഷ്യം വിഫലമായിതീരുമോ എന്ന സന്ദേഹമുയര്‍ന്നു. അഭിപ്രായ വ്യത്യാസങ്ങള്‍ മറന്ന് എ.സി.മജുംദാറിന്റെ നിര്‍ത്തി വീണ്ടും ഒന്നായി.