പാലക്കാട്: കേരള പൊലീസ് തുടരന്വേഷണത്തിനു നേതൃത്വം നല്‍കിയാല്‍ കേസ് എന്നെന്നേക്കുമായി തേച്ചുമായ്ക്കപ്പെടുമെന്ന് രമ്യ ഹരിദാസ് എം.പി. വാളയാറില്‍ പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ട കേസ് പൊലീസ് അട്ടിമറിച്ചെന്നാരോപിച്ചു യൂത്ത് കോണ്‍ഗ്രസ് എസ്.പി ഓഫിസിലേക്കു നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു അവര്‍.
”ഇരകള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കേണ്ട സര്‍ക്കാരും പൊലീസും വേട്ടക്കാരുടെ കൂടെ ഓടുകയാണ്. ആദ്യത്തെ പെണ്‍കുട്ടി മരണപ്പെട്ടപ്പോള്‍ തന്നെ അന്വേഷണം തെറ്റായ ദിശയിലാണു നീങ്ങുന്നതെന്നു മലമ്പുഴ എം.എല്‍.എ വി.എസ് അച്യുതാനന്ദന്‍ സൂചിപ്പിച്ചിരുന്നു.
അന്നു ശരിയായ അന്വേഷണം നടന്നിരുന്നെങ്കില്‍ രണ്ടാമത്തെ പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷിക്കാമായിരുന്നു. സി.പി.എം പ്രവര്‍ത്തകര്‍ പ്രതികളാകുന്ന കേസുകള്‍ അട്ടിമറിക്കാനാണു സര്‍ക്കാരിന്റെ ശ്രമം” രമ്യ ഹരിദാസ് പറഞ്ഞു.
പട്ടികജാതിയില്‍പ്പെട്ട കുട്ടികള്‍ക്കു നേരെയുണ്ടായ പീഡനം ഒതുക്കിത്തീര്‍ക്കാന്‍ ജില്ലയുടെ ചുമതലയുള്ള മന്ത്രി എ.കെ ബാലന്‍ ശ്രമിച്ചുവെന്നും എംപി ആരോപിച്ചു. പട്ടികജാതി വകുപ്പ് മന്ത്രി ആലത്തൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍പ്പെട്ട നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ആളാണെന്നതില്‍ താന്‍ ദുഃഖിക്കുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
സ്വതന്ത്ര ഏജന്‍സിക്കു കൈമാറി എത്രയും വേഗം പുനരന്വേഷണം നടത്തണമെന്നും കേസ് അന്വേഷണത്തില്‍ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥരെ പുറത്താക്കണമെന്നും ഉത്തരവാദിത്തം ഏറ്റെടുത്തു മുഖ്യമന്ത്രി രാജി വെക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ