ന്യൂദല്‍ഹി: ദല്‍ഹി കലാപവുമായി ബന്ധപ്പെട്ട് ലോക്‌സഭയില്‍ നടന്ന പ്രതിപക്ഷ പ്രതിഷേധത്തെ അടിച്ചമര്‍ത്തുന്ന നിലപാടാണ് സ്പീക്കറും ഭരണപക്ഷവും സ്വീകരിക്കുന്നതെന്ന് കോണ്‍ഗ്രസ് എം.പി രമ്യാ ഹരിദാസ്.
ദല്‍ഹി വിഷയം ചര്‍ച്ചക്കെടുക്കണമെന്ന് ഇന്നും സഭയില്‍ ആവശ്യപ്പെട്ടെങ്കിലും ഹോളി കഴിഞ്ഞ് ചര്‍ച്ചക്കെടുക്കാമെന്നാണ് സ്പീക്കര്‍ നിലപാടെടുത്തതെന്നും ഇത് അത്ഭുതപ്പെടുത്തിയെന്നും രമ്യ ഹരിദാസ് പറഞ്ഞു.
ഇത്രയേറെ പ്രധാനപ്പെട്ട വിഷയം, ഇത്രയേറെ ജനങ്ങള്‍ മരിച്ച ഒരു വിഷയം ഹോളി കഴിഞ്ഞിട്ട് ചര്‍ച്ച ചെയ്താല്‍ പോരല്ലോ? വിഷയം ചര്‍ച്ച ചെയ്യണമെന്ന് വീണ്ടും ഞങ്ങള്‍ സ്പീക്കറോട് ആവശ്യപ്പെട്ടു. എന്നാല്‍ അദ്ദേഹം അത് കേട്ടില്ല. ഇതേ സമയം തന്നെ സഭയില്‍ മറ്റൊരു ബില്‍ പാസ്സാക്കി. മാനദണ്ഡങ്ങളൊന്നും പാലിക്കാതെയായിരുന്നു അവര്‍ ബില്‍ ചര്‍ച്ചക്കെടുത്തത് തന്നെ.
ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയപ്പോള്‍ ബി.ജെ.പി എം.പിമാര്‍ ഞങ്ങളെ തടഞ്ഞു. അതില്‍ വനിതാ എം.പിമാരും ഉണ്ടായിരുന്നു. ലോക്‌സഭയില്‍ പ്രതിപക്ഷ അംഗങ്ങള്‍ക്ക് ഒരു മുദ്രാവാക്യം വിളിക്കാന്‍ പറ്റുന്നില്ല, പ്ലക്കാര്‍ഡ് ഉയര്‍ത്തി പ്രതിഷേധിക്കാന്‍ ആവുന്നില്ല. പാര്‍ലമെന്റ് ജനാധിപത്യപരമായ രീതിയിലല്ല പ്രവര്‍ത്തിക്കുന്നത്. ദല്‍ഹിയില്‍ പാര്‍ലമെന്റിന് പുറത്ത് എന്താണോ സംഭവിച്ചത് അത് പാര്‍ലമെന്റിനുള്ളിലും സംഭവിക്കുമോ എന്ന് ഞങ്ങള്‍ക്ക് ഭയമുണ്ട്’ ,രമ്യ ഹരിദാസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
പാര്‍ലമെന്റില്‍ അച്ചടക്കലംഘനമുണ്ടായാല്‍ എം.പിമാര്‍ക്കെതിരെ കടുത്ത നടപടിയെടുക്കുമെന്ന് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ല ഇന്ന് പറഞ്ഞിരുന്നു. ഇരിക്കുന്ന പക്ഷത്ത് നിന്ന് എഴുന്നേറ്റ് മറുപക്ഷത്തേക്ക് പോയാല്‍ എം.പിമാരെ ഒരു സമ്മേളനക്കാലയളവ് മുഴുവന്‍ സസ്‌പെന്‍ഡ് ചെയ്യുമെന്നായിരുന്നു സ്പീക്കര്‍ പറഞ്ഞത്.
ദല്‍ഹി കലാപവുമായി ബന്ധപ്പെട്ട ചര്‍ച്ചക്കിടെ ലോക്സഭയില്‍ ഇന്നലെയും കയ്യാങ്കളി ഉണ്ടായിരുന്നു. പ്രതിഷേധ ബാനറുമായി സ്പീക്കറുടെ ചേമ്പറിനടുത്തേക്ക് ചെന്ന രമ്യാ ഹരിദാസ് എം.പിയേയും ഹൈബി ഈഡനേയും ബി.ജെ.പി എം.പിമാര്‍ തടയുകയും മര്‍ദ്ദിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു.
ബി.ജെ.പി എം.പി തന്നെ ശാരീരികമായി ആക്രമിച്ചെന്നും പിന്നാക്ക വിഭാഗക്കാരിയും സ്ത്രീയും ആയതിനാലാണോ താന്‍ ആക്രമിക്കപ്പെടുന്നതെന്ന് ചോദിച്ച് രമ്യാ ഹരിദാസ് സ്പീക്കറുടെ മുന്‍പില്‍ പൊട്ടിക്കരയുകയും ചെയ്തിരുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ