| Thursday, 23rd May 2019, 11:51 am

ആലത്തൂരുകാര്‍ എന്നെ ഹൃദയത്തില്‍ സ്വീകരിച്ചു; പ്രതിസന്ധിയില്‍ ഒപ്പം നിന്നു: വിജയപ്രതീക്ഷയില്‍ രമ്യ ഹരിദാസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആലത്തൂര്‍: ആലത്തൂരിലെ മുന്നേറ്റത്തില്‍ സന്തോഷം പങ്കുവെച്ച് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസ്. ആലത്തൂരുകാര്‍ തന്നെ ഹൃദയത്തില്‍ സ്വീകരിച്ചുവെന്നും തനിക്കുണ്ടായ എല്ലാ പ്രതിസന്ധികളേയും വോട്ടര്‍മാര്‍ ഏറ്റെടുത്ത് ഒപ്പം നിന്നെന്നും രമ്യ ഹരിദാസ് പ്രതികരിച്ചു.

ആലത്തൂരിലെ എല്ലാ വോട്ടര്‍മാരും ഒപ്പം നിന്നു. അവരോടുള്ള സന്തോഷവും നന്ദിയും ഈ അവസരത്തില്‍ പറയുകയാണ്. – രമ്യ ഹരിദാസ് പ്രതികരിച്ചു.

ഇടതുകോട്ടയായ ആലത്തൂരില്‍ സിറ്റിങ് എം.പി പി.കെ ബിജുവിനെ 69812 വോട്ടിന് പിന്നിലാക്കി രമ്യ ഹരിദാസ് കുതിപ്പ് തുടരുകയാണ്.

ആദ്യഘട്ടത്തില്‍ പോസ്റ്റല്‍ വോട്ട് എണ്ണിയപ്പോള്‍ മാത്രമാണ് ബിജുവിന് ലീഡിലേക്ക് എത്താനായത്. പിന്നീട് രമ്യ ഹരിദാസ് വ്യക്തമായ ഭൂരിപക്ഷത്തോടെ മുന്നേറുകയാണ്.

ഇടത് കോട്ടകള്‍ പോലും പിടിച്ച് കുലുക്കിയാണ് രമ്യ ലീഡ് നിലനിര്‍ത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്. പാലക്കാട് തൃശൂര്‍ ജില്ലകളിലായി കിടക്കുന്ന ആലത്തൂര്‍ മണ്ഡലത്തില്‍ ഇടത് കോട്ടകളിലെല്ലാം രമ്യ ഹരിദാസാണ് മുന്നില്‍.

തരൂരിലും ചിറ്റൂരിലും വരെ ലീഡ് നേടിയ രമ്യ തൃശൂര്‍ ജില്ലയില്‍ പെട്ട വടക്കാഞ്ചേരിയില്‍ അടക്കം മുന്നിലാണ്.

തെരഞ്ഞെടുപ്പ് പ്രചരണ വേളയില്‍ വിവാദമായ മണ്ഡലങ്ങളില്‍ ഒന്നായിരുന്നു ആലത്തൂരിലേത്. രമ്യഹരിദാസിനേയും കുഞ്ഞാലിക്കുട്ടിയേയും ചേര്‍ത്തുള്ള ഇടത് മുന്നണി കണ്‍വീനര്‍ എ. വിജയരാഘവന്റെ പരാമര്‍ശത്തിനെതിരെ രമ്യ ഹരിദാസ് നിയമനടപടി സ്വീകരിച്ചിരുന്നു. രമ്യാ ഹരിദാസിനെ കുറിച്ചുള്ള ദീപാ നിശാന്തിന്റെ പ്രസ്താവനയും വിവാദമായിരുന്നു.

We use cookies to give you the best possible experience. Learn more