വയലാറിന്റേത് ഉള്‍പ്പെടെയുള്ള നാടക ഗാനങ്ങളിലൂടെ വളര്‍ന്ന ഇടതുപാര്‍ട്ടികള്‍ പാട്ടിനെ വിമര്‍ശിക്കില്ല എന്ന കാര്യം ഉറപ്പാണെന്നും തന്നെ വിമര്‍ശിച്ചത് അവരുടെ അറിവില്ലായ്മ കൊണ്ടാണെന്നും ആലത്തൂര്‍ നിയുക്ത എംപി രമ്യ ഹരിദാസ്. പാടും എന്നറിയാവുന്നതിനാല്‍ തെരഞ്ഞെടുപ്പ് കാലത്ത് ജനങ്ങളത് ആവശ്യപ്പെട്ടുവെന്നും അവര്‍ക്കായി പാട്ട് പാടിയെന്നും രമ്യ പറഞ്ഞു. വിവിധ പരിപാടികളില്‍ പങ്കെടുക്കാനായി കൊല്ലം ജില്ലയിലെത്തിയതായിരുന്നു രമ്യ ഹരിദാസ്.
തനിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ എഴുതിയ കോളേജ് അധ്യാപികയുടെത് വ്യക്തിപരമായ പരാമര്‍ശമാണ്. അതിന് പ്രാധാന്യം നല്‍കുന്നില്ല. അവരുടെ പരാമര്‍ശം ജനങ്ങളെ പോലെ താനും തള്ളിക്കളഞ്ഞുവെന്നും രമ്യ പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം വന്നതിന് തൊട്ടടുത്ത ദിവസം കേരളവര്‍മ്മ കോളേജ് അധ്യാപിക ദീപ നിശാന്തിനെ ട്രോളി നന്ദിയുണ്ട് ടീച്ചറെ എന്ന പോസ്റ്റ് രമ്യ ഹരിദാസിന്റെ പേരിലുള്ള ഫേസ്ബുക്ക് പേജില്‍ വന്നിരുന്നു. എന്നാല്‍ ഈ പോസ്റ്റിനെ രമ്യ തള്ളിക്കളഞ്ഞിരുന്നു.
തന്റെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നതിനായി ഒരു അക്കൗണ്ടും ഒരു പേജും ആണ് ഉപയോഗിക്കുന്നതെന്നും തന്റെതല്ലാത്ത അക്കൗണ്ടിലാണ് ഇത്തരത്തില്‍ ഒരു പോസ്റ്റ് വന്നതെന്നും രമ്യ ഹരിദാസ് പ്രതികരിച്ചിരുന്നു.
ആരേയും വ്യക്തിപരമായി അധിക്ഷേപിക്കുന്നതല്ല തന്റെ ശൈലിയെന്നും നിര്‍ഭാഗ്യകരമായ കാര്യമാണ് നടന്നതെന്നും രമ്യ തന്റെ പോസ്റ്റില്‍ പറഞ്ഞു. ആരേയും വ്യക്തിപരമായി ആക്ഷേപിക്കാനല്ല ആലത്തൂരിലെ ജനങ്ങള്‍ ഇത്രേം വലിയൊരു സ്നേഹം നല്‍കിയതെന്ന പൂര്‍ണ്ണ ബോധ്യമെനിക്കുണ്ടെന്നും, അതെന്റെ പൊതുപ്രവര്‍ത്തനത്തിന്റെ ശൈലിയല്ലെന്നും രമ്യ പറഞ്ഞിരുന്നു. അതിന് ശേഷമാണ് ദീപാ നിശാന്തിന്റെ പരാമര്‍ശത്തെ കുറിച്ച് ഇന്നലെ കൊല്ലത്ത് പ്രതികരിച്ചത്.