| Tuesday, 29th September 2020, 2:34 pm

ടോവിനോയുടേയും ജോജുവിന്റേയും സിനിമകള്‍ക്ക് അംഗീകാരം നല്‍കില്ല; പ്രതിഫലം കുറയ്ക്കാത്തതിനാലെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: താരങ്ങള്‍ പ്രതിഫലം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ നിലപാട് കടുപ്പിച്ച് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍. കരാര്‍ പരിശോധിച്ച ശേഷം മാത്രമേ പുതിയ സിനിമ ചെയ്യുള്ളൂവെന്ന് അസോസിയേഷന്‍ അറിയിച്ചു.

ചില താരങ്ങള്‍ ഉയര്‍ന്ന പ്രതിഫലം ആവശ്യപ്പെട്ട സാഹചര്യത്തിലാണ് നടപടി. താരങ്ങളുടെ പ്രതിഫലം കുറയ്ക്കാത്ത രണ്ട് പ്രൊജക്ടുകള്‍ക്ക് അംഗീകാരം നല്‍കിയില്ലെന്ന് അസോസിയേഷന്‍ അറിയിച്ചിട്ടുണ്ട്. അംഗീകാരം നല്‍കാത്തത് ടൊവിനോ തോമസിന്റേയും ജോജു ജോര്‍ജിന്റേയും സിനിമകള്‍ക്കാണെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇരുവരും കൂടുതല്‍ പ്രതിഫലം ആവശ്യപ്പെട്ട സാഹചര്യത്തിലാണ് നടപടിയെന്നാണ് റിപ്പോര്‍ട്ട്. ദൃശ്യം 2 വിനായി മോഹന്‍ ലാല്‍ വാങ്ങുന്നത് പകുതി പ്രതിഫലം മാത്രമെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്. പുതിയ പ്രൊജക്ടുകളില്‍ താരങ്ങളുടെ പ്രതിഫലം പരിശോധിക്കാന്‍ കമ്മിറ്റിയെ നിയോഗിച്ചതായും അസോസിയേഷന്‍ അറിയിച്ചു.

തിയേറ്റര്‍ തുറന്നാലും ഉടന്‍ റിലീസ് ഉണ്ടാവില്ലെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു.

ലോക്ക് ഡൗണിനെ തുടര്‍ന്ന് സിനിമാ വ്യവസായം വളരെ പ്രതിസന്ധി നേരിടുന്ന സാഹചര്യമാണ്. ഷൂട്ടിങ്ങില്‍ ഉള്‍പ്പെടെ നിയന്ത്രണം വന്നതോടെ വലിയ പ്രതിസന്ധിയാണ് നേരിടുന്നതെന്നും അസോസിയേഷന്‍ അറിയിച്ചു.

ഇതിന്റെ പശ്ചാത്തലത്തിലാണ് പ്രൊഡക്ഷന്‍ കോസ്റ്റ് പകുതിയായി കുറയ്ക്കണമെന്ന ആവശ്യവുമായി അസോസിയേഷന്‍ രംഗത്തെത്തിയത്. ഇതിനോട് അമ്മയും ഫെഫ്കയും അനുകൂല നിലപാട് സ്വീകരിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Remuneration issue, Producers’ Association will not approved Films by Tovino and Joju

We use cookies to give you the best possible experience. Learn more