| Wednesday, 21st August 2019, 4:25 pm

ആ പദവിയിലിരിക്കാന്‍ പ്രിയങ്ക ചോപ്ര യോഗ്യയല്ല ; ഗുഡ്‌വില്‍ അംബാസിഡര്‍ സ്ഥാനത്ത് നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് യു.എന്നിന് പാക് മന്ത്രിയുടെ കത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇസ്‌ലാമാബാദ്: ബോളിവുഡ് നടി പ്രിയങ്ക ചോപ്രയെ ഗുഡ്‌വില്‍ അംബാസിഡര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് യൂനിസെഫിന് കത്തയച്ച് പാക്കിസ്ഥാന്‍ മന്ത്രി. പാക്കിസ്ഥാനിലെ മനുഷ്യാവകാശ വകുപ്പ് മന്ത്രി ഷിരീന്‍ മസാരിയാണ് യുനിസെഫിന് കത്തയച്ചത്.

കശ്മീരിലെ ഇന്ത്യന്‍ നിലപാടിനെ പ്രിയങ്ക ചോപ്ര പരസ്യമായി അംഗീകരിക്കുകയും ഇന്ത്യന്‍ പ്രതിരോധ മന്ത്രി പാകിസ്ഥാന് നല്‍കിയ ആണവ ഭീഷണിയെ അവര്‍ പിന്തുണയ്ക്കുകയും ചെയ്‌തെന്നും കത്തില്‍ പാക് മന്ത്രി പറയുന്നുണ്ട്.

ഗുഡ്‌വില്‍ അംബാസിഡര്‍ എന്ന നിലയില്‍ യു.എന്‍ ഉയര്‍ത്തിപ്പിടിക്കുന്ന സമാധാനത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും തത്വങ്ങള്‍ക്ക് വിരുദ്ധമാണ് പ്രിയങ്കയുടെ ഈ നിലപാടുകള്‍ എന്നും മസാരി കത്തില്‍ പറഞ്ഞു.

കശ്മീരില്‍ മോദി ഭരണകൂടം നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ജനാധിപത്യ വിരുദ്ധ നയങ്ങളേയും കത്തില്‍ പാക്കിസ്ഥാന്‍ വിമര്‍ശിക്കുന്നുണ്ട്. നാസി പാര്‍ട്ടിയെ പോലെ ബി.ജെ.പി കശ്മീരില്‍ ഏകാധിപത്യം നടപ്പിലാക്കുകയാണെന്നും കശ്മീരില്‍ പ്രതിഷേധിക്കുന്ന സ്ത്രീകളും കുട്ടികളുമടക്കമുള്ളവരെ പെല്ലറ്റ് ഗണ്‍ ഉപയോഗിച്ചും മറ്റും ഭരണകൂടം അടിച്ചമര്‍ത്തുകയാണെന്നും ഇദ്ദേഹം കത്തില്‍ കുറ്റപ്പെടുത്തിയിട്ടുണ്ട്.

അടുത്തിടെ അമേരിക്കയിലെ ലോസ് ആഞ്ചല്‍സില്‍ വച്ച് നടന്ന ബ്യൂട്ടികോണ്‍ ഫെസ്റ്റിവലിനിടെ പ്രിയങ്ക ചോപ്രയ്ക്ക് നേരെ പാക് യുവതി ഉന്നയിച്ച ചോദ്യം വൈറലായിരുന്നു.

‘നിങ്ങള്‍ യു.എന്നിന്റെ ഗുഡ്‌വില്‍ അംബാസഡറാണ്. എന്നാല്‍, പാകിസ്ഥാനെതിരേയുള്ള ആണവ യുദ്ധത്തെ പ്രോത്സാഹിപ്പിക്കുകയാണ് നിങ്ങള്‍ ചെയ്തത്. ഇത് ശരിയായ വഴിയല്ല. എന്നെപ്പോലെ ധാരാളം പാകിസ്ഥാനികള്‍ നിങ്ങളെ അഭിനേത്രി എന്ന നിലയില്‍ ഇഷ്ടപ്പെടുന്നുണ്ട്’. എന്നായിരുന്നു ഫെബ്രുവരിയില്‍ ഇന്ത്യ നടത്തിയ ബാലാകോട്ട് വ്യോമാക്രമണത്തെ പിന്തുണച്ച് പ്രിയങ്ക പോസ്റ്റ് ചെയ്ത ട്വീറ്റിനെ വിമര്‍ശിച്ചുകൊണ്ട് യുവതി പറഞ്ഞത്.

എന്നാല്‍ താന്‍ ഒരിക്കലും യുദ്ധത്തെ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും താന്‍ ഒരു രാജ്യസ്‌നേഹിയാണെന്നുമായിരുന്നു ഇതിന് പ്രിയങ്ക നല്‍കിയ മറുപടി.

‘എനിക്ക് പാകിസ്ഥാനില്‍ നിരവധി സുഹൃത്തുക്കളുണ്ട്. ഞാന്‍ ഒരിക്കലും യുദ്ധത്തെ പ്രോത്സാഹിപ്പിക്കുന്നയാളല്ല. പക്ഷേ രാജ്യസ്നേഹിയാണ്. എന്റെ പ്രസ്താവന ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ അവരോട് ക്ഷമ ചോദിക്കുന്നു’- എന്നായിരുന്നു പ്രിയങ്ക പെണ്‍കുട്ടിയോട് പറഞ്ഞത്.

Latest Stories

We use cookies to give you the best possible experience. Learn more