ന്യൂദൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് രാജ്യത്തെ പൊതു ഇടങ്ങളിൽ നിന്ന് പ്രധാനമന്ത്രിയുടെ ചിത്രങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് വക്കീൽ നോട്ടീസ് ലഭിച്ചു. പൂനെ ആസ്ഥാനമായി പ്രവർത്തിക്കുന്ന അഭിഭാഷകനും പരിസ്ഥിതി പ്രവർത്തകനുമായ വിശ്വംഭർ ചൗധരിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് വക്കീൽ നോട്ടീസ് അയച്ചത്.
സ്വതന്ത്രവും നീതിയുക്തവുമായ പ്രചാരണം ഉറപ്പാക്കാൻ എല്ലാ പൊതുസ്ഥലങ്ങളിലും, സർക്കാർ നിയന്ത്രണത്തിലുള്ള സ്ഥലങ്ങളിൽ നിന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രങ്ങൾ നീക്കം ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഓഫീസുകൾ, വിമാനത്താവളങ്ങൾ, വിമാനങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ, ട്രെയിനുകൾ, മെട്രോകൾ, ബസ് സ്റ്റോപ്പുകൾ എന്നിവിടങ്ങളിൽ നിന്ന് പ്രധാനമന്ത്രി മോദിയുടെ ചിത്രങ്ങൾ നീക്കം ചെയ്യാൻ സർക്കാരിനോട് നിർദേശം നൽകണമെന്നും പരാതിയിൽ പറയുന്നു.
രാജ്യത്തെ ഭരണകക്ഷിയായ ബി.ജെ.പിയുടെ താരപ്രചാരകനാണ് പ്രധാനമന്ത്രി. അതിനാൽ അദ്ദേഹത്തിന്റെ ചിത്രങ്ങൾ നിർബന്ധമായും നീക്കം ചെയ്യണമെന്ന് പരാതിക്കാരൻ അഭ്യർത്ഥിച്ചു. പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിമാരുടെയും ചിത്രങ്ങൾ പൊതു ഇടങ്ങളിൽ സ്ഥാപിക്കുന്നത് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു.
Content Highlight: Remove PM Modi’s images from public places ahead of Lok Sabha polls