യൂസഫലിക്കെതിരായ വാര്‍ത്തകള്‍ മറുനാടന്‍ മലയാളി 24 മണിക്കൂറിനകം നീക്കണം; അല്ലാത്തപക്ഷം ചാനല്‍ സസ്‌പെന്‍ഡ് ചെയ്യും: ദല്‍ഹി കോടതി
Kerala News
യൂസഫലിക്കെതിരായ വാര്‍ത്തകള്‍ മറുനാടന്‍ മലയാളി 24 മണിക്കൂറിനകം നീക്കണം; അല്ലാത്തപക്ഷം ചാനല്‍ സസ്‌പെന്‍ഡ് ചെയ്യും: ദല്‍ഹി കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 27th May 2023, 1:49 pm

തിരുവന്തപുരം: ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലിക്കെതിരെ പ്രസിദ്ധീകരിച്ച എല്ലാ വാര്‍ത്തകളും നീക്കണമെന്ന് ന്യൂസ് പോര്‍ട്ടലായ മറുനാടന്‍ മലയാളിയോട് ദല്‍ഹി ഹൈക്കോടതി. ജസ്റ്റിസ് ചന്ദ്രധാരി സിങിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് എഡിറ്റര്‍ ഷാജന്‍ സ്‌കറിയക്കും മറുനാടന്‍ മലയാളിക്കും  സമന്‍സ് അയച്ചത്.

ജസ്റ്റിസ് ചന്ദ്രധാരി സിങിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഉത്തരവിറക്കിയത്. 2013 മുതല്‍ ഷാജന്‍ സ്‌കറിയ തന്നെ അപമാനിക്കുന്നുവെന്ന യൂസഫ് അലിയുടെ മാനനഷ്ടക്കേസ് പരിഗണിക്കുകയായിരുന്നു കോടതി.

‘കോടതിയുടെ നിര്‍ദേശങ്ങള്‍ അനുസരിച്ചില്ലെങ്കില്‍ അപകീര്‍ത്തിപരമായ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാന്‍ ഗൂഗിളിനും യൂട്യൂബിനും നിര്‍ദേശം നല്‍കി. അടുത്ത വാദം കേള്‍ക്കുന്നത് വരെ ചാനല്‍ നിര്‍ത്തിവെക്കണം,’ ഉത്തരവില്‍ പറയുന്നു. ഉള്ളടക്കം നീക്കം ചെയ്യാന്‍ മറുനാടന്‍ മലയാളിക്ക് 24 മണിക്കൂര്‍ സമയം ഹൈക്കോടതി അനുവദിച്ചു.

ഷാജന്‍ സ്‌കറിയ നടത്തിയ പരാമര്‍ശങ്ങള്‍ അരോചകമാണെന്നും യൂസഫലിയുടെ പ്രശസ്തിക്ക് കോട്ടം തട്ടിക്കലായിരുന്നു ഉദ്ദേശ്യമെന്നും യൂസഫലിക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകനും മുന്‍ അറ്റോര്‍ണി ജനറലുമായിരുന്ന മുകുള്‍ റോത്തഗി വാദിച്ചു.

‘കേരള ഹൈക്കോടതിയുടെ നിരോധന ഉത്തരവുണ്ടായിട്ടും ഷാജന്‍ സ്‌കറിയ തെറ്റായതും കെട്ടിച്ചമച്ചതും തീവ്രതയേറിയതുമായ ഉള്ളടക്കങ്ങള്‍ യൂസഫലിക്കെതിരെ പ്രസിദ്ധീകരിച്ചു,’ അദ്ദേഹം പറഞ്ഞു.

തുടര്‍ന്ന് അഭിഭാഷകന്‍ ഹാജരാക്കിയ വീഡിയോകളും ചിത്രങ്ങളും പരിശോധിച്ച കോടതി പ്രഥമദൃഷ്ട്യാ തന്നെ ഷാജന്‍ സ്‌കറിയ അഭിപ്രായ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുകയായിരുന്നുവെന്ന് നിരീക്ഷിച്ചു.

‘ഷാജന്‍ ആവശ്യമില്ലാതെ വാദിയെയും അദ്ദേഹത്തിന്റെ ബിസിനസ് ഗ്രൂപ്പിനെയും ടാര്‍ഗറ്റ് ചെയ്യുകയായിരുന്നു. സ്വാതന്ത്ര്യത്തിന്റെ അടിസ്ഥാന തത്വമാണ് അഭിപ്രായ സ്വാതന്ത്ര്യം. എന്നാല്‍ മറ്റൊരാളുടെ സ്വാതന്ത്ര്യത്തില്‍ ഇടപെടാനും അപകീര്‍ത്തിപ്പെടുത്താനുമുള്ള അവകാശം അത് നല്‍കുന്നില്ല,’ കോടതി പറഞ്ഞു.

കേസില്‍ ഷാജന്‍ സ്‌കറിയയ്ക്ക് സമന്‍സ് അയച്ച കോടതി ആഗസ്റ്റ് 22ന് കേസ് പരിഗണിക്കുമെന്നും അറിയിച്ചു.

എന്നാല്‍ ദല്‍ഹി ഹൈക്കോടതിക്ക് യൂസഫലിയുടെ ഹരജി പരിഗണിക്കാന്‍ നിയമപരമായ അവകാശം ഇല്ലെന്നാണ് മറുനാടന്‍ മലയാളിയുടെ വാദം. ഈ വാദം തള്ളിക്കൊണ്ടാണ് ജസ്റ്റിസ് ചന്ദ്രധാരി സിംഗ് ചാനലിനെതിരായ ഉത്തരവ് പുറപ്പെടുവിച്ചത്.

CONTENT HIGHLIGHT: Remove news that defames Yousafali; Delhi court to foreign Malayali