ന്യൂദല്‍ഹി: മെഡിക്കല്‍ കോഴക്കേസില്‍ ആരോപണവിധേയനായ അലഹാബാദ് ഹൈക്കോടതി ജഡ്ജി എസ്.എന്‍ ശുക്ലയെ ജോലിയില്‍നിന്നു മാറ്റിനിര്‍ത്താന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദിപക് മിശ്രയുടെ നിര്‍ദേശം. അലഹാബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനോട് ദീപക് മിശ്ര ഇതു സംബന്ധിച്ച നിര്‍ദേശം കൈമാറിയത്. ജഡ്ജിയെ നീക്കണമെന്നാവശ്യപ്പെട്ട് പ്രസിഡന്റിന് ചീഫ് ജസ്റ്റിസ് കത്തും കൈമാറിയിട്ടുണ്ട്.
നേരത്തെ അന്വേഷണസമിതിയുടെ ശുപാര്‍ശപ്രകാരം ശുക്ലയോട് വിരമിക്കുകയോ രാജിവെക്കുകയോ ചെയ്യാന്‍ ചീഫ് ജസ്റ്റിസ് ദിപക് മിശ്ര ആവശ്യപ്പെട്ടിരുന്നെങ്കിലും അതുണ്ടാകാത്തതിനാലാണ് മാറ്റി നിര്‍ത്താന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
മെഡിക്കല്‍ കോഴക്കേസ് അന്വേഷണസമിതിയുടെ റിപ്പോര്‍ട്ടില്‍ എസ്.എന്‍ ശുക്ലയ്ക്കെതിരേ പരാമര്‍ശങ്ങളുണ്ടായിരുന്നു. ഒരു ജഡ്ജിയുടെ പദവിക്ക ചേരാത്ത തരത്തില്‍ പെരുമാറിയെന്നതടക്കമുള്ള പരാമര്‍ശങ്ങളാണ് സമിതിയുടെ റിപ്പോര്‍ട്ടിലുള്ളത്. ഇതേതുടര്‍ന്ന് ശുക്ലയെക്കുറിച്ചുള്ള പരാതികള്‍ അന്വേഷിക്കാന്‍ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള മൂന്നംഗസമിതിയെ നിയോഗിച്ചിരുന്നു.
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ് ശുക്ല തിരുത്തിയെന്നാണ് റിപ്പോര്‍ട്ടില്‍ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. സ്വകാര്യ കോളേജുകളില്‍ 2017-“18 അക്കാദമിക് വര്‍ഷം വിദ്യാര്‍ഥികള്‍ക്ക് പ്രവേശനമനുവദിക്കുന്ന തരത്തില്‍ തിരുത്തു വരുത്തിയെന്നാണ് ജഡ്ജിക്കെതിരെ ഉയര്‍ന്ന ആരോപണം.
മെഡിക്കല്‍ പ്രവേശനത്തില്‍ ഇടപെടുന്നതില്‍നിന്ന് സുപ്രീംകോടതി ഹൈക്കോടതിയെ വിലക്കി ദിവസങ്ങള്‍ക്കുള്ളിലാണ് ശുക്ല കൈകൊണ്ട് ഉത്തരവ് തിരുത്തിയതെന്നാണ് അന്വേഷണ റിപ്പോര്‍ട്ട്. കഴിഞ്ഞ സെപ്റ്റംബറില്‍ സി.ബി.ഐ. നടത്തിയ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടിലും ജഡ്ജിയുടെ പേര് ഉള്‍പ്പെട്ടിരുന്നു. ഈ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ ശരിവെക്കുന്നതാണ് അന്വേഷണസമിതിയുടെ റിപ്പോര്‍ട്ട്. സമിതി കഴിഞ്ഞയാഴ്ച റിപ്പോര്‍ട്ട് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് സമര്‍പ്പിച്ചിരുന്നു.