'ഇത് വിജയ്ക്ക് നല്ലതിനല്ല' ; 'സര്‍ക്കാരി'ലെ സര്‍ക്കാര്‍ വിമര്‍ശനം നീക്കണമെന്ന് തമിഴ്‌നാട് മന്ത്രി
Movie Day
'ഇത് വിജയ്ക്ക് നല്ലതിനല്ല' ; 'സര്‍ക്കാരി'ലെ സര്‍ക്കാര്‍ വിമര്‍ശനം നീക്കണമെന്ന് തമിഴ്‌നാട് മന്ത്രി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 7th November 2018, 5:24 pm

ചെന്നൈ: വിജയ് ചിത്രം സര്‍ക്കാരിലെ രാഷ്ട്രീയ വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഭാഗം നീക്കണമെന്ന് തമിഴ്‌നാട് വിവരസാങ്കേതിക വകുപ്പ് മന്ത്രി കടമ്പൂര്‍ രാജന്‍. ചിത്രത്തെക്കുറിച്ചു പരാതികള്‍ ലഭിച്ചിട്ടുണ്ട്. വളര്‍ന്നു വരുന്ന നടനായ വിജയിയെ സംബന്ധിച്ചfടുത്തോളം ഇതു നല്ലതല്ല. ജനങ്ങള്‍ ഈ സീനുകള്‍ അംഗീകരിക്കില്ലെന്നും കടമ്പൂര്‍ രാജന്‍ പറഞ്ഞു.

ചിത്രത്തിലെ “ഒരു വിരല്‍ പുരട്ചി” എന്ന ഗാനത്തില്‍ തമിഴ്‌നാട് സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ ജനങ്ങള്‍ കത്തിച്ചെറിയുന്ന ദൃശ്യമുണ്ട്. സംവിധായകന്‍ എ.ആര്‍ മുരുഗദോസ് തന്നെ ഈ ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെടുകയും സര്‍ക്കാരിന്റെ സഹായങ്ങള്‍ കത്തിക്കുകയും ചെയ്യുന്നുണ്ട്.

ഈ രംഗങ്ങളാണ് തമിഴ്‌നാട് സര്‍ക്കാരിനെ ചൊടിപ്പിച്ചിരിക്കുന്നത്. ചിത്രത്തില്‍ വരലക്ഷ്മി ശരത് കുമാര്‍ അവതരിപ്പിച്ച കഥാപാത്രത്തിനു മുന്‍ മുഖ്യമന്ത്രി ജയലളിതയുമായ സാമ്യമുണ്ടെന്ന് ചര്‍ച്ചയുണ്ടായിരുന്നു.

തമിഴ്‌നാട്ടിലെ ആനുകാലിക രാഷ്ട്രീയ സംഭവങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് മുരുഗദോസ് ചിത്രം തയ്യാറാക്കിയിരിക്കുന്നത്. ഇതാദ്യമായല്ല വിജയ് ചിത്രത്തിന് നേരെ രാഷ്ട്രീയ വിമര്‍ശനമുയരുന്നത്. കേന്ദ്ര സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിച്ച “മെര്‍സല്‍” ചിത്രത്തിനെതിരെ ബി.ജെ.പി രംഗത്ത് വന്നിരുന്നു.