| Friday, 13th May 2022, 5:11 pm

ബി.ജെ.പി ദല്‍ഹി അധ്യക്ഷന്റെ വീട് കയ്യേറ്റ ഭൂമിയില്‍; ബുള്‍ഡോസറുമായി എത്തി പൊളിക്കുമെന്ന് ആം ആദ്മി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബി.ജെ.പി ദല്‍ഹി അധ്യക്ഷന്‍ ആദേശ് ഗുപ്തയുടെ വീട് കയ്യേറ്റ ഭൂമിയിലാണ് നിര്‍മിച്ചിരിക്കുന്നതെന്നും നാളെ രാവിലെ 11 മണിക്കകം കയ്യേറ്റം നീക്കിയില്ലെങ്കില്‍ ബുള്‍ഡോസറുമായി ഗുപ്തയുടെ വീട്ടിലേക്ക് പോകുമെന്നും എ.എ.പി.

‘ആദേശ് ഗുപ്ത തന്റെ വീടിനും ഓഫീസിനുമായി പൊതുഭൂമി കൈയേറിയിട്ടുണ്ട്. ഞങ്ങള്‍ പരാതി നല്‍കിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ല,’ എ.എ.പി പറഞ്ഞു.

എന്നാല്‍, ആം ആദ്മിയെ വിമര്‍ശിച്ചുകൊണ്ട് ആദേശ് ഗുപ്ത രംഗത്തെത്തി.

”ദല്‍ഹിയിലെ റോഹിംഗ്യന്‍ കയ്യേറ്റക്കാരെയും കലാപകാരികളെയും എ.എ.പി സംരക്ഷിക്കുകയാണ്. ദല്‍ഹി സര്‍ക്കാരിന് പാവപ്പെട്ട ജനങ്ങളോട് താല്‍പ്പര്യമുണ്ടെങ്കില്‍ കേന്ദ്രത്തിന്റെ ആയുഷ്മാന്‍ ഭാരത് പദ്ധതി നിങ്ങള്‍ ദല്‍ഹിയില്‍ നടപ്പാക്കണമായിരുന്നു,” ആദേശ് ഗുപ്ത പറഞ്ഞു.

ബംഗ്ലാദേശികള്‍, റോഹിംഗ്യകള്‍, തീവ്രവാദികള്‍, കലാപകാരികള്‍ എന്നിവരുടെ സ്വത്തുക്കളാണ് ബി.ജെ.പി ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുന്നതെന്നും അതിന്റെ പേരില്‍ രാഷ്ട്രീയം കളിക്കരുതെന്നും ആദേശ് പറഞ്ഞു.

നേരത്തെ, അനധികൃമായി നിര്‍മിച്ചതാണെന്നാരോപിച്ചാണ് ദല്‍ഹിയിലെ ജഹാംഗീര്‍പുരിയില്‍ ബി.ജെ.പി ഭരിക്കുന്ന വടക്കന്‍ ദല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് കെട്ടിടങ്ങള്‍ തകര്‍ത്തിരുന്നു.

സുപ്രീംകോടതി ഉത്തരവിനെ മറികടന്നാണ് ഇത്തരം ഒരു നീക്കം ബി.ജെ.പി ഭരിക്കുന്ന വടക്കന്‍ ദല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ നടത്തിയത്.

Content Highlights: ‘Remove By 11 Tomorrow Or…”: AAP’s Bulldozer Threat To BJP Delhi Chief

We use cookies to give you the best possible experience. Learn more