ന്യൂദല്‍ഹി: ദല്‍ഹിയില്‍ ആം ആദ്മി സര്‍ക്കാരിന്റേതായി സ്ഥാപിച്ച എല്ലാ പരസ്യബോര്‍ഡുകളും എടുത്തുമാറ്റണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് ബി.ജെ.പിയുടെ കത്ത്. പരസ്യബോര്‍ഡുകളും പോസ്റ്ററുകളും ബാനറുകളും എത്രയും പെട്ടെന്ന് എടുത്തുമാറ്റാന്‍ ഉത്തരവ് ഇറക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എസ്.കെ ശ്രീവാസ്തവയ്ക്കാണ് ദല്‍ഹി ബി.ജെ.പി ജനറല്‍ സെക്രട്ടറിയായ കുല്‍ജീത് സിങ് ചാഹല്‍ കത്തയച്ചിരിക്കുന്നത്. ദല്‍ഹി മുനിസിപ്പല്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായി സര്‍ക്കാര്‍ ബോര്‍ഡുകള്‍ എടുത്തുമാറ്റണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ദല്‍യില്‍ ആം ആദ്മി സര്‍ക്കാര്‍ മിനിമം കൂലി വര്‍ധിപ്പിച്ചു എന്ന് പറഞ്ഞുകൊണ്ടുള്ള പരസ്യബോര്‍ഡുകളും മാധ്യമങ്ങള്‍ വഴിയുള്ള പരസ്യവും ഒഴിവാക്കണമെന്നുമാണ് ബി.ജെ.പിയുടെ ആവശ്യം. ഇത്തരം പരസ്യങ്ങളെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നാണ് ബി.ജെ.പിയുടെ വാദം.
സര്‍ക്കാര്‍ സ്‌കൂളിന്റെ മതിലുകളിലും മറ്റും പതിച്ചിരിക്കുന്ന ദല്‍ഹി മുഖ്യമന്ത്രിയുടെ ചിത്രങ്ങള്‍ നീക്കം ചെയ്യണമെന്നും പോളിങ് ബൂത്തുകളാകുന്ന സ്‌കൂളുകള്‍ക്ക് ചുറ്റും ഇത്തരം ഹോര്‍ഡിങ്‌സും പോസ്റ്ററും സ്ഥാപിക്കുന്നത് ശരിയല്ലെന്നുമാണ് ബി.ജെ.പിയുടെ വാദം.