| Tuesday, 20th September 2016, 10:52 pm

ഘാന സര്‍വകലാശാലയിലെ ഗാന്ധിപ്രതിമ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് അധ്യാപകരും വിദ്യാര്‍ഥികളും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കറുത്തവര്‍ഗക്കാര്‍ക്കെതിരെ നിലപാടുകള്‍ എടുത്ത വ്യക്തിയാണ് ഗാന്ധിയെന്നും അദ്ദേഹത്തിനും വര്‍ണ വിവേചന മനോഭാവം ഉണ്ടായിരുന്നു എന്നുമാണ് പ്രതിഷേധക്കാര്‍ ആരോപിക്കുന്നത്. 


ഡര്‍ബന്‍: ഘാന സര്‍വകലാശാല പരിസരത്ത് സ്ഥാപിച്ചിരിക്കുന്ന ഗാന്ധി പ്രതിമ മാറ്റണമെന്ന ആവശ്യവുമായി അധ്യാപകരും വിദ്യാര്‍ഥികളും രംഗത്ത്. കറുത്തവര്‍ഗക്കാര്‍ക്കെതിരെ നിലപാടുകള്‍ എടുത്ത വ്യക്തിയാണ് ഗാന്ധിയെന്നും അദ്ദേഹത്തിനും വര്‍ണ വിവേചന മനോഭാവം ഉണ്ടായിരുന്നു എന്നുമാണ് പ്രതിഷേധക്കാര്‍ ആരോപിക്കുന്നത്.

ആഫ്രിക്കക്കാരെ കാഫിര്‍ എന്നു സംബോധന ചെയ്ത ഗാന്ധിജിയുടെ ആദ്യകാല എഴുത്തുകള്‍ അദ്ദേഹത്തിന്റെ വര്‍ണ വെറിയെ ചൂണ്ടിക്കാണിക്കുന്നതാണെന്ന് പ്രതിഷേധക്കാര്‍ കുറ്റപ്പെടുത്തി. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആഫ്രിക്കന്‍ സ്റ്റഡീസിന്റെ മുന്‍ ഡയറക്ടറായ അക്കോസുവ അഡോമോക്കോ അംഫോഫോ ആണ് പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്നത്.

നേരത്തെ ഘാന സന്ദര്‍ശിച്ച വേളയില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി സമ്മാനമായി നല്‍കിയ പ്രതിമയാണ് നീക്കണമെന്ന് ഇപ്പോള്‍ ആവശ്യമുയര്‍ന്നിരിക്കുന്നത്. എത്രയും പെട്ടെന്ന് പ്രതിമ എടുത്തുമാറ്റണം എന്ന് കാണിച്ച് പരാതിയും ഇവര്‍ നല്‍കി. “ഗാന്ധി വീണേ മതിയാകു” എന്ന മുദ്രാവാക്യങ്ങളും ക്യാമ്പസില്‍ ഉയരുന്നുണ്ട്.

എന്നാല്‍ ഈ പ്രതിഷേധങ്ങള്‍ക്കെതിരേയും നിരവധി പേര്‍ രംഗത്ത് വന്നു. ഇത്തരം പ്രവൃത്തി ഇന്ത്യ-ഘാന നയതന്ത്ര ബന്ധത്തെ വലിയ തോതില്‍ ബാധിക്കുമെന്ന് ഇവര്‍ പറയുന്നു.

We use cookies to give you the best possible experience. Learn more