ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍; സര്‍ക്കാരിനോട് ഞങ്ങള്‍ ആവശ്യപ്പെട്ടു, ഇത് ഹിന്ദുരാഷ്ട്ര നിര്‍മാണത്തിന്റെ തുടക്കമാണെന്നും ഹിന്ദു ജനജാഗ്രതി സമിതി
Kashmir Turmoil
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍; സര്‍ക്കാരിനോട് ഞങ്ങള്‍ ആവശ്യപ്പെട്ടു, ഇത് ഹിന്ദുരാഷ്ട്ര നിര്‍മാണത്തിന്റെ തുടക്കമാണെന്നും ഹിന്ദു ജനജാഗ്രതി സമിതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 6th August 2019, 2:11 pm

ന്യുദല്‍ഹി: കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ബി.ജെ.പി സര്‍ക്കാര്‍ നടപടി ഹിന്ദുരാഷ്ട്ര നിര്‍മാണത്തിന്റെ തുടക്കമാണെന്ന് ഹിന്ദു ജനജാഗ്രതി സമിതി.

70 വര്‍ഷം മുമ്പ് കോണ്‍ഗ്രസ് ചെയ്ത പാപം മോദി സര്‍ക്കാര്‍ കഴുകി കളഞ്ഞെന്ന് ഹിന്ദു ജനജാഗ്രതി സമിതി വക്താവ് രമേശ് ഷിന്‍ഡെ പറഞ്ഞു.

‘ആര്‍ട്ടിക്കിള്‍ 370 നീക്കം ചെയ്യുന്നത് ഭാരത മാതാവിന്റെ തലയില്‍ നിന്ന് ഭാരം കുറയ്ക്കാന്‍ സഹായിച്ചിട്ടുണ്ട്. ഇതായിരുന്നു സര്‍ക്കാരിനോടുള്ള ഞങ്ങളുടെ ആവശ്യം.’ രമേശ് ഷിന്‍ഡെ പറഞ്ഞു.

‘കശ്മീരില്‍ ഹിന്ദുക്കളെ പുനരധിവസിപ്പിക്കണം. ഇതാണ് ഹിന്ദു രാഷ്ട്രത്തിന്റെ തുടക്കം. ആര്‍ട്ടിക്കിള്‍ 370 നീക്കം ചെയ്യണമെന്ന് രാജ്യസ്‌നേഹികളായ പൗരന്മാരും വിവിധ ഹിന്ദു അനുകൂല സംഘടനകളും ആവശ്യപ്പെട്ടിരുന്നു. ഇന്ന്, അവരുടെ ആവശ്യങ്ങള്‍ക്ക് നീതി ലഭിക്കുന്നു’-ഷിന്‍ഡെ പറഞ്ഞു.

വിവിധ റാലികളിലൂടെയും അഖിലേന്ത്യാ ഹിന്ദു രാഷ്ട്ര കണ്‍വെന്‍ഷനുകളിലൂടെയും ആര്‍ട്ടിക്കിള്‍ 370 നീക്കം ചെയ്യണമെന്ന് സനാതന്‍ സന്‍സ്തയും ആവശ്യപ്പെട്ടിരുന്നെന്നും അദ്ദേഹം പറഞ്ഞു.

ജമ്മു കശ്മീര്‍ സംസ്ഥാന നിയമസഭ പാസാക്കിയ എല്ലാ ദേശവിരുദ്ധ നിയമങ്ങളും നിര്‍ത്തലാക്കുകയും അവിടെ അഭയം നല്‍കിയിട്ടുള്ള റോഹിംഗ്യന്‍ മുസ്ലിംകളെ ഉടന്‍ പുറത്താക്കണമെന്നും എച്ച്.ജെ.എസ് നേരത്തെ ഉന്നയിച്ച ആവശ്യങ്ങളാണെന്നും കേന്ദ്രസര്‍ക്കാര്‍ അത് നടപ്പാക്കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ടെന്നും ഷിന്‍ഡെ പ്രസ്താവനയില്‍ പറയുന്നു.

ജമ്മു കശ്മീരില്‍ പുതിയ നിയമങ്ങളും വ്യവസ്ഥകളും കൊണ്ടുവരുന്നതില്‍ നിന്നും ആര്‍ക്കും തങ്ങളെ തടയാന്‍ കഴിയില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്സഭയില്‍ പറഞ്ഞിരുന്നു.

ജമ്മു കശ്മീരിനെക്കുറിച്ച് പറയുമ്പോള്‍ താന്‍ പാക് അധിനിവേശ കശ്മീരിനെ കുറിച്ചും പറയുമെന്നും അക്കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ടെന്നുമായിരുന്നു അമിത് ഷാ പറഞ്ഞിരുന്നു.

നിങ്ങള്‍ പാക് അധീന കശ്മീരിനെ കുറിച്ച് ചിന്തിക്കുന്നില്ലെന്നാണ് തനിക്ക് തോന്നുന്നതെന്നും നിങ്ങള്‍ എല്ലാ നിയമങ്ങളും ലംഘിക്കുകയും ഒറ്റരാത്രികൊണ്ട് ഒരു സംസ്ഥാനത്തെ കേന്ദ്രഭരണ പ്രദേശമാക്കി മാറ്റുകയും ചെയ്‌തെന്നും കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞിരുന്നു. ഇതാണ് അമിത് ഷായെ ചൊടിപ്പിച്ചത്.

ഒറ്റരാത്രി കൊണ്ട് ഭരണഘടനയുടെ എല്ലാ ചട്ടങ്ങളും ലംഘിച്ചാണ് കേന്ദ്രസര്‍ക്കാര്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതെന്ന് അധിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞിരുന്നു. ലോക്‌സഭയില്‍ ഏറെനേരമായി അമിത് ഷായും ചൗധരിയും തമ്മില്‍ വാക്‌പോര് നടന്നിരുന്നു.