ഈ മുഖംമൂടികള്‍ക്ക് പിന്നില്‍ വന്ന ഭീരുക്കള്‍ ആരാണെന്ന് നമ്മള്‍ അറിഞ്ഞിരിക്കണം; ജെ.എന്‍.യു അക്രമം മുംബൈ തീവ്രവാദാക്രമണത്തെ ഓര്‍പ്പിക്കുന്നതെന്നും ഉദ്ദവ് താക്കറെ
JNU
ഈ മുഖംമൂടികള്‍ക്ക് പിന്നില്‍ വന്ന ഭീരുക്കള്‍ ആരാണെന്ന് നമ്മള്‍ അറിഞ്ഞിരിക്കണം; ജെ.എന്‍.യു അക്രമം മുംബൈ തീവ്രവാദാക്രമണത്തെ ഓര്‍പ്പിക്കുന്നതെന്നും ഉദ്ദവ് താക്കറെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 6th January 2020, 3:01 pm

ന്യൂദല്‍ഹി: ജെ.എന്‍.യുവില്‍ മുഖംമൂടി ധരിച്ചെത്തി വിദ്യാര്‍ത്ഥികളെ ആക്രമിച്ച സംഭവം 2011 ലെ മുംബൈ തീവ്രവാദാക്രമണത്തെ ഓര്‍മ്മിപ്പിക്കുന്നതാണെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. സംഭവത്തില്‍ കൃത്യമായ അന്വേഷണം നടത്തിയേ തീരൂവെന്നും ഉദ്ദവ് താക്കറെ പറഞ്ഞു.

ഒരു ക്യാംപസിലും നടക്കാന്‍ പാടില്ലാത്ത കാര്യമാണ് ജെ.എന്‍.യുവില്‍ സംഭവിച്ചത്. ജെ.എന്‍.യുവിലെ ആക്രമണ ദൃശ്യങ്ങള്‍ കണ്ടപ്പോള്‍ 2011 ല്‍ നടന്ന മുംബൈ തീവ്രവാദ ആക്രമണമാണ് തനിക്ക് ഓര്‍മ്മ വന്നതെന്നും ഉദ്ദവ് പറഞ്ഞു.

ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ നല്‍കിക്കൊണ്ട് തെരുവിലിറങ്ങിയ മഹാരാഷ്ട്രയിലെ വിദ്യാര്‍ത്ഥികള്‍ക്കെതിരാവുന്ന ഒരു നടപടിയും തന്റെ സര്‍ക്കാര്‍ സ്വീകരിക്കില്ലെന്നും ഉദ്ദവ് താക്കറെ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘ഞാന്‍ ടി.വിയില്‍ റിപ്പോര്‍ട്ടുകള്‍ കാണുന്നുണ്ടായിരുന്നു, ഞായറാഴ്ച രാത്രി ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ ആക്രമണം എന്നെ 26/11 മുംബൈ ഭീകരാക്രമണത്തെ ഓര്‍മ്മപ്പെടുത്തുകയായിരുന്നു. വിദ്യാര്‍ത്ഥികള്‍ ഈ രാജ്യത്ത് സുരക്ഷിതരല്ലെന്ന് തോന്നുന്നു. മഹാരാഷ്ട്രയില്‍ ഇതുപോലൊരു കാര്യം ഒരിക്കലും സംഭവിക്കില്ല”- ഉദ്ദവ് താക്കറെ പറഞ്ഞു.

യുവാക്കള്‍ ഭയപ്പെടുകയും അതോടൊപ്പം തന്നെ ദേഷ്യപ്പെടുകയും ചെയ്യുന്നു. നമ്മുടെ യുവാക്കള്‍ ഭീരുക്കളല്ല. യുവാക്കളെ പ്രകോപിപ്പിച്ച് ഒരു വലിയ ആക്രമണം ഉണ്ടാക്കാന്‍ ശ്രമിക്കരുത്. യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തുന്നതില്‍ പൊലീസ് പരാജയപ്പെട്ടാല്‍ തീര്‍ച്ചയായും പൊലീസ് പ്രതിസ്ഥാനത്ത് നില്‍ക്കേണ്ടി വരുമെന്നും താക്കറെ പറഞ്ഞു.

ഈ മുഖംമൂടികള്‍ക്ക് പിന്നില്‍ ആരാണെന്ന് നമ്മള്‍ അറിഞ്ഞിരിക്കണം. മുഖംമൂടി ധരിച്ച് വന്നവര്‍ ഭീരുക്കളാണ്. അവര്‍ക്ക് ധൈര്യമുണ്ടെങ്കില്‍ അവര്‍ നേരിട്ട് വരുമായിരുന്നു. ഇത്തരം ഭീരുത്വത്തെ നമുക്ക് അംഗീകരിക്കാന്‍ കഴിയില്ല -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആക്രമണത്തിന് പിന്നില്‍ എ.ബി.വി.പിയാണെന്ന് ആരോപണമുണ്ടല്ലോ എന്ന ചോദ്യത്തിന് ഈ വിഷയത്തില്‍ ഇപ്പോള്‍ താന്‍ രാഷ്ട്രീയം പറയുന്നില്ലെന്നായിരുന്നു താക്കറെയുടെ മറുപടി. ‘ഇതില്‍ രാഷ്ട്രീയം നിറയ്ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. പക്ഷേ കുറ്റവാളികളുടെ മുഖംമൂടികള്‍ നീക്കം ചെയ്യണം, എന്നാല്‍ മാത്രമേ ആക്രമണത്തിന് പിന്നില്‍ ആരാണെന്നതിന്റെ വ്യക്തമായ ചിത്രം ലഭിക്കുള്ളു’- അദ്ദേഹം പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ മുഖംമൂടി ധരിച്ചെത്തി അക്രമം നടത്തിയ സംഘത്തിനെതിരെ ശിവസേനാ നേതാവും മഹാരാഷ്ട്ര മന്ത്രിയുമായ ആദിത്യ താക്കറെയും രംഗത്തെത്തിയിരുന്നു.

ജെ.എന്‍.യുവില്‍ ആക്രമണം നടത്തിയവരെ തീവ്രവാദികള്‍ എന്നാണ് വിളിക്കേണ്ടതെന്നും മുഖംമറച്ച് എത്തി ആക്രമണം നടത്തുക അവരാണെന്നുമായിരുന്നു ആദിത്യ താക്കറെ പറഞ്ഞത്.

ഈയൊരു ആക്രമണത്തിലൂടെ ലോകത്തിന് മുന്‍പില്‍ നമ്മുടെ രാജ്യത്തിന്റെ മുഖച്ഛായ തന്നെ നഷ്ടപ്പെട്ടിരിക്കുന്നു. സമയബന്ധിതമായ അന്വേഷണം ഉണ്ടാകേണ്ടതുണ്ട്. അല്ലാത്തപക്ഷം വിദേശരാജ്യങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ പഠനത്തിനായി ഇന്ത്യയില്‍ എത്തില്ലെന്നും ആദിത്യ താക്കറെ പറഞ്ഞിരുന്നു.