ആചാരം പാലിച്ച് തന്നെ തൃശൂര്‍ പൂരം നടത്തണം: ചെന്നിത്തല
Kerala
ആചാരം പാലിച്ച് തന്നെ തൃശൂര്‍ പൂരം നടത്തണം: ചെന്നിത്തല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 19th April 2021, 1:49 pm

കൊച്ചി: കൊവിഡ് പശ്ചാത്തലത്തില്‍ ചടങ്ങു മാത്രമായി ചുരുക്കി തൃശ്ശൂര്‍ പൂരം നടത്തുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കവേ ആചാരങ്ങള്‍ പാലിച്ചു തന്നെ പൂരം നടത്തണമെന്ന് ആവശ്യവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് തൃശ്ശൂര്‍ പൂരം നടത്താനാകുമെന്നായിരുന്നു ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞത്.

ആചാരങ്ങള്‍ പ്രകാരം തന്നെ പൂരം നടത്തണമെന്നും ചടങ്ങ് മാത്രമായി ഒതുക്കാനാവില്ലെന്നുമായിരുന്നു ചെന്നിത്തല. ഇന്ന് രാവിലെ മുതല്‍ വിവിധ ദേവസ്വവുമായി സര്‍ക്കാര്‍ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

തൃശ്ശൂര്‍ പൂരം നടത്തിപ്പില്‍ നിലപാട് മയപ്പെടുത്തിയാണ് വിവിധ ദേവസ്വങ്ങള്‍ രംഗത്തെത്തിയത്. കൊവിഡ് വ്യാപനം കണക്കിലെടുത്ത് പൂരം ചടങ്ങുമാത്രമായി നടത്തുന്നതും കാണികളെ ഒഴിവാക്കുന്നതും ആലോചിക്കാമെന്ന നിലപാടിലെത്തിച്ചേര്‍ന്നിരിക്കുകയാണ് ദേവസ്വങ്ങള്‍.

ഇന്ന് വൈകീട്ട് പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുളള യോഗത്തിന് മുന്നോടിയായി തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ വെവ്വേറെ യോഗം ചേര്‍ന്നിരുന്നു. കൊവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ പൊതുജനങ്ങളെ ഉള്‍ക്കൊളളിച്ച് പൂരം നടത്താനാകില്ലെന്നാണ് പൊതു അഭിപ്രായം. ഇങ്ങനെയൊരു പശ്ചത്താലത്തില്‍ കൂടിയാണ് ആചാരങ്ങള്‍ പാലിച്ച് പൂരം നടത്തണമെന്ന ആവശ്യവുമായി ചെന്നിത്തല എത്തിയത്.

യുദ്ധകാല അടിസ്ഥാനത്തില്‍ കൊവിഡ് പ്രതിരോധം മുന്നോട്ട് കൊണ്ടുപോകാന്‍ പഞ്ചായത്ത് തലം മുതല്‍ ബോധവല്‍ക്കരണം നടത്തണമെന്നും പഞ്ചായത്തുകള്‍ക്ക് കൂടുതല്‍ ഫണ്ട് അനുവദിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

ആരോഗ്യ പ്രവര്‍ത്തകരുടെ ഇന്‍ഷൂറന്‍സ് കാലാവധി നീട്ടണമെന്നും യു.ഡി.എഫ് പ്രവര്‍ത്തകര്‍ കൊവിഡ് രോഗികള്‍ക്ക് സഹായം നല്‍കാന്‍ രംഗത്തിറക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

കാസര്‍ഗോഡ് കളക്ടറുടെ പുതിയ നിര്‍ദ്ദേശത്തോട് പ്രതികരിച്ച പ്രതിപക്ഷ നേതാവ് കളക്ടര്‍മാര്‍ ഇഷ്ടാനുസരണം ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നത് നിര്‍ത്തണമെന്നും ചെന്നിത്തല പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Remesh Chennithala On Trichur Pooram