| Thursday, 29th October 2020, 3:53 pm

എന്താണ് നമ്മുടെ നാട്ടില്‍ നടക്കുന്നത്, അപമാനം കൊണ്ട് കേരളീയര്‍ തലതാഴ്‌ത്തേണ്ടി വന്നിരിക്കുന്നു: സര്‍ക്കാരിനെതിരെ ചെന്നിത്തല

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി അറസ്റ്റിലായതിന് പിന്നാലെ മയക്കുമരുന്ന് കേസില്‍ പാര്‍ട്ടി സെക്രട്ടറിയുടെ മകന്‍ ബിനീഷ് കോടിയേരിയേയും ഇ.ഡി അറസ്റ്റ് ചെയ്തതില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

എന്തൊക്കെയാണ് നമ്മുടെ നാട്ടില്‍ നടക്കുന്നതെന്നും അപമാനം കൊണ്ട് കേരളത്തിലെ ജനതയ്ക്ക് തലതാഴ്‌ത്തേണ്ടി വന്നിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.

‘സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ അറസ്റ്റു ചെയ്യുന്നു. ഇന്ന് കോടിയേരിയുടെ മകനെ അറസ്റ്റു ചെയ്യുന്നു. എന്താണ് നമ്മുടെ നാട്ടില്‍ നടക്കുന്നത്. മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും ചേര്‍ന്നുള്ള കൊള്ള സംഘമാണോ കേരളം ഭരിക്കുന്നത്. ഈ അധോലോക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കാന്‍ പാര്‍ട്ടിക്ക് എങ്ങനെ കഴിയുന്നു.

ഇവിടെ നടക്കുന്ന തീവെട്ടിക്കൊള്ള കേരള ജനത മനസിലാക്കുന്നുണ്ട്. മുഖ്യമന്ത്രി എത്ര സംരക്ഷിക്കാന്‍ ശ്രമിച്ചാലും കൊള്ളക്കാരേയും കള്ളന്‍മാരേയും നിയമത്തിന്റെ മുന്‍പില്‍ കൊണ്ടുവരിക തന്നെ ചെയ്യും. മുഖ്യമന്ത്രിയുടെ ഓഫീസിലുള്ള പലരും ചോദ്യംചെയ്യപ്പെടാന്‍ പോകുകയാണ്.

കേരളീയര്‍ അപമാനം കൊണ്ട് തലതാഴ്‌ത്തേണ്ടി വന്നിരിക്കുന്നു. സര്‍ക്കാരില്‍ നിന്നും ഇത്രയും ഗുരുതരമായ തെറ്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. ഇനി ഒന്നും വിശദീകരിക്കാന്‍ ഇവര്‍ക്ക് കഴിയില്ല. നാടാകെ ഇവരുടെ യഥാര്‍ത്ഥ മുഖം മനസിലാക്കിയിരിക്കുകയാണ്.

മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് ഞാന്‍ ഉന്നയിച്ച ഓരോ ആരോപണങ്ങളും സത്യമായിക്കൊണ്ടിരിക്കുന്നു. അഴിമതിയും കൊള്ളയുംഓരോന്നായി പുറത്തുവരുമ്പോഴും മുഖ്യമന്ത്രിയും കൂട്ടരും ഞങ്ങളെ പരിഹസിക്കുകയായിരുന്നു. എന്നിട്ട് ഇപ്പോള്‍ എന്തുണ്ടായി.

സ്വര്‍ണക്കടത്തുകേസും മയക്കുമരുന്ന് കേസും തമ്മില്‍ ബന്ധമുണ്ട്. ഈ രണ്ട് കേസുകളും ചേര്‍ത്തു വായിക്കണമെന്നും’ രമേശ് ചെന്നിത്തല പറഞ്ഞു.

‘ഇക്കാര്യത്തില്‍ അന്വേഷണം നടത്തുന്ന ഏജന്‍സിയെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. കേന്ദ്ര ഏജന്‍സികളെ കൊണ്ടുവന്നത് മുഖ്യമന്ത്രിയല്ലേ, മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടല്ലേ അവര്‍ ഇവിടെ വന്നത്. ഇത്രയും കാലം ചോദ്യം ചെയ്തിട്ട് എന്ത് കിട്ടിയെന്ന് ചോദിച്ചവര്‍ അറസറ്റ് ചെയ്യുമ്പോള്‍ രാഷ്ട്രീയപകപോക്കലാണെന്ന് പറഞ്ഞിട്ട് കാര്യമുണ്ടോ.

മുഖ്യന്ത്രി ഇനിയും ആ കസേരയില്‍ തുടരാന്‍ അര്‍ഹനല്ല. എന്നാല്‍ പാര്‍ട്ടി സെക്രട്ടറി രാജിവെക്കണമെന്ന് പറയില്ല. അദ്ദേഹം ദീര്‍ഘകാലം അവിടെ തുടരണമെന്നാണ് എന്റെ അഭ്യര്‍ത്ഥ.

പാര്‍ട്ടി സെക്രട്ടറിയുടെ മക്കള്‍ക്കെതിരായി ഒരു ആരോപണമോ രണ്ട് ആരോപണമോ അല്ല നിരന്തരം ആരോപണം വരുന്നു. അതിന് പാര്‍ട്ടിയുടേയും സര്‍ക്കാരിന്റേയും തണലുണ്ട്. പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനമായതുകൊണ്ടാണ് ഇത്രയും കൃത്യങ്ങള്‍ നടന്നത്.
അധോലോക പ്രവര്‍ത്തനങ്ങള്‍ക്ക് സി.പി.ഐ.എം നേതൃത്വം കൊടുക്കുകയാണ്.

മുഖ്യമന്ത്രിയേക്കാള്‍ വലുതാണ് പാര്‍ട്ടി സെക്രട്ടറി. അദ്ദേഹത്തിന്റെ വീട്ടില്‍ മയക്കുമരുന്ന് കച്ചവടം നടക്കുന്നു. മുഖ്യമന്ത്രിയുടേ ഓഫീസിനകത്ത് അധോലോക പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. നാണമില്ലാത്ത സര്‍ക്കാര്‍ എന്തിന് ഇനിയും തുടരണം. ആരെ സംരക്ഷിക്കാനാണ് ഇത്.

നിരന്തരമായി പാര്‍ട്ടി സെക്രട്ടറിയുടെ മകന്‍ ഭരണത്തന്റെ തണലില്‍ അധോലോക പ്രവര്‍ത്തനം നടത്തുകയാണ്. ഇവിടെ ചോദിക്കാനും പറയാനും ആരുമില്ല. സംസ്ഥാന സര്‍ക്കാര്‍ തന്നെ ഇപ്പോള്‍ കസ്റ്റഡിയിലായിരിക്കുകയാണ്. പാര്‍ട്ടി കസ്റ്റഡിയിലായിരിക്കുകയാണ്. ഇതിന് മറുപടി ജനങ്ങള്‍ നല്‍കിയിരിക്കുമെന്നും പിണറായിയുടെ നെഞ്ചിടിപ്പ് ഇപ്പോള്‍ കേരളത്തിലെ ജനങ്ങള്‍ കേട്ടുതുടങ്ങിയെന്നും’ ചെന്നിത്തല പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Remesh Chennithala On Bineesh Kodiyeri Arrest

We use cookies to give you the best possible experience. Learn more