ഇംഗ്ലീഷില്‍ പ്രസംഗം തുടങ്ങിയ മുഖ്യമന്ത്രി ബി.പി.സി.എല്ലിന്റെ കാര്യം വന്നപ്പോള്‍ മലയാളത്തില്‍ പറഞ്ഞു, ഇത് പ്രധാനമന്ത്രിക്ക് മനസ്സിലാകാതിരിക്കാന്‍: ചെന്നിത്തല
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രധാനമന്ത്രിയെ കണ്ടപ്പോള്‍ മുഖ്യമന്ത്രി കവാത്ത് മറന്നെന്നും ബി.പി.സി.എല്‍ സ്വകാര്യവല്‍ക്കരണത്തിനെതിരെ മുഖ്യമന്ത്രി പരോക്ഷ വിമര്‍ശനം മാത്രമാണ് നടത്തിയതെന്നും ചെന്നിത്തല പറഞ്ഞു.
വില്‍ക്കാന്‍ പോകുന്ന സ്ഥാപനത്തിന് വികസനം നടത്തിയാല്‍ ഗുണം വാങ്ങുന്ന സ്വകാര്യ കമ്പനിക്കാണ്. സ്വകാര്യ കുത്തകകളെ സഹായിക്കാനാണ് ഇപ്പോഴത്തെ വികസനം. വില്‍ക്കാനുള്ള നീക്കത്തിനെതിരെ നല്ല പ്രതിഷേധം മുഖ്യമന്ത്രി നടത്തണമായിരുന്നു. പക്ഷേ അതിനുള്ള ധൈര്യം മുഖ്യമന്ത്രിക്ക് ഇല്ലാതെ പോയി.
ഇംഗ്ലീഷില്‍ പ്രസംഗം തുടങ്ങിയ മുഖ്യമന്ത്രി ബി.പി.സി.എല്ലിന്റെ കാര്യം വന്നപ്പോള്‍ മലയാളത്തില്‍ സംസാരിച്ചു. ഇത് പ്രധാനമന്ത്രിക്ക് മനസ്സിലാകാതിരിക്കാനാണ്. വിഷയത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്താന്‍ മുഖ്യമന്ത്രിക്ക് കഴിഞ്ഞില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
മുഖ്യമന്ത്രിയുടെ സംവാദ പരിപാടിയില്‍ കറുത്ത മാസ്‌ക് ധരിച്ചവരെ പുറത്താകുന്നു. കറുപ്പിനോട് എന്താണ് ഇത്ര ദേഷ്യം. മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ഇക്കാര്യത്തില്‍ ഒരുപോലെയാണ്. ചോദ്യം ചോദിക്കാന്‍ സമ്മതിക്കുന്നില്ല. എന്നാല്‍, വൈകുന്നേരത്തെ ബഡായി ബംഗ്ലാവിലെ പരിപാടി പോലെ പറഞ്ഞാല്‍ പോരേ.
വാചകമടി വികസനം മാത്രമാണ് കേരളത്തില്‍ നടക്കുന്നതെന്നും വികസന മുന്നേറ്റ ജാഥ കൊണ്ട് ജനങ്ങള്‍ക്ക് പ്രയോജനമില്ലെന്നും ചെന്നിത്തല പറഞ്ഞു. ഐശ്വര്യ കേരള യാത്രയ്‌ക്കെതിരെ നാലു കേസുകളാണ് എടുത്തത്. ജാഥയുടെ വിജയം കണ്ടാണ് കേസ് എടുത്തതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
കോണ്‍ഗ്രസ് പൗരത്വം നടപ്പാക്കില്ല. പൗരത്വ ഭേദഗതിക്ക് എതിരെ സമരം ചെയ്തവര്‍ക്ക് എതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കണം. നാമജപ സമരത്തിന് എതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കണം. യു.ഡി.ഫ് അധികാരത്തില്‍ വന്നാല്‍ ഈ രണ്ടു പ്രതിഷേധത്തിന് എതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കും. പാചക വാതക വില വര്‍ധന പിന്‍വലിക്കണം. സര്‍ക്കാര്‍ ജനങ്ങളെ സഹായിക്കുന്ന നിലപാട് സ്വീകരിക്കണമെന്നും ചെന്നിത്തല പറഞ്ഞു.
ഇന്നത്തെ മന്ത്രിസഭാ യോഗം പിന്‍വാതില്‍ വഴി നിയമിച്ചവരെ സ്ഥിരപ്പെടുത്താനാണെന്നും ഇത് തൊഴില്‍ രഹിതരും റാങ്ക് ലിസ്റ്റിലുള്ളവരുമായ ചെറുപ്പക്കാരോടുള്ള വെല്ലുവിളിയാണെന്നും ചെന്നിത്തല പറഞ്ഞു.
ഈ ഉത്സാഹം നാടിന്റെ വികസന കാര്യത്തില്‍ കാണിച്ചിരുന്നെങ്കില്‍ ഏറെ നല്ല കാര്യങ്ങള്‍ നടക്കുമായിരുന്നു. മുഖ്യമന്ത്രി സമരക്കാരെ വിളിച്ചു സംസാരിക്കണം. സര്‍ക്കാര്‍ ചര്‍ച്ച നടത്തണം. റാങ്ക് ലിസ്റ്റ് കാലാവധി നീട്ടണം. നിയമനങ്ങള്‍ നടത്താന്‍ പുതിയ തസ്തിക സൃഷ്ടിക്കണം.
സംസ്ഥാനത്ത് നടക്കുന്നത് സി.പി.ഐ.എം- ബി.ജെ.പി കൂട്ടുകെട്ടാണെന്ന് ചെന്നിത്തല ആരോപിച്ചു. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ നടത്തുന്ന ജാഥയുടെ പേര് വിജയയാത്ര എന്നാണ്. വിജയനെ സഹായിക്കുന്ന യാത്ര, ചെന്നിത്തല പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക