| Friday, 16th April 2021, 2:04 pm

കേന്ദ്ര സംസ്ഥാന ഏജന്‍സികളുടെ കള്ളനും പൊലീസും കളിയാണ് ഹൈക്കോടതി പൊളിച്ചത്: രമേശ് ചെന്നിത്തല

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: എന്‍ഫോഴ്‌സ്‌മെന്റിനെതിരായ ക്രൈംബ്രാഞ്ച് അന്വേഷണം ഹൈക്കോടതി റദ്ദാക്കിയതിന് പിന്നാലെ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

എല്ലാ അന്വേഷണങ്ങളും അട്ടിമറിക്കുന്നതിന് സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് കാലത്ത് നടത്തിയ പ്രഹസനത്തെയാണ് ഹൈക്കോടതി പൊളിച്ചിരിക്കുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

യഥാര്‍ത്ഥത്തില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളും സംസ്ഥാന ഏജന്‍സികളും കള്ളനും പൊലീസും കളിക്കുകയായിരുന്നെന്നും സി.പി.ഐ.എം – ബി.ജെ.പി ഒത്തു തീര്‍പ്പിന്റെ ഭാഗമായി ജനങ്ങളെ പറ്റിക്കുന്നതിനായിരുന്നു ആ കള്ളക്കളിയെന്നും ചെന്നിത്തല പറഞ്ഞു.

ഒരു അന്വേഷണവും നടക്കരുതെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ ആഗ്രഹം. കേന്ദ്ര ഏജന്‍സികളും ബി.ജെ.പിയും അതിനോട് ചേര്‍ന്ന നിലപാടാണ് സ്വീകരിച്ചത്. കേസന്വേഷണങ്ങളെല്ലാം മരവിപ്പിച്ചു.

യു.ഡി.എഫ് ഇത് ചൂണ്ടിക്കാട്ടുകയും തെരഞ്ഞെടുപ്പില്‍ അത് ചര്‍ച്ചായവുകയും ചെയ്തപ്പോഴാണ് അങ്ങനെയല്ലെന്ന് വരുത്തി തീര്‍ക്കാന്‍ ഇങ്ങനെയൊരു കള്ളക്കളിക്ക് സംസ്ഥാന സര്‍ക്കാര്‍ തയ്യാറായത്.

ഇ.ഡിക്കെതിരെ കേസെടുക്കാനാവില്ലെന്ന് അറിഞ്ഞു കൊണ്ടു തന്നെ തെരഞ്ഞെടുപ്പ് കാലത്ത് അത് ചെയ്തത് ജനങ്ങളെ പറ്റിക്കാനുള്ള രാഷ്ട്രീയ സ്റ്റണ്ട് ആയിരുന്നു.

സി.ആര്‍.പി.സി അനുസരിച്ച് ഇ.ഡിക്കെതിരെ കേസെടുക്കാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനില്ല. ഇത്തരം കള്ളക്കളികള്‍ കൊണ്ടൊന്നും പ്രയോജനമുണ്ടാവില്ലെന്ന് തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ ബോദ്ധ്യമാവുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ഇ.ഡിക്കെതിരായ കേസുകള്‍ ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തില്‍ കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച് ജുഡീഷ്യല്‍ അന്വേഷണമെന്ന പ്രഹസനം സര്‍ക്കാര്‍ തന്നെ പിന്‍വലിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

എന്‍ഫോഴ്‌സ്‌മെന്റിനെതിരായ ക്രൈംബ്രാഞ്ച് അന്വേഷണം റദ്ദാക്കിക്കൊണ്ട് ഇന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്. ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത രണ്ട് എഫ്.ഐ.ആറും ഹൈക്കോടതി റദ്ദാക്കിയിട്ടുണ്ട്.

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ പേരു പറയാന്‍ പ്രതികളെ നിര്‍ബന്ധിച്ചെന്ന് ആരോപിച്ചായിരുന്നു എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രൈംബ്രാഞ്ച് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. ഇ.ഡി ഉദ്യോഗസ്ഥനായ രാധാകൃഷ്ണന്‍ നല്‍കിയ ഹരജിയിലാണ് ജസ്റ്റിസ് വിജി അരുണ്‍ ഉത്തരവ് പുറപ്പെടുവിച്ചത്.

അന്വേഷണ വിവരങ്ങള്‍ ക്രൈംബ്രാഞ്ച് വിചാരണക്കോടതിക്ക് കൈമാറണമെന്ന നിര്‍ദേശവും ഹൈക്കോടതി നല്‍കി. ക്രൈംബ്രാഞ്ച് അന്വേഷണം സ്വര്‍ണക്കടത്ത് കേസില്‍ ഇടപെടാനുള്ള പൊലീസിന്റെ ശ്രമമാണ് എന്നായിരുന്നു ഇ.ഡിയുടെ വാദം.

ഇ.ഡിക്കെതിരെ ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍ അസാധാരണ നിയമ പ്രതിസന്ധി ഉണ്ടാക്കിയിരിക്കുകയാണെന്ന് ഇ.ഡി ഹൈക്കോടതിയില്‍ വാദിച്ചിരുന്നു.

ക്രൈംബ്രാഞ്ച് ഇ.ഡിക്കെതിരേ വ്യാജ തെളിവുകള്‍ ഉണ്ടാക്കിയെടുക്കാന്‍ ശ്രമിക്കുകയാണെന്ന് ഇ.ഡി കോടതിയില്‍ പറഞ്ഞു. നിലവില്‍ നടന്നു കൊണ്ടിരിക്കുന്ന കള്ളപ്പണക്കേസ് അന്വേഷണം വഴിതെറ്റിക്കാനുളള ശ്രമമാണ് നടക്കുന്നതെന്നും ഇ.ഡി ആരോപിച്ചു.

ആദ്യം രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍ കോടതിയുടെ പരിശോധനയില്‍ ഇരിക്കെ വീണ്ടും കേസ് എടുത്തത് കോടതി അലക്ഷ്യമാണെന്നും ഇ.ഡി ചൂണ്ടിക്കാട്ടിയിരുന്നു. തുടര്‍ന്നായിരുന്നു ക്രൈംബ്രാഞ്ച് അന്വേഷണം റദ്ദാക്കിക്കൊണ്ട് ഹൈക്കോടതി ഉത്തരവിട്ടത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Remesh Chennithala Comment On HC Quash crime branch FIR against ED

Latest Stories

We use cookies to give you the best possible experience. Learn more