തിരുവനന്തപുരം: 2014 ല്‍ സിനിമ മേഖലയില്‍ 100 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചിട്ടുണ്ടെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
പ്രതിവര്‍ഷം 125- 150 ചിത്രങ്ങള്‍ സംസ്ഥാനത്ത് റീലീസ് ചെയ്യുന്നതില്‍ പത്തോളം സിനിമകള്‍ മാത്രമാണ് സാമ്പത്തികമായി വിജയിക്കുന്നത്. എന്നാല്‍ അടുത്ത വര്‍ഷം വീണ്ടും ഇതേ നിര്‍മ്മാതാക്കള്‍ സിനിമകള്‍ നിര്‍മ്മിക്കുന്നത് കള്ളപ്പണം വെളുപ്പിക്കുന്നതിന്റെ ഭാഗമാണെന്നാണ് ചെന്നിത്തലയുടെ ആരോപണം.
2014 ല്‍ 150 ചിത്രങ്ങള്‍ പുറത്തിറങ്ങിയപ്പോള്‍ 60 എണ്ണത്തെ കുറിച്ചും യാതൊരു അറിവ് ഇല്ലെന്നും 100 കോടിയുടെ കള്ളപ്പണം ഇതില്‍ വെളുപ്പിച്ചെന്നും ചെന്നിത്തല പറയുന്നു.
വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ട്. എന്നാല്‍ യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലിരിക്കെ ഉണ്ടായ സംഭവത്തില്‍ എന്തുകൊണ്ട് അന്നത്തെ സര്‍ക്കാര്‍ നടപടിയെടുത്തില്ലെന്ന ചോദ്യം ഇതിനകം ഉയര്‍ന്നിട്ടുണ്ട്.
രമേശ് ചെന്നിത്തല ഈ ജൂലൈ 25 നാണ് മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കിയത്. മലയാള സിനിമാ ലോകം മാഫിയകളുടേയും കളളപ്പണക്കാരുടേയും പിടിയില്‍ അമര്‍ന്നിരിക്കുകയാണെന്നും ഇതിന് ഒടുവിലത്തെ ഉദാഹരണമാണ് എറണാകുളത്ത് നടിക്ക് നേരെയുണ്ടായ അതിക്രമമെന്നും ചെന്നിത്തല പറയുന്നു.