തിരുവനന്തപുരം: പെട്രോളിനും ഡീസലിനും എക്‌സൈസ് തീരുവയില്‍ കേന്ദ്രം ഇളവ് പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.
കോണ്‍ഗ്രസ് പാര്‍ട്ടി രാജ്യ വ്യാപകമായി നടത്തിയ തുടര്‍ സമരങ്ങളുടെ ഫലമായിട്ടാണ് കേന്ദ്ര സര്‍ക്കാര്‍ പെട്രോള്‍, ഡീസല്‍ എന്നിവയുടെ വില കുറയ്ക്കാന്‍ തീരുമാനിച്ചതെന്നും ഇത് പ്രതിഷേധിച്ച ജനങ്ങളുടെ വിജയമാണെന്നുമാണ് ചെന്നിത്തല ഫേസ്ബുക്കില്‍ എഴുതിയത്.
‘ശ്രീമതി സോണിയാ ഗാന്ധിയുടെയും, ശ്രീ രാഹുല്‍ ഗാന്ധിയുടെയും നേതൃത്വത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി രാജ്യ വ്യാപകമായി നടത്തിയ തുടര്‍ സമരങ്ങളുടെ ഫലമായി കേന്ദ്ര സര്‍ക്കാര്‍ പെട്രോള്‍, ഡീസല്‍ എന്നിവയുടെ വില കുറയ്ക്കുവാന്‍ തീരുമാനിച്ചിരിക്കുന്നു. ഇത് പ്രതിഷേധിച്ച ജനങ്ങളുടെ വിജയം,’ എന്നായിരുന്നു ചെന്നിത്തല പറഞ്ഞത്.
അതേസമയം, പോസ്റ്റിന് താഴെ വലിയ രീതിയിലുള്ള ട്രോളുകളും വരുന്നുണ്ട്. ഏത് സമരത്തെ കുറിച്ചാണ് താങ്കള്‍ പറയുന്നതെന്നും ഇത് യു.പി-പഞ്ചാബ് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള മോദിയുടെ ഒരു സര്‍ജിക്കല്‍ സ്‌ട്രൈക്ക് മാത്രമെന്ന് മനസ്സിലാക്കാതെയുള്ള പ്രതിപക്ഷത്തിന്റെ പ്രതികരണങ്ങള്‍ ദയനീയമാണെന്നാണ് ഒരു കമന്റ്.
കോണ്‍ഗ്രസിന്റെ ജോജു വീട് ഉപരോധം വന്‍ വിജയം…കോണ്‍ഗ്രസിന് മുന്നില്‍ മുട്ട് മടക്കി മോദി സര്‍ക്കാര്‍ എന്നാണ് മറ്റൊരാള്‍ കുറിച്ചത്.
എറണാകുളം ഡി.സി.സി യുടെ ശക്തമായ പ്രതിഷേധം ഫലം കണ്ടു, മോദി മുട്ടു മടക്കി.
സോണിയാ ഗാന്ധി മാര്‍പ്പാപ്പാവഴി സമ്മര്‍ദ്ദം ചെലുത്തീന്ന കോട്ടയത്ത് അറിഞ്ഞത്, നിങ്ങളെക്കൊണ്ട് ആ പിണറായിയെ കൂടി ഒന്ന് പേടിപ്പിക്കാന്‍ പറ്റുമോ തുടങ്ങിയ കമന്റുകളാണ് പോസ്റ്റിന് താഴെ വരുന്നത്.